Movies
ശിവജി ഗുരുവായൂർ, വിനോദ് കോവൂർ, ജയരാജ് കോഴിക്കോട്, കപോതൻ ശ്രീധരൻ നമ്പൂതിരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ഗംഗാധർ സംവിധാനം ചെയ്യുന്ന റീസൺ ചാപ്റ്റർ വൺ എന്ന മ്യൂസിക് ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പുതുമുഖങ്ങളായ അദ്വൈത് അനിൽ കരുനാഗപ്പള്ളി, ഗൗരി കൃഷ്ണ കോഴിക്കോട്, വിസ്മയ മഹേഷ് കാഞ്ഞങ്ങാട് എന്നിവർക്കൊപ്പം ദിനേശ് എരഞ്ഞിക്കൽ, ശിവദാസ് മട്ടന്നൂർ, ഡോക്ടർ പ്രമോദ് കുറുപ്പ്, രത്ന കലാ തങ്കം കോഴിക്കോട് , മനോരഞ്ജൻ കോഴിക്കോട്, സജി വെഞ്ഞാറമൂട്, സിനി കോലത്തുകര, ജയരാജ് കോളിയാട്ട്, കൃഷ്ണകുമാർ കാഞ്ഞങ്ങാട്, ശ്രീധരൻ മാടമന, പ്രസന്ന, അനിൽ ജോസഫ് വയനാട് ,ചന്ദ്രൻ കൂരാച്ചുണ്ട്, സുനിൽ കോട്ടബ്രം, ഗോപാലൻ കാഞ്ഞങ്ങാട്, അശ്വിനി പ്രസാദ്, നിയോൺ ഷിജേഷ്, സാധിക സിനോജ്, ദേവദർശ് എസ് ബിജു, ത്രിലോക്, അക്ഷിത്ത് പ്രശാന്ത്, അഞ്ജന മഹേഷ്, സതീഷ് കലാഭവൻ, വിനീഷ് വെങ്ങാലി,അഫ്സൽ കിണാശ്ശേരി , സാൻവിയ തലശേരി, പ്രസാദ് പുത്തൂർ, രേഷ്മ രാമചന്ദ്രൻ വടകര, ബാബു പുതിയനം, ബിജു ഓമശേരി, ഷാജി പറനിലം, ദിനേശൻ വട്ടക്കണ്ടി, റഫീഖ് എലത്തൂർ, അനിൽ പുന്നൂസ്, ഹരിദാസ് പനങ്ങാട് തുടങ്ങിയവരും നിരവധി പുതുമുഖതാരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഓം ഗുരു ക്രിയേഷൻ, പിജി പ്രൊഡക്ഷൻസ് എന്നി ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ കഥ, സംഭാഷണം: എ.എസ്. പ്രസാദ് അമരാഴി, തിരക്കഥ: പ്രശാന്ത് ഗംഗാധർ, എ.എസ്. പ്രസാദ് അമരാഴി. ഫൈസൽ മാവൂർ, റോണി, സുധാകർ എന്നിവർ ഛായാഗ്രഹണം നിർവഹിക്കുന്നു.
ശ്രീധരൻ മാടമന, സരസ്വതി ബിജു, പ്രസാദ് അമരാഴി എന്നിവരുടെ വരികൾക്ക് ഗിരീഷ് കൃഷ്ണ സംഗീതം പകരുന്നു. ശ്രീനിവാസ് ചെന്നൈ, സിത്താര കൃഷ്ണകുമാർ, ഋതിക, ശ്രീകാന്ത് കൃഷ്ണമൂർത്തി, അനന്യ അനില്, പ്രസീത സന്തോഷ്, അഗ്രീന ജി. കൃഷ്ണ, സുരേഷ് പള്ളിപ്പാറ എന്നിവരാണ് ഗായകർ.
