സെൻസർ ബോർഡിന്റെ സെൻസ് നഷ്ടമായോ?
Thursday, July 10, 2025 12:58 AM IST
‘ജാനകി’ എന്ന പേരിൽ തുടങ്ങുന്ന സിനിമയുടെ പേരും കഥാപാത്രവും മതപരമായ ചേരിതിരിവ് ഉണ്ടാക്കും എന്നതിനാൽ പേരു മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ട വാർത്ത വായിച്ച് ബോർഡ് അംഗങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് മലയാളത്തിലെ പ്രേക്ഷകരിൽ നൂറു ശതമാനവും.
ജാനകി സീതയാണ് എന്ന് അറിയാവുന്ന എത്രപേർ പുതുതലമുറയിലും പഴയ തലമുറയിലും ഉണ്ട്? സീതാദേവിയെ ആരാധിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഒരു കുടുംബത്തെയും കേരളത്തിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല. സീതാദേവിയുടെ ഒരു ക്ഷേത്രം കണ്ടത് വയനാട്ടിലെ പുൽപ്പള്ളിക്ക് അടുത്ത് ഒരെണ്ണം മാത്രമാണ്. അനാവശ്യ വിവാദമാണ് ഇത് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.
യൂസഫലി കേച്ചേരി എഴുതിയ ‘ജാനകി ജാനേ’ എന്ന് അതിമനോഹര സംസ്കൃത ഗാനം മതനിരപേക്ഷമായിതന്നെ മലയാളികൾ നെഞ്ചേറ്റിയതാണ്. ഇപ്പോഴത്തെ സെൻസർ ബോർഡ് കഥാപാത്രങ്ങൾ ഇത് കേട്ടിട്ടുണ്ടെങ്കിൽ എഴുതിയത് യൂസഫലി കേച്ചേരി എന്ന അന്യമതസ്ഥൻ ആണെന്നും കൂടി അറിഞ്ഞാൽ ‘ജാനകി ജാനേ’ എന്ന വരികളെ ‘ജാനകിയോട് പോകാൻ പറ’ എന്നു വ്യാഖ്യാനിച്ചുകളഞ്ഞേനെ! ‘പട്ടാളം ജാനകി’, ‘ചട്ടമ്പി കല്യാണി’ തുടങ്ങിയ എത്രയോ മലയാളം സിനിമകൾ ഇറങ്ങിയിട്ട് പ്രേക്ഷകസമൂഹത്തിന് യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ലല്ലോ.
എം. മുകുന്ദൻ എഴുതിയ സീത എന്ന കഥയുടെ സിനിമാപതിപ്പ് 1980ൽ ഇറങ്ങിയിട്ടുണ്ട്. സേതുവിന്റെ പാണ്ഡവപുരത്തിലെ ദേവി മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിൽകൂടി അഭ്രപാളികളിലായിട്ടുണ്ട്. ഇതൊക്കെ സെൻസർ ബോർഡ് അറിയാത്തതു മഹാഭാഗ്യം! അല്ലെങ്കിൽ ഈ മഹാസാഹിത്യകാരന്മാരും ഇന്ന് അനാവശ്യ ചർച്ചയ്ക്ക് വിഷയമായേനെ!
തൂമ്പയെ തൂമ്പയെന്ന് വിളിക്കാനുള്ള ആർജവം മലയാളിക്കുണ്ട്.
ആർ. രാധാകൃഷ്ണൻ പാലക്കാട്