തെരുവുനായ വിഷയത്തിൽ അടിയന്തര നടപടി വേണം
Sunday, July 6, 2025 11:39 PM IST
സംസ്ഥാനത്ത് അഞ്ചു മാസത്തിനിടെ 1,65,136 പേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റെന്നും 17 പേര് പേവിഷ ബാധയേറ്റ് മരിച്ചെന്നുമുള്ള ദീപിക വാര്‍ത്ത ഞെട്ടലോടെയാണ് വായിച്ചത്. വാക്സിനെടുത്തിട്ടും ചിലര്‍ പേ വിഷ ബാധയേറ്റ് മരണപ്പെട്ടെന്ന വസ്തുത ആശങ്ക വര്‍ധിപ്പിക്കുന്നു. ഇത്ര ഗൗരവമായ സാഹചര്യത്തിലും പൗരന്മാരുടെ ജീവന് രക്ഷിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ മുതിരുന്നില്ല.
തെരുവുനായ് ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മൂന്നു വര്‍ഷം മുന്‍പ് എല്ലാ ജില്ലകളിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ നാലംഗ കമ്മിറ്റി രൂപീകരിച്ചെങ്കിലും നടപടികളൊന്നുമുണ്ടായില്ല. തെരുവുനായ ആക്രമണം തടയാന്‍ മൃഗസംരക്ഷണ വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും സംയുക്തമായി രണ്ടു കോടി രൂപ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിരുന്നു. തുടര്‍ നടപടികളെപ്പറ്റി ഒരു വിവരവുമില്ല.
തെരുവുനായ് ശല്യം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നാമമാത്രമായിട്ടെങ്കിലും നടപ്പാക്കുന്നത് രണ്ടു പദ്ധതികളാണ്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള മൃഗ ജനന നിയന്ത്രണ (എബിസി)വും പേവിഷ ബാധ തടയാന്‍ നായ്ക്കള്‍ക്ക് നല്കുന്ന വാക്സിനേഷനും. ലക്ഷക്കണക്കിന് തെരുവുനായ്ക്കളുള്ള കേരളത്തില്‍ ഓച്ചിന്റെ വേഗത്തില്‍ ഈഴയുന്ന ഈ രണ്ടു പദ്ധതികള്‍കൊണ്ട് സമീപ ഭാവിയിലൊന്നും കാര്യമായ ഫലപ്രാപ്തി ലഭിക്കാന്‍ പോകുന്നില്ല.
തെരുവുനായ്ക്കളില്‍നിന്ന് ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണം. ഏറ്റവും പ്രായോഗികമായ മാര്‍ഗം തെരുവ് നായ്ക്കളെ പിടികൂടി പാര്‍പ്പിക്കാന്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും താത്കാലിക ഷെല്‍ട്ടര്‍ സ്ഥാപിക്കുകയാണ്.
സെബാസ്റ്റ്യന്‍ പാതാമ്പുഴ, തൊടുപുഴ