എഡിറ്റിംഗ്-ഹരി ജി നായർ കോഴിക്കോട്, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് അമ്മ വിഷൻ, കല- കിച്ചു,ലൗജേഷ് കോഴിക്കോട്,സെൽവൻ കോഴിക്കോട്, മേക്കപ്പ്- രാജേഷ് പുത്തനത്താണി, രാജേഷ് രവി, ഷിജു ഫറോക്ക്, ദീപ ദീപ്തി, കോസ്റ്റ്യൂംസ്-ബിജു മങ്ങാട്ട് കോണം, ബിന്ദു വടകര,സ്റ്റിൽസ്- അബി ട്രൂവിഷൻ, ഷൈജു വിവാ കോഴിക്കോട്,പോസ്റ്റർ ഡിസൈൻ- രഞ്ജിത്ത് പി.കെ., സുജിപാൽ അസോസിയേറ്റ് ഡയറക്ടർ-അരുൺ തിരുവനന്തപുരം, വിജേഷ് കണ്ണൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അബീന്ദ്രൻ, സുബിനേഷ്, സജീവ് മോ സ്കോ,പ്രീസിത, ആദിദേവ് പ്രശാന്ത്, സ്നേഹപ്രിയ, അക്ഷിത്ത് പ്രശാന്ത്, രശ്മി പ്രശാന്ത്, അഭിഷേക്,പ്രൊഡക്ഷൻ മാനേജർ-മിഥുൻ ദാസ്, ലൊക്കേഷൻ- തിരുവനന്തപുരം, കോഴിക്കോട്. ഡിസംബർ പതിനൊന്നിന് സീസൺ ചാപ്റ്റർ വൺ പ്രദർശനത്തിനെത്തുന്നു. പി ആർ ഒ-എ എസ് ദിനേശ്.
Movies
അതിമനോഹരം സിനിമയുടേതെന്ന പേരിൽ തിയറ്ററുകളിൽ വച്ചിരിക്കുന്ന വ്യാജ പോസ്റ്ററിനെതിരെ സംവിധായകൻ തരുൺ മൂർത്തി. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ നിർമിക്കുന്ന ഇത്തരം ഫാൻ മെയ്ഡ് പോസ്റ്ററുകൾ ആളുകളുടെ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് തരുണ് വ്യക്തമാക്കുന്നു.
‘‘ഒരു ക്രിയേറ്റർ എന്ന നിലയിൽ, ആരാധകർ നടത്തുന്ന ഇത്തരം പ്രമോഷനുകൾ ആളുകളിൽ വലിയ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ. പ്രൊഡക്ഷൻ ടീമിന്റെ അറിവോ അനുമതിയോ ഇല്ലാതെ, പ്രത്യേകിച്ചും നിർമാണക്കമ്പനിയുടെ ലോഗോയും സംവിധായകന്റെ പേരും വച്ച് ഫാൻ-മെയ്ഡ് സ്റ്റാൻഡുകൾ സ്ഥാപിക്കുന്നത് പ്രേക്ഷകർക്കിടയിൽ അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്ക് മാത്രമേ വഴിവയ്ക്കൂ.
സിനിമയുടെ സ്വഭാവത്തിനും അതിന്റെ യഥാർത്ഥ മൂഡിനും അനുയോജ്യമായ രീതിയിലുള്ള ഔദ്യോഗിക അപ്ഡേറ്റുകൾ കൃത്യമായ ഇടവേളകളിൽ നിങ്ങളിലേക്ക് എത്തിക്കാൻ എന്റെ ക്രിയേറ്റീവ് ടീമും പ്രൊഡക്ഷൻ ഹൗസും, അതിലുപരി ലാലേട്ടന്റെ യഥാർഥ ആരാധകരും ചേർന്നൊരു ടീമായി തന്നെയാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
വലിയൊരു മാനസിക സമ്മർദ്ദത്തോടെയും ടെൻഷനോടെയുമാണ് ഞാൻ ഇത് വീണ്ടും ഓർമിപ്പിക്കുന്നത്; കാരണം, നമ്മൾ മനസിൽ കണ്ട അതേ തീവ്രതയോടെ തന്നെ പ്രേക്ഷകർ ഈ ചിത്രം തിയറ്ററിൽ അനുഭവിക്കണമെന്ന് എനിക്ക് അത്രയേറെ ആഗ്രഹമുണ്ട്.
‘അതിമനോഹരം’ ഒരു ഫാമിലി ഡ്രാമയാണ്, ഒപ്പം പൊലിസ് പ്രൊസീഡ്രൽ രീതികളും ഇതിൽ തുല്യപ്രാധാന്യത്തോടെ ഇഴചേർന്നിരിക്കുന്നു.
