കാക്കി വേഷത്തിലുള്ള നായികമാർ
നായകന്മാര് ആധിപത്യം പുലര്‍ത്തുന്ന കാക്കിവേഷങ്ങളില്‍ കയ്യടി വാങ്ങിയ ഒരുപിടി നായികമാരുണ്ട് മലയാള വെള്ളിത്തിരയില്‍. നായകന്റെ നിഴലില്‍നിന്നു മാറി ശക്തവും ഗാംഭീര്യവുമുള്ള ലേഡി പൊലീസ് ഓഫീസേഴ്സിനെ കണ്ടപ്പോൾ പ്രേക്ഷകര്‍ കയ്യടിച്ചു. പിന്നോട്ടു നോക്കിയാല്‍ മലയാളത്തിന്റെ ബിഗ് കാന്‍വാസില്‍ കയ്യടി നേടിയതും പ്രേക്ഷകര്‍ വരവേറ്റതുമായ ഒരുപിടി വനിത പൊലിസ് കഥാപാത്രങ്ങളുണ്ട്...
പാര്‍വതിയുടെ പ്രഥമദൃഷ്ട്യ കുറ്റക്കാര്‍

പാര്‍വതി തിരുവോത്ത് ആദ്യമായി പൊലിസ് വേഷത്തിലെത്തിയ പ്രഥമദൃഷ്ട്യ കുറ്റക്കാര്‍ ഒരു പൊലിസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ സിനിമയാണ്. പാര്‍വതിക്കൊപ്പം വിജയരാഘവനും മാത്യു തോമസുമാണ് പ്രധാന വേഷങ്ങളില്‍. ഷഹദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് പൊലിസ് ഉദ്യോഗസ്ഥനായ പി.എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്.
നവ്യയുടെ പാതിരാത്രി

ഇടവേളയ്ക്കുശേഷം എത്തിയപ്പോള്‍ മികച്ച കഥാപാത്രങ്ങളുമായി സഞ്ചരിക്കുന്ന നവ്യ നായര്‍ പൊലിസ് വേഷത്തിലെത്തിയ ചിത്രമായിരുന്നു പാതിരാത്രി. രത്തീന സംവിധാനം ചെയ്ത ചിത്രം, ടാഗ് ലൈന്‍ പോലെ, ഒരു രാത്രിയില്‍ രണ്ടു പോലിസുകാര്‍ ഉള്‍പ്പെടുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ വികസിച്ചത്. നവ്യ നായര്‍ക്കൊപ്പം സൗബിന് ഷാഹിറും പ്രധാന വേഷത്തിലെത്തി.
മംമ്ത മോഹന്‍ദാസ് - ഫോറന്‍സിക്
.jpeg1795410574.jpg)
വ്യത്യസ്തങ്ങളായ വേഷങ്ങളെ അനായാസം കൈകാര്യം ചെയ്യുന്ന നടിയാണ് മംമ്ത മോഹന്‍ദാസ്. വളരെ ഗൗരവത്തോടെ പൊലിസ് വേഷത്തില്‍ മംമ്ത എത്തിയ ചിത്രമായിരുന്നു ഫോറന്‍സിക്. ടൊവിനൊ തോമസ് നായകനായ ചിത്രത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥ റിതിക സേവ്യറായി മംമ്ത എത്തി. ഒരേസമയം കര്‍ക്കശക്കാരിയായ പൊലിസ് ഉദ്യോഗസ്ഥയായും മകളെ നഷ്ടപ്പെട്ട അമ്മയായും വേറിട്ടൊരു പ്രകടനമായിരുന്നു ‘ഫോറന്‍സിക്കി’ലേത്.
നിമിഷ സജയന്- നായാട്ട്

നെഞ്ചില്‍ ഒരു കനത്തോടെയല്ലാതെ മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് കണ്ടുതീര്‍ക്കാനാകില്ല. പൊലിസ് ജോലി സ്വപ്നം കണ്ട്, രാഷ്്ട്രീയക്കാരുടെയും അധികാരികളുടെയും ട്രപ്പീസ് കളിയില്‍ ഇരകളായി മാറുമ്പോള്‍, നായാടപ്പെടുമ്പോള് സിപിഒ സുനിതയുടെ നിസഹായവസ്ഥയിലേക്ക്, നിര്‍വികാരതയിലേക്ക് പ്രേക്ഷകരും എത്തും. ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിമിഷയുടെ ശ്രദ്ധേയ പ്രകടനമായിരുന്നു നായാട്ടിലേത്. ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനും പ്രകടനംകൊണ്ട് വിസ്മയിപ്പിക്കുമ്പോഴും തനിക്കുള്ള ഇടം സിപിഒ സുനിതയില്‍ നിമിഷ കരുതിവച്ചു.
ഉണ്ണിമായ പ്രസാദ് - അഞ്ചാം പാതിര

പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കഥാപാത്രം എന്നു പറയാം അഞ്ചാം പാതിരയിലെ ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ഡിസിപി കാതറിന് മരിയ. സീരിയല്‍ കില്ലര്‍ നഗരത്തില്‍ കൊലപാതക പരമ്പര സൃഷ്ടിക്കുമ്പോള്‍ അതിനു പിന്നാലെയാണ് കാതറിനും കുഞ്ചാക്കോ ബോബന് അവതരിപ്പിച്ച ക്രിമിനല്‍ സൈക്കോളജിസ്റ്റ് അന്‍വര്‍ ഹുസൈനും. ആദ്യമധ്യാന്തം അത്രത്തോളം ഗൗരമേറിയ കഥാപാത്രത്തെ പ്രേക്ഷകപ്രശംസ നേടുംവിധം കൊണ്ടു പോകാന്‍ ഉണ്ണിമായക്കു സാധിച്ചു. ക്ലൈമാക്സില്‍ നായകന് ദുര്‍ബലനാകുമ്പോള്‍ മാസ് പരിവേഷത്തോടെയുള്ള കാതറിന്റെ വരവ് കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
മഞ്ജു വാര്യര്‍- വേട്ട
.jpg1795410574.jpg)
മഞ്ജു വാര്യരുടെ കരിയറിലെ ആദ്യ പൊലിസ് വേഷം എന്നതുകൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ‘വേട്ട’യിലെ കമ്മീഷണര്‍ ശ്രീബാല. പൊലിസ് ഉദ്യോഗസ്ഥ എന്നതിനപ്പുറം വ്യക്തിപരമായി ഇമോഷന്‍സ് കൂടിയുള്ള കഥാപാത്രമാണ് വേട്ടയില്‍ ശ്രീബാല. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായി ആരംഭിച്ച് മൈന്‍ഡ് ഗെയിമിലൂടെ പോകുന്ന കഥയില്‍ തന്റെ വേഷം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചു.
ലെന- സ്പിരിറ്റ്
.jpeg1795410574.jpg)
മലയാളത്തില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തന്റേതായ ഇടം സൃഷ്ടിച്ച ലെനയുടെ സിനിമാജീവിതത്തിലെ ശ്രദ്ധേയ പൊലിസ് വേഷമായിരുന്നു രഞ്ജിത്ത് ഒരുക്കിയ സ്പിരിറ്റിലെ എഎസ്പി സുപ്രിയ രാഘവന്. മോഹന്‍ലാല്‍ അവതരിപ്പിച്ച രഘുനന്ദനൊപ്പം ലെനയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നുവരെ കണ്ട ദു:ഖകഥാപാത്രങ്ങളില്നിന്നും വളരെ ഗൗരവമേറിയ വേഷങ്ങളിലേക്കുള്ള ലെനയുടെ ചുവടുമാറ്റംകൂടിയായിരുന്നു സ്പിരിറ്റിലൂടെ. കരിയറില്‍ ആദ്യ പൊലിസ് വേഷമായിരുന്നു സ്പിരിറ്റിലേത് എങ്കില്‍, പിന്നീട് വിക്രമാദിത്യന്, കരിങ്കുന്നം സിക്സസ്, വനിത തുടങ്ങിയ ചിത്രങ്ങളില്‍ യൂണിഫോമില്‍ ലെനയെ കണ്ടു.
ആശ ശരത് - ദൃശ്യം
.avif1795410766.jpg)
പൊലിസ് വേഷങ്ങളില്‍ നായികമാര്‍ പലപ്പോഴും ശോഭിക്കുന്നില്ലെന്ന വാദങ്ങള്‍ക്കൊരു മറുപടിയായിരുന്നു ദൃശ്യത്തിലെ ആശാ ശരത്തിന്റെ ഐജി ഗീതാ പ്രഭാകര്‍. ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ കൂര്‍മതയും കൗശലവും, മകനെ നഷ്ടപ്പെട്ട ഒരമ്മയുടെ വികാരവിക്ഷോഭങ്ങളും തന്മയത്വത്തോടെ അവതരിപ്പിച്ചു ആശ ശരത്. അന്നുവരെ കണ്ട വനിതാ പൊലിസ് കഥാപാത്രങ്ങളില്‍നിന്നു മാറി നായകനൊപ്പം നില്ക്കുന്ന ശക്തമായ കഥാപാത്രം. ദൃശ്യം മലയാള സിനിമാ ചരിത്രത്തിലെ ഐക്കണിക് സിനിമയായപ്പോള്‍ മോഹന്‍ലാലിന്റെ ജോര്‍ജുകുട്ടിക്കൊപ്പം ഐജി ഗീതാ പ്രഭാകറും പ്രേക്ഷകരില്‍ ജനകീയമായി.
വാണി വിശ്വനാഥ് -ദി ട്രൂത്ത്, ജനാധിപത്യം

