Saturday, June 19, 2021 12:19 AM IST
കേരളത്തിലെ ഏറ്റവും പ്രമുഖ കലാലയങ്ങളിലൊന്നായ ചങ്ങനാശേരി സെന്റ് ബെർക്ക്മാൻസ് കോളജ് സ്ഥാപിച്ചിട്ടു നൂറു വർഷം തികയുന്നു. 1922 ജൂണ് 19ന് പ്രവർത്തനം ആരംഭിച്ച കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ ആരംഭിക്കുന്ന ഈ സുദിനം, എന്നെപ്പോലുള്ള പൂർവ വിദ്യാർഥികൾക്കും ഇപ്പോൾ പഠിക്കുന്നവർക്കുംഅഭിമാനത്തിന്റെയും ആഹ്ളാദത്തിന്റെയും അവസരമാണ്. തന്റെ പരിലാളനത്തിനും ശിക്ഷണത്തിനും വന്നവർക്കെല്ലാം ഉദാത്തമായ ജീവിത ദർശനവും മികച്ച പരിശീലനവും നിഷ്കളങ്കമായ സ്നേഹവും നൽകി അനുഗ്രഹിച്ച കലാലയ മുത്തശിക്ക് എന്റെ നന്ദിയും ആദരവും നിറഞ്ഞ പ്രണാമം.
ഇൻറ്റർമീഡിയറ്റ് കോഴ്സിന്റെ മൂന്നാം ഗ്രൂപ്പിൽ, 125 വിദ്യാർഥികളും ആറ് അധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച എസ്ബി കോളജിൽ ഇപ്പോൾ 17 ഡിഗ്രി കോഴ്സുകളും 19 ബിരുദാനന്തര ബിരുദ കോഴ്സുകളുമുണ്ട്. കൂടാതെ മൂന്ന് ഡിപ്പാർട്ട്മെന്റുകളിൽ എംഫിൽ പ്രോഗ്രാമും പത്ത് ഡിപ്പാർട്ട്മെന്റുകളിൽ പിഎച്ച്ഡി പ്രോഗ്രാമും നടക്കുന്നു. 1922 ൽ മദ്രാസ് യൂണിവേഴ്സിറ്റിയുമായും 1938 ൽ ട്രാവൻകൂർ യൂണിവേഴ്സിറ്റിയുമായും 1957 ൽ കേരള യൂണിവേഴ്സിറ്റിയുമായും 1983 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുമായും അഫിലിയേറ്റ് ചെയ്യപ്പെട്ട എസ്ബി കോളജ് 2014 മുതൽ ഒരു ഓട്ടോണമസ് കോളജ് ആണ്.
കേരളത്തിലെ ഓട്ടോണമസ് കോളജുകളുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനം ലഭിച്ച ഞങ്ങളുടെ മാതൃകലാലയം ഒരു ’മികവിന്റെ കേന്ദ്രം’ ആണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മികവ് എന്നു പറയുന്നതു കേവലം കാര്യക്ഷമതയോ ഭൗതികനേട്ടങ്ങളോ അല്ല. മൂല്യബോധവും ആദർശനിഷ്ഠയും തിരസ്കരിച്ചു നേടിയെടുക്കുന്ന കാര്യക്ഷമതയും ഭൗതികനേട്ടവും മികവിന്റെ ലക്ഷണങ്ങളല്ല. ലക്ഷ്യം നേടാൻ മൂല്യബോധം നഷ്ടപ്പെടാതെ സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും പാതയിലൂടെ മാത്രം സഞ്ചരിച്ചുകൊണ്ടു കാര്യക്ഷമതയും ഭൗതികനേട്ടങ്ങളും കൈവരിക്കുന്നതാണു യഥാർഥത്തിൽ മികവ്. അപ്രകാരമുള്ള മികവിന്റെ കേന്ദ്രമാണ് എസ്ബി കോളജ് എന്നു പറയുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്.
അംഗീകാരങ്ങൾ നിരവധി
ഒരു വിദ്യാഭ്യാസസ്ഥാപനമെന്ന നിലയിൽ ദേശീയ, അന്തർദേശീയതലങ്ങളിൽ എസ്ബി കോളജിനു ലഭിച്ചിട്ടുള്ള അംഗീകാരങ്ങളും പുരസ്കാരങ്ങളും കോളജിന്റെ അസൂയാവഹമായ വളർച്ചയുടെയും സമാനതകളില്ലാത്ത നേട്ടങ്ങളുടെയും തെളിവുകളാണ്. സിലബസിനുസരിച്ചുള്ള പഠനത്തിനുപുറമേ, സർഗാത്മക പ്രവർത്തനങ്ങളുടെ കാര്യത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോളജിൽനിന്നു ലഭിച്ച അസാധാരണമായ പിന്തുണയും പ്രോത്സാഹനവും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അവരെ സഹായിച്ചു.
വിശേഷാവസരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട നിരവധിയായ ശാസ്ത്രസെമിനാറുകളും ശാസ്ത്ര- വ്യവസായ പ്രദർശനങ്ങളും വിദ്യാർഥികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും അവരുടെ സംഘാടനശേഷി വർധിപ്പിക്കുന്നതിനും അവസരമൊരുക്കി. ലോകപ്രശസ്തരായ പണ്ഡിതരുടെ പ്രഭാഷണങ്ങൾ കോളജിൽ നടന്നപ്പോൾ അധ്യാപകരുടെയും വിദ്യാർഥികളുടെയും അറിവിന്റെ ചക്രവാളം വികസിക്കുക മാത്രമല്ല സംഭവിച്ചത്. ഒരു കലാലയ കാന്പസിൽ ഉണ്ടായിരിക്കേണ്ട ബൗദ്ധികാന്തരീക്ഷം നിലനിർത്തുന്നതിനും അവ സഹായിച്ചു.
തിളങ്ങിയ പ്രതിഭകൾ
കായികരംഗത്ത്, വിശിഷ്യ ബാസ്കറ്റ്ബാൾ, ഹോക്കി എന്നിവയിൽ കോളജിനുണ്ടായ നേട്ടങ്ങൾ സ്മരണീയമാണ്. കലാ കായിക സാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ച്, കോളജിന് പ്രശസ്തി സന്പാദിച്ച ധാരാളം പ്രതിഭാശാലികൾ ഇവിടെ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ചിരുന്ന ഷേക്സ്പിയർ നാടകങ്ങൾ മഹത്തായ ഒരു പാരന്പര്യമായിരുന്നു. 1964 ൽ ഞാനുൾപ്പെടെയുള്ള ചില ഹിന്ദി ഭാഷാപ്രേമികൾ ചേർന്ന് ഹിന്ദിയിലുള്ള ഒരു നാടകം അവതരിപ്പിച്ചതും ഓർമയുണ്ട്.
എസ്ബി കോളജിലെ വിദ്യാർഥികളിൽ പലരും പിൽക്കാലത്ത് സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ- ഭരണ- ശാസ്ത്ര- സാങ്കേതിക- നീതിന്യായ- ആതുരശുശ്രുഷാ രംഗങ്ങളിൽ മാത്രമല്ല , കലാ- കായിക- സാഹിത്യരംഗങ്ങളിലും തിളങ്ങിയിട്ടുണ്ട് . പ്രതിഭാശാലികളായ വിദ്യാർഥികൾക്കു തങ്ങളുടെ പ്രതിഭ ഊതിക്കാച്ചി തേച്ചുമിനുക്കി മികവുറ്റതാക്കാൻ അവസരം നൽകുന്ന ശ്രേഷ്ഠകലാലയമാണ് എസ്ബി കോളജ് .
ഒരു കലാലയത്തിന്റെ യശസിന്റെയും വിജയത്തിന്റെയും പിന്നിലെ മുഖ്യഘടകം പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപകരാണ്. എല്ലാക്കാലത്തും അതി പ്രഗത്ഭരായ പ്രിൻസിപ്പൽമാരും അധ്യാപകരും ഉണ്ടായിരുന്നതാണ് എസ്ബി കോളജിന്റെ വിജയരഹസ്യം. ഓരോ വിദ്യാർഥിക്കും തന്റെ പ്രിൻസിപ്പലിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും സ്നേഹാദരങ്ങളോടെ പറയാൻ ഒത്തിരി കാര്യങ്ങളുണ്ടാകും; എനിക്കും ഉണ്ട്. എന്നാൽ, സ്ഥലപരിമിതിമൂലം ഞാൻ അതിനു മുതിരുന്നില്ല. എല്ലാവരെയും സ്നേഹപൂർവം, ആദരപൂർവം, നന്ദിയോടെ അനുസ്മരിക്കുന്നു. എന്നെ ഞാനാക്കിയ അവർക്കും കോളജിനും പ്രണാമം.
ജസ്റ്റീസ് സിറിയക് ജോസഫ്