അതുകൊണ്ട് ദയവായി ഞങ്ങളുടെ പദ്ധതിളെ മാനിക്കണമെന്നും, ഞങ്ങൾ രൂപകൽപ്പന ചെയ്ത രീതിയിൽ തന്നെ പ്രമോഷനുകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കണമെന്നും സ്നേഹത്തോടെ അഭ്യർഥിക്കുന്നു. പ്രേക്ഷകർക്ക് ഏറ്റവും മികച്ചൊരു സിനിമാനുഭവം സമ്മാനിക്കാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.’’തരുൺ മൂർത്തിയുടെ വാക്കുകൾ.
തുടരും എന്ന ചിത്രത്തിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ‘അതിമനോഹരം’. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസായാകും തിയറ്ററുകളിലെത്തുക. ഡിസംബർ രണ്ടിന് സിനിമയുടെ ആദ്യ ടീസർ എത്തും.
Movies
ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ പ്രണയവും ഭക്തിയും പ്രമേയമാക്കി മഹാഗണപതി മൂവീസ് അവതരിപ്പിക്കുന്ന ഗുരുവായൂർ അരങ്ങേറ്റം എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
നടനും നിർമാതാവുമായ ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ശ്രീ ഗുരുവായൂരപ്പന്റെ ദിവ്യസാന്നിധ്യവും ആത്മീയ മഹത്വവും പ്രമേയമാക്കി ഒരുങ്ങുന്ന ഈ പ്രണയചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് കൃഷ്ണയാണ്.
വിനോദ് ഗുരുവായൂർ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് സുരേഷ് ബാബു ആർ ആണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ , ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം എത്തുക.
ഭക്തിക്കും പ്രണയത്തിനും പ്രാധാന്യം നൽകുന്ന പ്രമേയവും ഉണ്ണി മുകുന്ദന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രധാന സവിശേഷതകളാണ്. ഇതിനോടൊപ്പം ഏറെ കൗതുകമുള്ള നിരവധി കാര്യങ്ങളും ചിത്രത്തിലുണ്ട്.
മലയാള സിനിമയിൽ ആത്മീയവും ഭക്തിനിർഭരവുമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രങ്ങളുടെ നിരയിലേക്ക് എത്തുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’, പ്രമേയത്തിലും അവതരണത്തിലും പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ചിത്രത്തിലെ മറ്റ് താരങ്ങൾ, റിലീസ് തീയതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ വൈകാതെ പുറത്തുവിടും.
ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റിംഗ്: ജോൺകുട്ടി, സംഗീതം: രഞ്ജിൻ രാജ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, ആക്ഷൻ: കാർത്തികേയൻ, നൃത്തസംവിധാനം: വിജി സതീഷ്, സ്റ്റിൽസ്: സലിഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈൻ: ആന്റണി സ്റ്റീഫൻ. പിആർഒ-വാഴൂർ ജോസ്.
Movies
ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത് ലിജീഷ് കുമാർ തിരക്കഥ ഒരുക്കുന്ന കാമ്പസ് പ്രണയകഥ പ്രേം പാറ്റ ട്രെയിലർ പുറത്തിറങ്ങി. ഒരു എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.
പ്രേക്ഷകശ്രദ്ധ ആകർഷിച്ച ആയിഷയ്ക്കും, ഇഡിയ്ക്കും ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ തന്നെയാണ് നിർമിക്കുന്നത്.
ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിലെ നായിക കൊൽക്കത്തയിൽ നിന്നുള്ള പുതുമുഖമാണ്. ജുനൈസ് വി.പി, സാഫ് ബോയ്, ഹനാൻ ഷാ, അശ്വിൻ വിജയൻ, ടിസ് തോമസ്, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്റേഴ്സെല്ലാം ചിത്രത്തിൽ അണിനിരക്കുന്നു.
Movies
ജയസൂര്യ ചിത്രം മായൻ ചാപ്റ്റർ 1-ന്റെ ട്രെയിലർ എത്തി. ജിതിൻ കെ.ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക്ക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ഈ ചിത്രം നിർമിക്കുന്നത്.
കേരളത്തിലെ ചില പുരാതന ക്രിസ്തീയ കുടുംബങ്ങളുമായി ബന്ധപ്പെടുത്തി പറയപ്പെടുന്ന കുപ്രസിദ്ധമായ ‘കറുത്തച്ചനൂട്ട്’ എന്ന ദുരൂഹ ആചാരത്തിന് പിന്നിലെ രഹസ്യങ്ങളിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോകുന്നത്.
മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഡിസംബർ മൂന്നിന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ‘ബിയോണ്ട് ദ ഷാഡോസ്’ എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രത്തിൽ പൊലിസ് ഓഫീസറുടെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്.
Movies
സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച നടി പാർവതി തിരുവോത്തിനെ പരിഹസിച്ച് നടി മായ മേനോൻ.
സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി വായിൽ തോന്നിയത് വിളിച്ചു പറയുന്ന കമ്മിണിയാണ് പാർവതിയെന്നും പുല്ലുവിലയേ താൻ അവർക്ക് നൽകുന്നുള്ളുവെന്നും മായ പറയുന്നു.
‘‘അതിന് ആര് പറഞ്ഞു, അവർ ആരുടെ മടിയിൽ കയറിയിരുന്നാലും നമുക്ക് എന്ത് പ്രശ്നം..? അതൊക്കെ കൊങ്ങികൾക്കും, പ്രത്യേകിച്ച് കമ്മികൾക്കുമാണ് പ്രശ്നം..കാരണം,അവർക്ക് അച്ഛൻ,അമ്മ, ഗുരു ഒക്കെ പ്രസവയന്ത്രം, എടിഎം കാർഡ്, വെറുമൊരു പാലം എന്നിവ മാത്രം ആണ്...ജീവിതത്തിൽ അവരുടെ ആവശ്യം കഴിഞ്ഞാൽ പിന്നെ യാതൊരു വിലയുമില്ലാത്ത ആളുകൾ.
പിന്നെ ഈ സോണിയ അമ്മച്ചി എഴുതി വച്ചിരിക്കുന്ന നുണകൾ, കള്ള ചരിത്രം, പൊട്ടത്തെറ്റുകൾ എന്നിവയ്ക്ക് മാത്രം ആണ് ബുദ്ധിയും,ബോധവുമുള്ളവർക്ക് പ്രശ്നം. നിങ്ങൾക്ക്, വാചാടോപം മാത്രമുള്ള, പ്രവർത്തിയിൽ സ്വന്തം നാടിനോട് യാതൊരു കൂറുമില്ലാത്ത കമ്മിണികൾക്ക്, അത് പ്രശ്നം കാണില്ലായിരിക്കും.
കാരണം, ഇവിടെ നിങ്ങൾ സ്വന്തം സിനിമയുടെ പ്രമോഷൻ സമയത്ത് മാത്രം മാളത്തിൽ നിന്നിറങ്ങി, സേഫ് സോൺ ആയ ഹിന്ദു വിരോധം തുപ്പിക്കൊണ്ട്, യാതൊരു ആത്മാർഥതയുമില്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞു തിരിച്ചു കയറിപ്പോകുന്ന, ശരാശരിയിൽ താഴെയുള്ള കമ്മിണി മാത്രമാണ് പാർവതി. ഇത് നിങ്ങളുടെ അഭിപ്രായം, നിങ്ങളുടെ മാത്രം അഭിപ്രായം ആണ് പാർവതി... നിങ്ങളുടെ മാത്രം അഭിപ്രായം..അതിന്, ഈ പ്രത്യേക വിഷയത്തിൽ , ഞാൻ പുല്ലുവില പോലും നൽകുന്നില്ല. പാർവതി തിരുവോത്ത്..’’–മായ മേനോന്റെ വാക്കുകൾ.
സോണിയ ഗാന്ധിയുടെ ഓർമകുറിപ്പായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവേളയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിന്റെ പേരിൽ സൈബറാക്രമണം നേരിടുന്ന സോണിയ ഗാന്ധിക്ക് പിന്തുണയുമായി പാർവതി എത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് പാർവതിയുടെ പ്രതികരണം.
സോണിയ ഗാന്ധി ഭർത്താവ് രാജീവ് ഗാന്ധിയുടെ മടിയിലിരുന്നതിനെ വിമർശിക്കാൻ തിരക്കു കൂട്ടുന്നവർ 2002ലെ ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയാകുകയും കുടുംബത്തിലെ ഏഴുപേരെ നഷ്ടപ്പെടുകയും ചെയ്ത ബിൽക്കിസ് ബാനോയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നുവെന്ന് പാർവതി തുറന്നടിച്ചു.
