പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതെ നോക്കാം
ഇക്കഴിഞ്ഞ മാര്‍ച്ച് ആറാം തീ യതി വൈകുന്നേരമാണ് സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ സ്ഥിരീകരിച്ചെന്ന വാര്‍ത്തയെത്തിയത്. കോവിഡ്-19 ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആളുകളുടെ ആശങ്കയിരട്ടിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ടു കോഴിഫാമുകളില്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനേതുടര്‍ന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലാബില്‍ എത്തി ച്ചു നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനിക്ക് കാരണമായ വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചത്. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ വളര്‍ത്തുപക്ഷികളെയെല്ലാം കൊന്നൊടുക്കുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മലപ്പുറം പരപ്പനങ്ങാടിയിലും രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണവ കുപ്പിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധപ്ര വര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ഇപ്പോഴും തുടരുകയാണ്. മാത്രമല്ല സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദ്ദേശവും നിലവിലുണ്ട്.

സാധാരണഗതിയില്‍ പക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകളിലേറെയും. എന്നാല്‍ സങ്കീര്‍ണമായ ജനിതകമാറ്റങ്ങള്‍ സംഭവിച്ച് പക്ഷികളില്‍ നിന്നു മനുഷ്യരിലേക്കും പന്നിയടക്കമുള്ള മറ്റു മൃഗങ്ങളിലേക്കും പകരാനും രോഗമുണ്ടാക്കാനുമുള്ള ശേഷിയും ഈ വൈറസുകള്‍ക്കുണ്ട്. രോഗബാധയേറ്റ പക്ഷികളുമായും രോഗാണുമലിനമായ സാഹചര്യങ്ങളുമായുമുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗബാധയേറ്റതോ, ചത്തതോ ആയ പക്ഷികളെ മതിയായ സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈകാര്യം ചെയ്യുന്നതുവഴിയുമെല്ലാം മനുഷ്യരില്‍ രോഗബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. രോഗബാധയേറ്റ പക്ഷികളെ കൈ കാര്യം ചെയ്യുന്നതിലൂടെയും കശാപ്പ് നടത്തുന്നതിലൂടെയുമാണ് രോഗം മനുഷ്യരിലേക്കു പടരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയെന്ന് ലോകാ രോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

എന്നാല്‍ കൊറോണ വൈറസ് പോലെയോ, നിപ്പ പോലെ യോ മനുഷ്യരിലേക്ക് അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന ജന്തുരോഗങ്ങളില്‍ ഒന്നല്ല പക്ഷിപ്പനി. മനുഷ്യരിലേക്കുള്ള രോഗവ്യാപനവും മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്കുള്ള പകര്‍ച്ചാ നിരക്കും തുലോം കുറവാണെങ്കിലും രോഗബാധയേറ്റവരില്‍ ജീവാപായസാധ്യത അറുപതു ശതമാനം വരെയാണ്. വളരെ തീവ്രത കൂടിയ ജനിതക മാറ്റങ്ങള്‍ സംഭവിച്ച് പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരിലേക്കു വളരെ വേഗത്തില്‍ വ്യാപിക്കുന്ന മാരക വൈറസുകളായി രൂപം മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലോകാരോഗ്യസംഘടനയും ലോകമൃഗാരോഗ്യസംഘടനയും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി വൈറസുകള്‍ മനുഷ്യരില്‍ കാണുന്ന ഇന്‍ഫ്‌ളുവന്‍സ വൈറസുകളുമായി ചേര്‍ന്ന് പുതിയ ജനിതകഘടനയാര്‍ജിച്ച് (ആന്റിജെനിക് ഷിഫ്റ്റ്) സാര്‍സ് കോവ് 2/കോവിഡ് 19 വൈറസുകളെപ്പോലെ ഒരു ആഗോള മഹാമാരിയായി (പാന്‍ഡെമിക്) മാറിയേക്കാം എന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കിയിട്ടുണ്ട്. ഇതും പക്ഷിപ്പനി വൈറസിന്റെ വ്യാപനം നിയന്ത്രിക്കേണ്ടത് എത്ര പ്രാധാന മാണെന്നത് ഓര്‍മിപ്പിക്കുന്നു.

പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍

പക്ഷികള്‍ കൂട്ടമായി ചാവുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അടുത്ത മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്ന് സുരക്ഷിതമായി സംസ്‌കരിക്കുക എന്നതാണ് ദേശീയ പക്ഷിപ്പനി നിയന്ത്രണ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണമാര്‍ഗം. പറന്നു നടക്കുന്ന രോഗവാഹകരും രോഗബാധിതരുമായ പക്ഷികളേക്കാള്‍ വളര്‍ത്തുപക്ഷികളുമായാണ് മനുഷ്യര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്നത്. അതുകൊണ്ടുതന്നെ വളര്‍ത്തുപക്ഷികള്‍ക്ക് രോഗബാധയേറ്റാല്‍ മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യതയും ഉയരും. ഇതാണ് രോഗമേഖലയില്‍ രോഗസാധ്യതയുള്ള മുഴുവന്‍ വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കാന്‍ പ്രധാന കാരണം. ഒപ്പം അവയുടെ മുട്ട, തീറ്റ, കാഷ്ഠം, ലിറ്റര്‍ അടക്ക മുള്ള മറ്റു ജൈവമാലി ന്യങ്ങള്‍ എന്നിവയും സുരക്ഷിതമായി സംസ്‌കരിക്കണം.

രോഗബാധയേറ്റതോ, ചത്ത തോ ആയ പക്ഷികളുമായി ഏതെ ങ്കിലും രീതിയില്‍ സമ്പര്‍ക്ക മുണ്ടായവര്‍, പക്ഷിക്കാഷ്ഠം വളമായി ഉപയോഗിക്കുന്ന കര്‍ ഷകര്‍, രോഗബാധ നിയന്ത്രണ വുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍, രോഗബാധിത മേഖലകളില്‍ താമസിക്കുന്നവര്‍ എന്നിവരെല്ലാം പ്രത്യേക ജാഗ്രത പുലര്‍ത്തണം.

രോഗം ബാധിച്ചവയെയും ചത്തു വീണ പക്ഷികളെയും കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക്, കൈയുറ, ഏപ്രണ്‍, ഗോഗിള്‍, ഗംബൂട്ട് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഡോക്ടറുടെ ഉപദേശപ്രകാരം പ്രതിരോധമരുന്നുകള്‍ കഴിക്കണം.

രോഗബാധിതമേഖലയില്‍ നിന്നും പക്ഷികളെയും പക്ഷിക ളുടെ തീറ്റ, മുട്ട, മാംസം, ഫാം ഉപക രണങ്ങള്‍ എന്നിവയും, തൂവല്‍, കാഷ്ഠം, ലിറ്റര്‍ അടക്കമുള്ള ജൈവമാലിന്യങ്ങളും മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടു പോവാന്‍ പാടില്ല.

ചുറ്റുവട്ടങ്ങളില്‍ പറന്നു നടക്കുന്ന നാട്ടുപക്ഷികളും കാട്ടുപക്ഷികളും ദേശാടനപക്ഷികളുമെല്ലാം രോഗവാഹകരും രോഗബാധിതരും ആവാന്‍ സാധ്യതയുണ്ട്. വളര്‍ത്തുപക്ഷികളുമായി ദേശാടനപ്പക്ഷികളുടെയും കാട്ടുപക്ഷികളുടെയും സമ്പര്‍ക്കം തടയാന്‍ ഫലപ്രദമായ ജൈവസുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. രോഗം കണ്ടെത്തിയതിനു പത്തുകിലോമീറ്റര്‍ ദൂരപരിധിയിലുള്ള പ്രദേശങ്ങളില്‍ കോഴികളെയും താറാവുകളെയും മറ്റു വളര്‍ത്തുപക്ഷികളെയും അഴിച്ചുവിട്ട് വളര്‍ത്തുന്നത് തത്കാലം ഒഴിവാക്കണം. ദേശാടനകിളികളെയും മറ്റും ആകര്‍ഷിക്കുന്ന തരത്തില്‍ തീറ്റയവശിഷ്ടങ്ങളും മാലിന്യങ്ങളും ഫാമിന്റെ പരിധിയില്‍ നിക്ഷേപിക്കരുത്. ജലപക്ഷികളും ദേശാടനപക്ഷികളും വന്നിറങ്ങാത്ത രീതിയില്‍ ജലസംഭ'രണികളും ടാങ്കുകളും നെറ്റ് ഉപയോഗിച്ച് സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം.

