ഗൗരവമായി കാണണം
Sunday, March 15, 2020 11:53 PM IST
കേരളത്തിലെ എയർപോർട്ടുകളിൽ ഉൾപ്പെടെ പരിശോധനയിൽ ഉണ്ടായിട്ടുള്ള പഴുതുകൾ ഉപയോഗിച്ച് യാത്രക്കാർ പുറത്തേക്കു പോകുന്നതും, വീടുകളിലും ഹോട്ടലുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവർ തുടർച്ചയായി ഉണ്ടാക്കുന്ന പിഴവുകളും ഗൗരവമായി കണ്ട് ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ ഉടനടി എടുക്കണം. ഇത്തരം വീഴ്ച വരുത്തുന്നത് പരിഹരിക്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജിപിഎസ്, ജിയോ മാപ്പ്, സിസിടിവി എന്നിവ ആവശ്യമെങ്കിൽ കുടുതലായി ഏർപ്പെടുത്തി കുറ്റമറ്റ വിധത്തിൽ നിയന്ത്രണ വിധേയമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളണം.
ആശുപത്രികളിലും വീടുകളിലും ഹോട്ടലുകളിലും റിസോർട്ടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരം എയർപോർട്ടിൽ ഉൾപ്പെടെ ഓണ്‍ലൈനിൽ ഡാറ്റാബേസ് ലഭ്യമാക്കാൻ വേണ്ട ക്രമീകരണം ചെയ്യേണ്ടതാണ്.
ഇറ്റലിയിൽനിന്നു കൊച്ചി എയർപോർട്ട് വഴി റാന്നിയിലും തിരുവനന്തപുരം എയർപോർട്ട് വഴി വെള്ളനാട്ടും ഉണ്ടായത് ഇനിയും ആവർത്തിക്കാതിരിക്കാൻ കൂടുതൽ ജാഗ്രത കാണിച്ചാൽ റൂട്ട് മാപ്പിന് പിറകെ പോകുന്ന ശ്രമകരമായ പ്രവർത്തനം ഒഴിവാക്കാം.
ആരോഗ്യവകുപ്പ് നടത്തുന്ന തുടർപ്രവർത്തനങ്ങൾ വിഫലമാകാതിരിക്കാൻ കുറ്റപ്പെടുത്തലുകൾ മാറ്റിവച്ച് എല്ലാവരും ഒന്നായി നേരിട്ടുകൊണ്ട് പ്രതിരോധിക്കാം.
സുനിൽ തോമസ് റാന്നി