‘സോണിയ ഗാന്ധി സ്വന്തം ഭർത്താവിന്റെ മടിയിലിരിക്കുന്നത് നമ്മുടെ സമൂഹത്തിന് വലിയ സാംസ്കാരിക ആഘാതം; എന്നാൽ ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവർ ഒരു കൂസലുമില്ലാതെ സ്വതന്ത്രരായി വിലസി നടക്കുന്നത് നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണോ? വെറും മനുസ്മൃതി രീതികൾ! അയ്യായിരം വർഷത്തെ പാരമ്പര്യമുള്ള സംസ്കാരം, അല്ലേ സാർ!’ പാർവതി കുറിച്ചു.
ബിൽക്കിസ് ബാനോ കേസിൽ രണ്ടു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി അവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ഈ വിഷയം കൂടി പരാമർശിച്ചാണ് പാർവതിയുടെ പ്രതികരണം. സോണിയ ഗാന്ധിയെ സംസ്കാരം പഠിപ്പിക്കാൻ നടക്കുന്നവർ ബിൽക്കിസ് ബാനോയുടെ കേസിൽ നിശബ്ദരാകുകയാണ് എന്ന ആശങ്കയാണ് പാർവതിയുടെ വാക്കുകളിൽ പ്രതിഫലിച്ചത്.
Movies
ഇന്ത്യൻ സിനിമാ വ്യവസായത്തിൽ അടുത്ത കാലത്തായി കണ്ടുവരുന്ന ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസമാണ് പഴയ ക്ലാസിക് സിനിമകളുടെ റീ-റിലീസ് തരംഗം.
കോടികൾ മുടക്കി നിർമിക്കുന്ന പുത്തൻ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ചിലപ്പോഴെങ്കിലും ബോക്സ് ഓഫീസിൽ തകർന്നടിയുമ്പോഴും പതിറ്റാണ്ടുകൾക്ക് മുൻപ് പുറത്തിറങ്ങിയ സിനിമകൾ 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസത്തോടെയും വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ അവയെ ആവേശത്തോടെ ഏറ്റെടുക്കുന്നു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം ഈ തരംഗം ഒരേപോലെ അലയടിക്കുന്നുണ്ട്.
പഴയ ഫിലിം പ്രിന്റുകൾ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റീമാസ്റ്റർ ചെയ്യുമ്പോൾ, മുൻപ് കണ്ടതിനേക്കാൾ മികച്ച ദൃശ്യ-ശ്രാവ്യാനുഭവമാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്.
ഉദാഹരണത്തിന്, മലയാളത്തിൽ 'സ്ഫടികം', മണിച്ചിത്രത്താഴ്', 'ദേവദൂത്' എന്നീ ചിത്രങ്ങൾ പുതിയ സാങ്കേതിക മികവിൽ എത്തിയപ്പോൾ അത് വെറുമൊരു പഴയ സിനിമ എന്നതിനപ്പുറം പുത്തൻ തിയേറ്റർ അനുഭവമായി മാറി.
ഈ സിനിമകൾ ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്ത കാലത്ത് ജനിച്ചിട്ടുപോലുമില്ലാത്ത പുതുതലമുറയാണ് ഇപ്പോൾ റീ-റിലീസുകളുടെ പ്രധാന ആരാധകർ. ടെലിവിഷനിലും മൊബൈൽ ഫോണിലും മാത്രം കണ്ടുശീലിച്ച ക്ലാസിക് രംഗങ്ങൾ വലിയ സ്ക്രീനിൽ ആഘോഷിക്കാനുള്ള അവസരമായാണ് അവർ ഇതിനെ കാണുന്നത്. തിയേറ്ററുകളെ സ്റ്റേഡിയങ്ങളാക്കി മാറ്റുന്ന തരത്തിലുള്ള ആഘോഷങ്ങളാണ് തമിഴിൽ 'ഗില്ലി', 'വാരണം ആയിരം' എന്നിവയുടെ റീ-റിലീസ് സമയത്ത് കണ്ടത്.
പുതിയ സിനിമകളിൽ പലപ്പോഴും സാങ്കേതികവിദ്യയ്ക്ക് നൽകുന്ന പ്രാധാന്യം ശക്തമായ തിരക്കഥയ്ക്കോ വൈകാരികമായ ആഴത്തിനോ ലഭിക്കുന്നില്ല എന്ന വിമർശനം ശക്തമാണ്.
