പശുക്കളിലെ അകിടുവീക്കത്തെ സൂക്ഷിക്കുക
പശുക്കളിലെ അകിടുവീക്കത്തെ സൂക്ഷിക്കുക
Tuesday, August 18, 2020 3:56 PM IST
രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലെ പ്രധാനവരുമാന മാര്‍ഗ ങ്ങളിലൊന്നാണ് കാലിവളര്‍ത്തല്‍. എന്നാല്‍ അകിടു വീക്കം പാലുത്പാദനത്തെയും ക്ഷീരകര്‍ഷകരുടെ നിലനില്‍പ്പിനെയും ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഒരു വര്‍ഷത്തെ പാലുത്പാദനത്തില്‍ ഇത് പതിനഞ്ചു ശതമാനം വരെ കുറവുണ്ടാക്കുന്നു. പാലിലെ കൊഴുപ്പും കൊഴുപ്പിതര ഘടകങ്ങളും കുറയുന്നതിനാല്‍ വിലയും കുറയുന്നു.

സാധാരണ അകിടുവീക്ക ബാധയേറ്റ പശുക്കള്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇവയെ ചികിത്സിക്കാന്‍ എളുപ്പമാണ്. പക്ഷേ പുറമേ ലക്ഷണങ്ങളൊന്നും കാണാത്ത സബ്ക്ലിനിക്കല്‍ അകിടു വീക്കം ബാധിച്ച പശുക്കളെ കര്‍ഷകര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇവയ്ക്ക് കൃത്യമായ ചികിത്സ കിട്ടാറില്ല. പാലില്‍ അസ്വാഭാവിക മണമോ, രുചിയോ, നിറവ്യത്യാസമോ ഇല്ലാത്തതാണ് ഇതിനു കാരണം. ഇത്തരം പശുക്കളുടെ പാലുത്പാദനവും പാലിന്റെ ഗുണനിലവാരവും കുറയും. കൂട്ടത്തിലുള്ള മറ്റു പശുക്കള്‍ക്കും കറവക്കാരനിലൂടെ ആ പ്രദേശത്തെ മറ്റു പശുക്കള്‍ക്കും രോഗബാധയുണ്ടാകുന്നു. ലോകമെമ്പാടുമുള്ള അമ്പതു ശതമാനം പശുക്കളെ അകിടു വീക്കം ബാധിക്കുന്നു. ഭാരതത്തില്‍ 50 വര്‍ഷം കൊണ്ട് നൂറ്റിപതിനഞ്ച് മടങ്ങ് ഈ രോഗബാധ വര്‍ധിച്ചതായാണ് കണക്കുകള്‍. ഇതില്‍ എഴുപത്തഞ്ചു ശതമാനവും സബ് ക്ലിനിക്കല്‍ അകിടുവീക്കമാണ്. ആലപ്പുഴ കെവികെ മൂന്നു മുതല്‍ ആറു മാസം വരെ കറവയുള്ള സങ്കരയിനം പശുക്കളില്‍ നടത്തിയ പരിശോധനയില്‍ 90 ശതമാനം പശുക്കളിലും സബ്ക്ലിനിക്കല്‍ അകിടുവീക്കമുള്ളതായി കണ്ടെത്തി.

നാല് മുലക്കാമ്പുകളില്‍ നിന്നും ആദ്യ വലിയില്‍ വരുന്ന പാല്‍ ഒഴിവാക്കി, തുടര്‍ന്നു വരുന്ന പാല് രോഗം കണ്ടെത്താനായി നാലറകളുള്ള പാത്രത്തില്‍ (പാഡില്‍) ഒഴിക്കുന്നു. ഓരോ അറയിലും രണ്ടു മില്ലി വീതം നാലുമുലക്കാമ്പില്‍ നിന്നു കറന്നൊഴിച്ചു. ഓരോ അറയിലും ഒഴിക്കുന്ന പാല് ഏതു മുലക്കാമ്പില്‍ നിന്നുള്ളതാണെന്നു കൂടി ഓര്‍ത്തി രിക്കണം. സാധാരണയായി അകിടി ന്റെ ഏതെങ്കിലും ഒരു ഭാഗത്തുമാത്രം അണുബാധയുണ്ടാവുമ്പോഴാണ് സബ് ക്ലിനിക്കല്‍ അകിടുവീക്ക മുണ്ടാവുന്നത്. അതു തിരിച്ചറിയാന്‍ വേണ്ടിയാണ് നാലു മുലകളിലുമുള്ള പാല് വെവേറെ പരിശോധിക്കുന്നത്. ഇതിലെ ഓരോ അറയിലേക്കും രണ്ടു മില്ലി റീയേജന്റ് ലായനി ചേര്‍ത്തു യോജിപ്പിച്ചു. 10 സെക്കന്റിനുള്ളില്‍ സബ്ക്ലിനിക്കല്‍ അകിടുവീക്കമുള്ള പശുക്കളുടെ പാല്‍ ജെല്‍ രൂപത്തി ലായി. ചാണകമോ രോമമോ പുറത്തു നിന്നുള്ള വസ്തുക്കളോ ഈ ടെസ്റ്റിനെ ബാധിക്കുന്നില്ലെന്നതാണ് പ്രത്യേകത. ഇത് ചെലവു കുറ ഞ്ഞതും വേഗത്തില്‍ ചെയ്യാവുന്ന തുമാണ്. പ്രസവശേഷം പത്തു ദിവസത്തിനുള്ളിലും കറവ വറ്റാറായ പശുക്കളിലും ഈ ടെസ്റ്റ് നടത്തരുത്.