മതിയായ അണുനശീകരണം നടത്തിയതിനു ശേഷം മാത്രമേ തൊഴിലാളികളെയും വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയെ യുമെ ല്ലാം ഫാമിനകത്തേക്കു പ്രവേശി പ്പിക്കാവൂ. അനാവശ്യസന്ദര്‍ശകരെ ഫാമില്‍ അനുവദിക്കരുത്. വ്യക്തിശുചിത്വവും പരിസരശുചി ത്വവും ഏറെ പ്രധാനം. ഗ്ലൂറ്ററല്‍ഡിഹൈഡ് സംയുക്തങ്ങള്‍ അടങ്ങിയ കോര്‍സൊലിന്‍, ലൈസോള്‍, രണ്ടുശതമാനം വീര്യമുള്ള കോസ്റ്റിക് സോഡാ ലായിനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് എന്നിവയെല്ലാം ഫാമില്‍ ഉപയോഗിക്കാവുന്നതും ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ നശിപ്പിക്കുന്നതുമായ മികച്ച അണുനാശിനികളാണ്. വീട്ടില്‍ ഉപയോഗിക്കുന്ന ബ്ലീച്ചിംഗ് പൗഡറും (ഹൗസ് ഹോള്‍ഡ് ബ്ലീച്ച്) പക്ഷിപ്പനി വൈറസുകളെ തടയാന്‍ ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ കലക്കി കൂടും പരിസരവും വൃത്തിയാക്കാം.

ഫാമിലേക്കു പുതിയ പക്ഷികളെ കൊണ്ടുവരുമ്പോള്‍ മുഖ്യഷെഡിലെ പക്ഷികള്‍ക്കൊപ്പം ചേര്‍ക്കാതെ ചുരുങ്ങിയത് മൂന്നാഴ്ചയെങ്കിലും പ്രത്യേ കം മാറ്റി പാര്‍പ്പിച്ച് ക്വാറന്റൈന്‍ നല്‍കേണ്ടത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

എന്താണ് പക്ഷിപ്പനി

പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിരോഗമാണ് ഏവിയന്‍ ഇന്‍ഫ്‌ളു വന്‍സ അഥവാ പക്ഷിപ്പനി. ഓര്‍ ത്തോ മിക്‌സോ എന്ന വൈറസ് കുടുംബത്തിലെ ഏവിയന്‍ ഇന്‍ഫ്‌ളു വന്‍സ എ വൈറസുകളാണ് പക്ഷിപ്പനിക്കു കാരണമാവുന്നത്. വൈറസുകളെ അവയിലടങ്ങിയ പ്രോട്ടീ നുകളുടെ അടിസ്ഥാനത്തില്‍ ഉപയിനങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ എച്ച്- 5എന്‍- 1 (ഒ5ച1) ഏവിയന്‍ ഇന്‍ഫ്‌ളു വന്‍സ വൈറസുകളാണ് ഇപ്പോള്‍ കോഴിക്കോടും മലപ്പുറത്തും രോഗ കാരണമായത് എന്നാ ണു നിഗമനം.

ഇതിനു മുമ്പ് സംസ്ഥാനത്ത് പക്ഷിപ്പനി കണ്ടെത്തിയത് 2014-ലും 2016-ലും ആലപ്പുഴയിലായിരുന്നു. അന്ന് ആയിരക്കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങിയെന്നു മാത്രമല്ല രോഗ നിയന്ത്രണത്തിനായി ലക്ഷക്കണ ക്കിന്‌വളര്‍ത്തു പക്ഷികളെ കൊന്നൊ ടുക്കുകയും ചെയ്തിരുന്നു. തണ്ണീര്‍തടയോരത്തെ തണുപ്പുതേടി മറുനാടുകളില്‍ നിന്നു കുട്ടനാട്ടിലെ തകഴിയിലും കൈനകരിയിലും പറന്നെത്തിയ ദേശാടനപക്ഷികളായിരുന്നു അന്ന് ആലപ്പുഴയില്‍ പക്ഷിപ്പനി പടര്‍ത്തിയത്. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ ഒഡീഷയിലെ ഭൂവനേ ശ്വറില്‍ പക്ഷിപ്പനി സ്ഥിരീക രിച്ചിരുന്നു. എച്ച്-5എന്‍-1 ഇനം വൈറ സുകള്‍ തന്നെയായിരുന്നു ഇവിടെ യും രോഗമുണ്ടാക്കിയത്.
രോഗവ്യാപനം എങ്ങനെ ?

