മദ്യപിച്ച് വാഹനമോടിക്കൽ ഗുരുതരമായ കുറ്റം
Thursday, March 19, 2020 12:09 AM IST
പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ നാലു പ്ലസ് ടു വിദ്യാർഥിനികൾ ഉൾപ്പെടെ ആറുപേരെ മദ്യപിച്ചയാൾ ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത് ഏതാനും ദിവസം മുൻപാണ്. ചിലർ മദ്യപിച്ച് വാഹനം ഓടിക്കുന്നതിന്റെ ഫലമായി അനവധിപ്പേർക്ക് ജീവൻ നഷ്ടപ്പെടുന്നു. കൊല്ലപ്പെടുന്നവരിൽ കൂടുതലും റോഡിന്റെ വശം ചേർന്ന് കൂട്ടുകാരോടു കുശലം പറഞ്ഞു നടന്നുപോകുന്ന നിഷ്കളങ്കരായ കുട്ടികളും മറ്റുമാണ്.
മദ്യപിച്ചു വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ കുറ്റമായി കാണേണ്ടിയിരിക്കുന്നു. മദ്യപിച്ച് വാഹനം ഓടിച്ചാൽ അപകടമുണ്ടാകാനും അങ്ങനെ പലർക്കും ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്ന് അറിയുന്നവരാണ് വാഹനം ഓടിക്കുന്ന എല്ലാവരും. അതുകൊണ്ട് ആരെങ്കിലും മദ്യപിച്ചു വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരെ പിടികൂടുകയും കഠിനമായ ശിക്ഷ ഉറപ്പുവരുത്തുകയും വേണം.
മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ ഫലമായി ആരെങ്കിലും കൊല്ലപ്പെട്ടാൽ മനഃപൂർവമായ നരഹത്യക്കായിരിക്കണം കേസെടുക്കേണ്ടത്. ഇത്തരം കേസുകളിലെ പ്രതികൾ പിന്നീടൊരിക്കലും വാഹനം ഓടിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എങ്കിൽ മാത്രമേ ഇത്തരം വാഹനാപകടങ്ങൾ ഇല്ലായ്മ ചെയ്യാൻ സാധിക്കൂ.
ബെന്നി സെബാസ്റ്റ്യൻ, കുന്നത്തൂർ, ചിറ്റാരിക്കാൽ