പ്രതിവിധി

ക്ഷാരാംശമുള്ള പാലിലാണ് രോഗാണുക്കള്‍ കാണുന്നതും പെരു കുന്നതും. പരിശോധനയില്‍ ഫലം പോസിറ്റീവാ ണെങ്കില്‍ ട്രൈസോ ഡിയം സിട്രേറ്റ് എന്ന മരുന്ന്, ഒരു കിലോഗ്രാം ശരീരഭാരത്തിന് 30 മില്ലിഗ്രാം എന്ന നിരക്കില്‍ ഏഴു ദിവസം വരെ നല്‍കണം. 350 കിലോഗ്രാം ഭാരമുള്ള ഒരു പശുവിന് 10 ഗ്രാം മരുന്നാണ് ഒരു ദിവസം ആവശ്യമുള്ളത്. ഈ ചികിത്സ നല്‍കി 20-ാം ദിവസം രോഗാണുക്കള്‍ അപ്രത്യക്ഷമായതായി പരീക്ഷണത്തില്‍ കണ്ടെത്തി. പാലുത്പാദന ത്തില്‍ ഒരു ലിറ്റര്‍ വരെ വര്‍ധനവ് ലഭിച്ചതായും കണ്ടെത്തി. ജെല്‍ രൂപപ്പെടുന്നത് അണുബാധയുടെ തീവ്രതയനുസരിച്ചായതിനാല്‍ ലായനി ചേര്‍ത്തയുടന്‍ തന്നെ കട്ടിയുള്ള ജെല്‍ രൂപപ്പെടുന്നവയ്ക്കു ചിലപ്പോള്‍ ആന്റി ബയോട്ടിക്ക് ചികിത്സ നല്‍കേണ്ടിവരും.


പ്രതിരോധ /നിയന്ത്രണ മാര്‍ഗങ്ങള്‍

* തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
* അണുനാശിനികൊണ്ട് തൊഴുത്തുദിവസവും കഴുകണം.
* ശാസ്ര്തീയ കറവ രീതി അവലംബിക്കണം.
* കറക്കുന്നതിനു മുമ്പ് അകിട് ഏതെങ്കിലും വീര്യം കുറഞ്ഞ അണുനാശിനികൊണ്ട് കഴുകണം. ഇതിനായി ഒരുഗ്രാം പൊട്ടാസ്യം പെര്‍മാംഗനേറ്റ് ഒരുലിറ്റര്‍ വെള്ള ത്തില്‍ കലക്കി ഉപയോഗിക്കാം.
* നീളംകുറഞ്ഞ മുലക്കാമ്പുകള്‍ തള്ളവിരലുകള്‍ ഉപയോഗിച്ചും നീളം കൂടിയവ ഉള്ളംകൈയിലൊതുക്കിയും കറക്കണം. തള്ളവിരല്‍ മടക്കി കറക്കു മ്പോള്‍ വിരലിന്റെ മുട്ട് മുലഞെട്ടില്‍ കൊള്ളരുത്.
* അകിടുവീക്കം ബാധിച്ചിട്ടില്ലാത്ത പശുക്കളെ കറന്നതിനുശേഷം വേണം രോഗമുള്ള പശുവിനെ കറക്കാന്‍.
* കറവയ്ക്കു ശേഷം മുലക്കാമ്പുകള്‍ അണുനാശിനി ലായനിയില്‍ മുക്കു ന്നത് അഭികാമ്യം. ഇതിനായി അണുനാശിനി നിറച്ച ടീറ്റ് ഡിപ്പ് കപ്പ് ഉപയോഗിക്കാം.
* കറക്കുന്നയാള്‍ കറവയ്ക്കു മുമ്പ് കൈകള്‍ സോപ്പോ, പൊട്ടാസ്യം പെര്‍മാംഗനേറ്റോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

പശുക്കളുടെ കറവ വറ്റിയതിനു ശേഷം മുലക്കാമ്പിലൂടെ ആന്റി ബയോട്ടിക്ക് കടത്തിയുള്ള ചികിത്സ അടുത്ത പ്രസവത്തില്‍ അകിടുവീക്കം വരാനുള്ള സാധ്യത കുറയ്ക്കും.

പരിശോധന കിറ്റ് എല്ലാ ക്ഷീര സംഘങ്ങളും ക്ഷീരകര്‍ ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം കര്‍ഷകരും ഇതുപയോഗിക്കുന്നില്ല. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യേണ്ട ഈ ടെസ്റ്റു ചെയ്യാന്‍ വെറും രണ്ടു മിനിറ്റു മതി. ഇതിനു വിമുഖത കാണിക്കുന്ന കര്‍ഷകര്‍ പാലുത്പാദനക്കുറവിന് പശുവിനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ. ഫോണ്‍: 9447790268, 0479 2959268, 2449268.

ഡോ. എസ്. രവി, ഡോ. പി. മുരളീധരന്‍
കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