എന്നാൽ പഴയ ക്ലാസിക്കുകൾ കാലത്തെ അതിജീവിക്കുന്ന തിരക്കഥയും സംഗീതവും കൊണ്ട് സമ്പന്നമാണ്. ഹിന്ദിയിൽ 'റോക്ക്സ്റ്റാർ', 'ലൈല മജ്നു', 'തുമ്പാഡ്' തുടങ്ങിയ ചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിൽ വൻ വിജയമായത് അവയുടെ ഉള്ളടക്കത്തിലെ മികവ് കൊണ്ടാണ്.
റീൽസുകളിലൂടെയും മീമുകളിലൂടെയും പഴയ സിനിമകളിലെ ഡയലോഗുകളും പാട്ടുകളും എപ്പോഴും സജീവമായി നിൽക്കുന്നുണ്ട്. തിയേറ്ററിലെ ആരവങ്ങൾ വീഡിയോകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് കൂടുതൽ ആളുകളെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നു.
പുതിയ സിനിമകളുടെ റിലീസ് കുറയുന്ന സമയങ്ങളിലും, വലിയ സിനിമകൾ പരാജയപ്പെടുമ്പോഴും തിയേറ്ററുകൾക്ക് സാമ്പത്തികമായി പിടിച്ചുനിൽക്കാൻ റീ-റിലീസുകൾ വലിയ സഹായമാകുന്നുണ്ട്. കുറഞ്ഞ ചിലവിൽ കൂടുതൽ ലാഭം നേടാൻ കഴിയുന്ന ഒരു ബിസിനസ് മോഡലായി ഇത് മാറിക്കഴിഞ്ഞു.
റീ-റിലീസ് തരംഗം സിനിമാ പ്രേമികൾക്ക് വലിയ ആഘോഷമാണെങ്കിലും, ഇത് സിനിമാ വ്യവസായം നേരിടുന്ന ഒരുതരം സർഗ്ഗാത്മക പ്രതിസന്ധിയെയും സൂചിപ്പിക്കുന്നുണ്ടെന്ന് ചലച്ചിത്ര നിരൂപകർ വിലയിരുത്തുന്നു. പുതിയ ആശയങ്ങളുടെ അഭാവവും, പ്രേക്ഷകരെ തിയേറ്ററിലേക്ക് എത്തിക്കാൻ കഴിയുന്ന പുത്തൻ സിനിമകളുടെ കുറവുമാണ് പഴയ ഹിറ്റുകളെ ആശ്രയിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നത്.
എങ്കിലും, തിയേറ്റർ എന്നത് കേവലം സിനിമ കാണാനുള്ള ഇടം മാത്രമല്ല, മറിച്ച് ഒരു കൂട്ടായ ആഘോഷത്തിന്റെ വേദി കൂടിയാണെന്ന് റീ-റിലീസുകൾ വീണ്ടും തെളിയിക്കുന്നു. നൊസ്റ്റാൾജിയ എന്ന വികാരത്തെ വിപണി വിജയമാക്കി മാറ്റുന്നതിനൊപ്പം, വരുംതലമുറയ്ക്ക് മികച്ച സിനിമാ പാരമ്പര്യം പരിചയപ്പെടുത്തിക്കൊടുക്കാനും ഈ തരംഗത്തിന് സാധിക്കുന്നുണ്ട്.
Movies
ഐശ്വര്യ റായ്യെ സൽമാൻ ഖാനിൽ നിന്നും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി ബോഡിഗാർഡ് കേതൻ കരാണ്ടെ.
ആർട്ട് മീഡിയ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേതൻ ഇക്കാര്യം പറഞ്ഞത്.
“ഒരിക്കൽ ഞാൻ ഐശ്വര്യ റായ്യുടെ ബോഡിഗാർഡായിരുന്നു. സൽമാൻ ഖാൻ കാരണമാണ് എന്നെ ജോലിക്ക് വെച്ചത്. സൽമാനിൽ നിന്ന് അവരെ സുരക്ഷിതയാക്കി നിർത്താൻ ഏഴ് ദിവസത്തേക്കാണ് എന്നെ നിയമിച്ചത്.”