ഇന്‍ഫ്‌ളുവന്‍സ വൈറസുകളെ ശരീരത്തില്‍ വഹിച്ചു പറക്കുന്ന ദേശാടനപ്പക്ഷികളും കാട്ടുപക്ഷികളുമെല്ലാം ഏറെയുണ്ട്. വാഹകരായ പക്ഷികളുടെ ശ്വാസ, അന്നനാളങ്ങളിലാണ് വൈറസുകള്‍ വാസമുറപ്പിക്കുക. വൈറസിന്റെ വ്യാപനത്തിലും നിലനില്‍പ്പിലും പരിണാമത്തിലും എല്ലാം വലിയ പങ്കുവഹിക്കുന്ന വാഹകരായ ഈ പക്ഷികളില്‍ വൈറസുകള്‍ സാധാരണ രോഗമുണ്ടാക്കില്ല. എന്നാല്‍ ശരീരസമ്മര്‍ദ്ദമുണ്ടാകുന്ന സാഹചര്യങ്ങളില്‍ (ഉദാഹരണം വരള്‍ച്ച, തീറ്റ ദൗര്‍ലഭ്യം, മറ്റ് അപകടങ്ങള്‍) ഈ വാഹകപക്ഷികളിലും വൈറസ് രോഗമുണ്ടാവാന്‍ സാധ്യതയുണ്ട്. രോഗവാഹകരും രോഗബാധിതരുമായ പക്ഷികള്‍ അവയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങളിലൂടെയും കാഷ്ഠത്തിലൂടെയും വൈറസിനെ ധാരാളമായി പുറന്തള്ളും. ഈ പക്ഷികാഷ്ഠത്തില്‍ വന്നിരി ക്കുന്ന ചിലയിനം ഈച്ചകള്‍ ക്കും മറ്റു പക്ഷികളിലേക്കു രോഗം പടര്‍ത്താന്‍ കഴിയും. കോഴികള്‍, താറാവുകള്‍, കാടകള്‍, ടര്‍ക്കികള്‍, വാത്തകള്‍, പ്രാവുകള്‍ തുടങ്ങി ഓമനപക്ഷികള്‍ അടക്കമുള്ള വളര്‍ത്തുപക്ഷികളെയെല്ലാം ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസുകള്‍ ബാധിക്കും. വൈറസ് ബാധയേല്‍ക്കുന്ന ചില പക്ഷികള്‍ (കോഴി, കാട, ടര്‍ക്കി ഒഴികെ) രോഗലക്ഷണങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ വൈറസിന്റെ നിത്യവാഹകരായി മാറാനും ഇടയുണ്ടെന്ന് നിരീക്ഷണങ്ങളുണ്ട്. അതോടെ രോഗനിയന്ത്രണം സങ്കീര്‍ണമാവും. കുറ ഞ്ഞതാപനിലയില്‍ ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള കഴിവും പക്ഷിപ്പനി വൈറസുകള്‍ക്കുണ്ട്. രോഗലക്ഷണങ്ങളും പകര്‍ച്ചാനിരക്കും രോഗതീവ്രതയും മരണനിരക്കുമെല്ലാം വൈറസിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. ഇന്‍ഫ്‌ളുവന്‍സ വൈറസ് ഗ്രൂപ്പിലെ എച്ച്-5എച്ച്-7 ഉപഗണത്തില്‍പ്പെട്ട വൈറസുകളാണ് പക്ഷികളില്‍ ഏറ്റവും മാരകം. തീവ്രത കുറഞ്ഞ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസ് ബാധയില്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും സ്രവമൊലിക്കല്‍, ശ്വാസതടസം, മുട്ടയുത്പാദനം കുറയല്‍ തുടങ്ങിയ ലക്ഷണങ്ങളാണ് പക്ഷികള്‍ പ്രകടിപ്പിക്കുക. എന്നാല്‍ അതിതീവ്ര വൈറസ് ബാധയില്‍ പച്ചകലര്‍ന്ന വയറിളക്കം, തലയും, പൂവും, താടയുമെല്ലാം വീങ്ങി നീലനിറമാവല്‍, ശ്വാസമെടുക്കാനുള്ള പ്രയാസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചശേഷം ഒന്നോ രണ്ടോ ദിവസത്തിനകം പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങും. ലക്ഷണങ്ങള്‍ ഏതെങ്കിലും പ്രകടമാവുന്നതിനു മുമ്പുതന്നെ പക്ഷികള്‍ കൂട്ടമായി ചത്തുവീഴാനും അതിതീവ്ര വൈറസ് ബാധയില്‍ സാധ്യത യുണ്ട്. ഏതെങ്കിലും രീതിയില്‍ പക്ഷിപ്പനി വൈറസ് രോഗമേഖലയില്‍ നിന്നും പുറത്തേക്കു വ്യാപിച്ചാല്‍ നിയന്ത്രണം അതീവ ദുഷ്‌കരമാവും. മാത്രമല്ല സംസ്ഥാനത്തിന്റെ പക്ഷിവളര്‍ത്തല്‍ മേഖലയുടെ തന്നെ നടുവൊടിയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പക്ഷിപ്പനി വൈറസിന്റെ വ്യാപനം തടയാനുള്ള ദ്രുതനടപടികള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.

കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

പക്ഷിപ്പനി മൂലം ചാവുകയും കൊല്ലേണ്ടി വരികയും ചെയ്ത കോഴികളുടെയും താറാവുകളുടെയും ഉടമസ്ഥര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കും. രണ്ടുമാസ ത്തിലധികം പ്രായമായ പക്ഷികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെയുള്ള പക്ഷികള്‍ക്ക് 100 രൂപയും നഷ്ടപരിഹാരമായി അനുവദിക്കും. രോഗ ബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് അഞ്ചു രൂപ നിരക്കിലും നഷ്ട പരിഹാരം നല്‍കും. അതാത് മൃഗാശുപത്രികള്‍ കണക്കെടുത്താണ് നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കുന്നത്. രണ്ടു രീതിയിലാണ് ഇതു ചെയ്യുന്നത.് ആദ്യ രണ്ടുദിവസം മൃഗസംരക്ഷണ വകുപ്പധികൃതര്‍ പ്രദേശത്തെത്തി മൃഗങ്ങളുടെയും പക്ഷികളുടെയും കണക്കെടുക്കും. ഇത്തരത്തില്‍ കണക്കില്‍പെടുന്നവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. രണ്ടാം ഭാഗമായി ആരെങ്കിലും പക്ഷികളെ ഒളിപ്പിച്ചിട്ടുണ്ടെങ്കില്‍ പിടിച്ചെടുത്തു നശിപ്പിക്കും. ഇത്തരത്തില്‍ ഒളിപ്പിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല.

തുടര്‍നടപടികള്‍ ഇങ്ങനെ

ആദ്യഘട്ടനടപടികള്‍ പൂര്‍ത്തീകരിച്ചതിനുശേഷം രോഗത്തിന്റെ പ്ര'ഭവ കേന്ദ്രത്തിന് ഒരു കിലോമീറ്ററിന് പുറത്ത് പത്തു കിലോമീറ്റര്‍ പരിധിയിലുള്ള നിരീക്ഷണമേഖലയില്‍ നിന്നും മൂന്നുമാസത്തോളം തുടര്‍ച്ചയായി രണ്ടാഴ്ചത്തെ ഇടവേളകളില്‍ സാമ്പിളുകള്‍ ശേഖരിച്ച് മൃഗസംരക്ഷണവകുപ്പ് പരിശോധനകള്‍ നടത്തും. വൈറസ് സാന്നിധ്യം ഉണ്ടോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണിത്. ഇതിന്റെ ഫലങ്ങള്‍ പൂര്‍ണമായും നെഗറ്റീവ് ആയാല്‍ മാത്രമേ പ്രസ്തുത പ്രദേശം പക്ഷിപ്പനി വിമുക്തമെന്ന് പ്രഖ്യാപിക്കുകയുള്ളൂ. ഈ മൂന്നുമാസത്തെ കാലയളവില്‍ രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഒരുതരത്തലുള്ള പക്ഷികളെയും വളര്‍ത്താന്‍ അനുവദിക്കില്ല. രോഗം കണ്ടെത്തിയതിന് ഒരു കിലോമീറ്റര്‍ പുറത്ത് പത്തു കിലോമീറ്റര്‍ വരെയുള്ള നിരീക്ഷണമേഖലയില്‍ ഈ കാലയളവില്‍ നിലവിലുള്ള പക്ഷികളെ വളര്‍ത്താനും വില്‍ക്കാനും അനുവദിക്കുമെങ്കിലും ഇവിടെനിന്നും പക്ഷികളെ പുറത്തേക്കു കൊണ്ടുപോവാനോ ഇവിടേക്ക് പുറത്തുനിന്നും പക്ഷികളെ കൊണ്ടുവരുവാനോ അനുവദിക്കില്ല. ഇവിടെനിന്നുള്ള മുട്ട, തീറ്റ, തീറ്റ ച്ചാക്കുകള്‍, ഫാമിലെ ഉപകരണങ്ങള്‍, കാഷ്ഠം, തൂവല്‍, ലിറ്റര്‍ അടക്കമുള്ള ജൈവമാലിന്യങ്ങള്‍ തുടങ്ങിയവയും പുറത്തേക്കു കൊണ്ടു പോവുന്നത് ഒഴിവാക്കണം.

