35 വർഷമായി ശശിധരന് മുഖ്യം ചീരകൃഷി
Tuesday, October 15, 2024 12:47 PM IST
കണ്ണൂർ പെരളം കരിവെള്ളൂർ കുണിയനിൽ താമസിക്കുന്ന വി. ശശിധരൻ നെല്ല് ഉൾപ്പെടെ എല്ലാത്തരം കൃഷിയിലും ഏർപ്പെടുമെങ്കിലും ഒരാണ്ടൻ ചീരകൃഷി മുടങ്ങാതെ ചെയ്തു തുടങ്ങിയിട്ട് 35 വർഷമായി.
സ്വന്തമായി സൂക്ഷിക്കുന്ന വിത്ത് ഉപയോഗിച്ചാണു കൃഷി. ഏപ്രിൽ, മേയ് മാസങ്ങളിൽ നിലം ഒരുക്കും. ഈ സമയത്ത് ചീരയ്ക്കു കാര്യമായ രോഗകീട ബാധകൾ ഉണ്ടാകാറില്ല. രണ്ടാം വിളയ്ക്കു ശേഷം പാടത്തും തെങ്ങിൻ ചുവട്ടിലും കൃഷി ചെയ്യും.
ചുവപ്പും പച്ചയും ചീരകൾ കൃഷി ചെയ്യുന്നുണ്ടെങ്കിലും ചുവപ്പിനാണ് ഡിമാൻഡ്. നിലം നന്നായി കിളച്ചു മണ്ണ് പരുവപ്പെടുത്തി തറകൾ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിൽ കോഴിവളം, ചാണകം, ചാരം എന്നിവ മിക്സ് ചെയ്തു ചേർക്കും.
അതിൽ നേരത്തെ മുളപ്പിച്ച ചീര വിത്ത് വിതറും. വിത്ത് വെള്ളത്തിലിട്ടു 4 മണിക്കൂർ കുതിർത്തശേഷം 7 മണിക്കൂർ തുണിയിൽ കെട്ടിവച്ചാണു മുളപ്പിക്കുന്നത്. മുള വന്ന വിത്ത് ഉപയോഗിക്കുന്നതിനാൽ ഉറുന്പ് ശല്യം ഉണ്ടാകാറില്ല.
ഒരാഴ്ച കഴിയുന്പോൾ ഗോമൂത്രം നേർപ്പിച്ച് സ്പ്രേ ചെയ്യും. 15 ദിവസത്തിനുശേഷം വീണ്ടും ഗോമൂത്രം നേർപ്പിച്ച് ദിവസവും വൈകുന്നേരവും രാവിലെയും തളിക്കും. ഇതുവഴി പുള്ളിക്കുത്തോ കീടങ്ങളുടെയോ ശല്യമോ ഉണ്ടാകാറില്ല.
ഓരോ ആഴ്ചയിലും ഇടവിട്ടാണു വളം നൽകുന്നത്. ചാണകത്തൊടൊപ്പം കടലപ്പിണ്ണാക്ക് പുളിപ്പിച്ച് അതിന്റെ തെളിയെടുത്ത് സ്പ്രേ ചെയ്താൽ വലിയ ഇലകളോടുകൂടി ചീര ലഭിക്കും. ഒരാണ്ടൻ ചീര സ്വാദിഷ്ടവും കാണാൻ ഭംഗിയുള്ളതുമാണ്. ഒ
രു കെട്ടിന് 25 രൂപ (ഏകദേശം 850 ഗ്രാം) പ്രകാരം ഇക്കോഷോപ്പുകൾക്കാണ് വിൽക്കുന്നത്. വിത്ത് ഗ്രാമം പദ്ധതിയിൽ കുണിയൻ പുഴയോരത്ത് 80 ഏക്കർ വരുന്ന പാടത്ത് ഉമ വിത്ത് വിതച്ച് 83 ക്വിന്റൽ വിത്ത് കൃഷി വകുപ്പിന് നൽകിയതിലും ശശിധരന്റെ പങ്ക് വലുതായിരുന്നു.
വിത്തിന് കിലോയ്ക്ക് 38 രൂപ പ്രകാരമാണ് വിറ്റത്. 70000 രൂപയുടെ വൈക്കോലും വിറ്റു. ഇതുവഴി കർഷകർക്ക് മൊത്തം 5 ലക്ഷം രൂപയോളം സമാഹരിക്കാനായെന്ന് കുട്ടൻവഴി പാടശേഖര കമ്മിറ്റി പറയുന്നു.
രാസവളമോ രാസകീടനാശിനികളോ ഉപയോഗിക്കാതെ തികച്ചും ജൈവ രീതിയിലായിരന്നു കൃഷി. 20 വയസിലാണ് ശശിധരൻ കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ, സാക്ഷരത പദ്ധതിയിൽ രാത്രി പാഠശാലയിൽ ചേർന്ന് പത്താം ക്ലാസും പാസായി.
ഭാര്യ തങ്കമണിയാണ് പ്രധാനസഹായി. രണ്ട് ആണ്മക്കൾ. അവർ ജോലിക്കാരാണ്.
ഫോണ്: 9496463737