ഐശ്വര്യയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതും സിനിമാ സെറ്റുകളിൽ കൊണ്ടുവിടുന്നതുമായിരുന്നു തന്റെ ജോലിയായിരുന്നു. ഒരിക്കൽ ഒരു ഫാഷൻ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴും ഇതേ സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നു. എന്നാൽ, ഷോ കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ അവർ സൽമാൻ ഖാനെ കണ്ടുമുട്ടി. ഈ സംഭവത്തിന് ശേഷം താൻ ആ ജോലി ഉപേക്ഷിച്ചതായി കേതൻ വ്യക്തമാക്കി.
കാരണം താൻ സൽമാന്റെയും ഐശ്വര്യയുടെയും ആരാധകനായതിനാൽ ഈ പ്രശ്നങ്ങളിൽ ഇടപെടാൻ ആഗ്രഹിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അക്കാലത്ത് സൽമാനും ഐശ്വര്യയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഷാരൂഖ് ഖാൻ ചിത്രമായ ‘ചൽത്തേ ചൽത്തേ’യുടെ സെറ്റിൽ സൽമാൻ ഖാൻ കാരണം ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് കാവേരി തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.
പുസ്തകത്തിൽ പറയുന്നതിങ്ങനെ: “സൽമാൻ ഖാൻ ‘ചൽത്തേ ചൽത്തേ’യുടെ ചിത്രീകരണം തടസപ്പെടുത്തുകയും തുടർന്നുള്ള നാലര മണിക്കൂർ നേരം നിയന്ത്രണാതീതനായി കരയുകയും ചെയ്തു. ഇതോടെ അസീസ് മിർസയ്ക്ക് ചിത്രീകരണം റദ്ദാക്കേണ്ടി വന്നു. ഇത് ഐശ്വര്യ റായ് ബച്ചന് ‘ചൽത്തേ ചൽത്തേ’ എന്ന സിനിമ മാത്രമല്ല, ഷാരൂഖ് ഖാന്റെ ‘വീർ-സാര’, ‘മേം ഹൂം നാ’ എന്നീ ചിത്രങ്ങളിലെ അവസരങ്ങളും നഷ്ടപ്പെടുത്തി.”
ഐശ്വര്യയുടെ പഴയ അയൽവാസിയും പ്രമുഖ പരസ്യചിത്ര സംവിധായകനുമായ പ്രഹ്ലാദ് കക്കറും അക്കാലത്തെ സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടുണ്ട്. വിക്കി ലാൽവാനിയുമായുള്ള സംഭാഷണത്തിൽ പ്രഹ്ലാദ് പറഞ്ഞതിങ്ങനെ: “വേർപിരിയൽ ഐശ്വര്യയ്ക്ക് വലിയ ആശ്വാസമായിരുന്നു.
അയാൾ അവരെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നു. അയാൾക്ക് വല്ലാത്തൊരുതരം അമിതാവേശമായിരുന്നു. ഇത്രയധികം അമിതാവേശമുള്ള ഒരാളെ എങ്ങനെയാണ് കൈകാര്യം ചെയ്യുക?” സൽമാനുമായുള്ള വഴക്കുകളുടെ വിശദാംശങ്ങൾ ഐശ്വര്യ പങ്കുവെച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രഹ്ലാദ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“ഇല്ല. പക്ഷേ എനിക്കറിയാം. ഞാൻ അതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്! അയാൾ കെട്ടിടത്തിന്റെ ലോബിയിൽ വെച്ച് ബഹളമുണ്ടാക്കുമായിരുന്നു. ചുമരിൽ തലയിടിക്കുമായിരുന്നു. ആ ബന്ധം ഔദ്യോഗികമായി അവസാനിക്കുന്നതിന് വളരെ മുൻപ് തന്നെ തകർന്നിരുന്നു. അത് എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു. അവളുടെ മാതാപിതാക്കൾക്കും, അവൾക്കും, എല്ലാവർക്കും. വേർപിരിയലിൽ അവൾക്ക് വിഷമമുണ്ടായിരുന്നില്ല. പക്ഷേ, എല്ലാവരും സൽമാന്റെ പക്ഷം ചേരുകയും അവളെ പിന്തുണയ്ക്കാതിരിക്കുകയും ചെയ്തതിൽ അവൾ ഏറെ അസ്വസ്ഥയായിരുന്നു.”