കോഴിമുട്ടയോ ഇറച്ചിയോ കഴിക്കാമോ?

പക്ഷിപ്പനി 'ഭീതി പടര്‍ന്നതോടെ കോഴിയിറച്ചിയുടെയും മുട്ടയുടെയും വിലയും വിപണിയും ഇടിഞ്ഞെന്നാണ് കോഴിവിപണിയില്‍ നിന്നുമെത്തുന്ന വാര്‍ത്ത. എന്നാല്‍ മതിയായി വേവിച്ച മുട്ടയോ ഇറച്ചിയോ കഴിക്കുന്നതില്‍ ഭീതിയൊന്നും വേണ്ട എന്നതാണ് വസ്തുത. കാരണം 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനകം വൈറസുകള്‍ നശിക്കും. ഇറച്ചി പാകം ചെയ്യുമ്പോള്‍ അതിന്റെ എല്ലാ ഭാഗവും നന്നായി വെന്തെന്ന് ഉറപ്പാക്കുക. നന്നായി വെന്താല്‍ കോഴിയിറച്ചിയുടെ പിങ്ക് നിറം മാറും. പച്ചമുട്ടയും പാതിവെന്ത ഇറച്ചിയും മുട്ടയും കഴിക്കുന്നത് ഒഴിവാക്കണം. മുന്‍കരുതല്‍ എന്ന നിലയില്‍ പച്ചമാംസം കൈകാര്യം ചെയ്യുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ചു കഴുകി വൃത്തിയാക്കുക.

രോഗമേഖലയില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്യുമ്പോള്‍ അറിയാതെ വൈറസുകളുമായും സമ്പര്‍ക്കം ഉണ്ടാവാനിടയുണ്ട്. ഈയൊരു സാധ്യതയുള്ളതിനാല്‍ രോഗ മേഖലകളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും ഒഴിവാക്കണം. രോഗമേഖലയില്‍ പക്ഷിവിപണനത്തിന് സര്‍ക്കാര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ഇറച്ചിയും മുട്ടയും നന്നായി വേവിച്ചു കഴിക്കുന്നതില്‍ പ്രശ്‌നമില്ല.

മുട്ടത്തോടും മുട്ടയുടെ വെള്ളയും മഞ്ഞയും ഒന്നുംതന്നെ പക്ഷിപ്പനി വൈറസ് ബാധയില്‍ നിന്നും മുക്തമല്ല. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചാലും വൈറസിന് പോറലുകളൊന്നു മേല്‍ക്കില്ല. നാലു ഡിഗ്രി താപനിലയില്‍ ഒരുമാസത്തിലധികവും 32 ഡിഗ്രി താപനിലയില്‍ ഒരാഴ്ചയോളം നിലനില്‍ക്കാന്‍ പക്ഷിപ്പനി വൈറസിനു ശേഷിയുണ്ട്. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് മുട്ടത്തോടില്‍ കാഷ്ഠം പറ്റിയിട്ടുണ്ടെങ്കില്‍ സോപ്പ് ഉപയോഗിച്ച് വെള്ള ത്തില്‍ കഴുകി വൃത്തിയാക്കുക. കൈകളും ഇപ്രകാരം തന്നെ ശുചിയാക്കണം.

ഡോ. മുഹമ്മദ് ആസിഫ് എം.
ഡയറി കണ്‍സള്‍ട്ടന്റ്
ഫോണ്‍: ഡോ. മുഹമ്മദ് ആസിഫ്- 94951 87522.