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയിന് ആയിരുന്നു വാണി വിശ്വനാഥ്. അടിതടകള്‍ നായികമാര്‍ക്ക് ചെയ്യാന്‍ പറ്റില്ലെന്നു മുന്‍ധാരണകള്‍ പുലര്ത്തിയിരുന്നിടത്താണ് വാണി വിശ്വനാഥ് വില്ലന്മാരെ തറപറ്റിച്ചത്. ജനാധിപത്യത്തിലെ മായാ പിള്ള, ദി ട്രൂത്തിലെ മീന നമ്പ്യാര്‍, ഉസ്താദിലെ പോലീസ് കമ്മിഷണര്‍ വര്‍ഷ വര്‍മ തുടങ്ങി, ബ്ലാക്ക് ഡാലിയ, ആസാദി തുടങ്ങിയ ചിത്രങ്ങളിലൊക്കെ പൊലിസ് വേഷത്തില്‍ വാണി വിശ്വനാഥിനെ കണ്ടു. ആക്ഷന്‍ രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലും നായകന്മാര്ക്കൊപ്പമുള്ള പ്രകടനമികവ് ഒരുക്കാന്‍ പലപ്പോഴും വാണിക്കു കഴിഞ്ഞു.
വിജയശാന്തി- യുവതുര്‍ക്കി
ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവുമായി ഒരു വ്യാഴവട്ടക്കാലം തെന്നിന്ത്യന്‍ ചലച്ചിത്രലോകം അടക്കിവാണ വിജയശാന്തിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റമായിരുന്നു ഭദ്രന് സംവിധാനം ചെയ്ത യുവതുര്‍ക്കി. സുരേഷ് ഗോപി നായകനായ ചിത്രത്തില്‍ സിബിഐ ഉദ്യോഗസ്ഥ അഖിലയായിട്ടാണ് വിജയശാന്തി പ്രത്യക്ഷപ്പെട്ടത്. കാക്കിവേഷത്തില്‍ എത്തുന്നില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളോടെ സിനിമയില്‍ നിറഞ്ഞുനിന്നു താരം.
ശോഭന- സൂപ്പര്മാന്
.jpeg1795410766.jpg)
മികച്ച നടിയായും നര്‍ത്തകിയായും പെരുമ തേടിയിട്ടുള്ള ശോഭന നായികയായി മലയാളത്തില്‍ ഏറെ തിരക്കുള്ള സമയത്താണ് ജയറാമിനൊപ്പം സൂപ്പര്‍മാനില്‍ എത്തുന്നത്. ചിത്രത്തില്‍ നിത്യ ഐപിഎസ് എന്ന കഥാപാത്രമായിരുന്നു ശോഭനയുടേത്.
സിനിമ മാറുകയാണ്, സിനിമകളെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ അവര്‍ക്ക് മുന്‍വിധികളില്ല. കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങള്‍ക്ക്, ലേഡി പൊലിസ് റോളുകള്‍ക്ക് ഇനിയുമേറെ ഇടമുണ്ട് ഇവിടെ.
Tags : police roles manju warrier Parvathy Thiruvothu navya nair cinema malayalam