അധികാരികളുടെ ശ്രദ്ധയ്ക്ക്
Sunday, July 6, 2025 11:38 PM IST
മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ എംഎൽഎമാരെയോ തെരുവുനായ കടിച്ച് വിഷബാധയേറ്റാലേ തെരുവുനായ്ക്കളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കുകയുള്ളൂ എന്നുണ്ടോ?
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു. ഉപദ്രവകാരികളായ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ സർക്കാർ കോടികൾ ചെലവാക്കുന്നു. വന്ധ്യംകരിക്കാൻ എസി റൂം. അവിടെവച്ച് കുത്തിവയ്പ് നടത്തി വിശ്രമിക്കാൻ വേണ്ടത്ര സമയവും കൊടുത്ത് അവയെ പിടിച്ചിടത്ത് സുരക്ഷിതമായി എത്തിക്കും. എന്താ പോരേ? തെരുവുനായ്ക്കളുടെ കടിയേറ്റ് വിഷബാധയേറ്റവർ വളരെയധികം.
വന്ധ്യംകരിച്ചാൽ നായ കടിക്കുകയില്ലേ? വന്ധ്യംകരണത്തിനാവശ്യമായ മരുന്ന് ഉത്പാദിപ്പിക്കുന്ന കന്പനികൾക്ക് കോടികൾ ലഭിക്കും. അതിന്റെ കമ്മീഷൻ ബന്ധപ്പെട്ടവർക്കു ലഭിക്കുമായിരിക്കും. സാക്ഷര കേരളത്തിലെ സാധാരണ ജനങ്ങളെ വെറും കഴുതകളാക്കുന്ന തീരുമാനങ്ങൾ. ആവശ്യംവേണ്ടത് സമയബന്ധിതമായി സംസ്ഥാനത്തെ മുഴുവൻ തെരുവുനായ്ക്കളെയും വെടിവച്ചു കൊല്ലാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകി പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
ജേക്കബ് പൊന്നാറ്റിൽ, അതിരന്പുഴ