‘ഹം ദിൽ ദേ ചുകേ സനം’ (1999), ‘ധായ് അക്ഷർ പ്രേം കേ’ (2000), ‘ഹം തുമാരേ ഹേ സനം’ (2002) എന്നീ ചിത്രങ്ങളിൽ സൽമാനും ഐശ്വര്യയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ: ഭാഗം 2’ (2023) ആണ് ഐശ്വര്യയുടേതായി ഒടുവിൽ പുറത്തിറങ്ങിയ പ്രധാന ചിത്രം. നന്ദിനി എന്ന കഥാപാത്രത്തെയാണ് ഇതിൽ അവർ അവതരിപ്പിച്ചത്.
Movies
തമിഴ്നാട്ടിലെ കൊളത്തൂരിൽനിന്നുള്ള എംഎൽഎ വി.എസ്.ബാബുവിന്റെ സംസ്കാരം ചെന്നൈ തിരുവികാനഗർ ശ്മശാനത്തിൽ നടത്തി.
അന്ത്യയാത്രാവേളയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പടെ പ്രമുഖർ പങ്കെടുത്തു. അതീവ ദുഃഖിതനായി കാണപ്പെട്ട മുഖ്യമന്ത്രി മൃതദേഹപേടകം വഹിച്ച് ഏറെനേരം വിലാപയാത്രയിൽ പങ്കെടുത്തു.
Movies
നടൻ അർജുൻ സർജയുടെ മൂത്ത മകൾ ഐശ്വര്യ അർജുനും നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതി രാമയ്യയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി നടനും യൂട്യൂബറുമായ ബയിൽവാൻ രംഗനാഥൻ.
ഈ വിഷയത്തിൽ തമ്പി രാമയ്യയെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചെന്നും ബയിൽവാൻ പറഞ്ഞു.
ഉമാപതി അർജുൻ സർജയുടെ ഇളയമകൾ അഞ്ജനയുടെ വിവാഹനിശ്ചയത്തിൽ പങ്കെടുത്തിരുന്നെന്നും നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ ഏകദേശം 10 ദിവസത്തെ ഇടവേളയുണ്ടായിരുന്നെന്നുമാണ് ബയിൽവാൻ പറയുന്നത്.
ഒക്ടോബറിൽ ഗ്രീസിൽ വച്ച് നടന്ന അഞ്ജനയുടെ വിവാഹാഘോഷങ്ങളിൽ ഉമാപതിയുടെ അസാന്നിധ്യമാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളൽ വീണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.
വിദേശത്ത് ആരെയും പരിചയമില്ലാത്ത സാഹചര്യത്തിൽ പത്തു ദിവസം വെറുതെ നിൽക്കേണ്ടതില്ലെന്നും, നാട്ടിൽ ജോലിയും തിരക്കുകളുമുള്ളതിനാലുമാണ് തമ്പി രാമയ്യയും മകനും തിരികെ പോന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇപ്പോൾ ചില യൂട്യൂബർമാർ ചെറിയ കാര്യങ്ങളെപ്പോലും വല്ലാതെ പെരുപ്പിച്ചു കാട്ടുകയാണ്. പേനിനെ പെരുമാളാക്കിയാൽ പോലും മനസിലാക്കാം, പക്ഷേ ഇവർ പേനിനെ കാട്ടാനയാക്കി മാറ്റുന്നു. ഇത് തികച്ചും തെറ്റായ പ്രവണതയാണ്. അർജുന്റെ ഇളയ മകൾ അഞ്ജനയുടെ വിവാഹത്തിന് ഉമാപതി പോയില്ല എന്നത് സത്യമാണ്.
എന്നാൽ ഗ്രീസിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ ഉമാപതിയും തമ്പി രാമയ്യയും പങ്കെടുത്തിരുന്നു. നിശ്ചയത്തിനും വിവാഹത്തിനും ഇടയിൽ ഏകദേശം പത്തു ദിവസത്തെ ഇടവേളയുണ്ടായിരുന്നു.
ആരെയും പരിചയമില്ലാത്ത വിദേശരാജ്യത്ത് പത്തു ദിവസം വെറുതെ നിൽക്കേണ്ട ആവശ്യമില്ലെന്നും, നാട്ടിൽ അത്യാവശ്യമായി ചെയ്തുതീർക്കേണ്ട ജോലികളുണ്ടെന്നും കരുതിയാണ് തമ്പി രാമയ്യയും മകനും തിരികെ പോന്നത്.
ഈ വാർത്തകൾ പ്രചരിച്ചപ്പോൾ ഞാൻ തമ്പി രാമയ്യയെ ഫോണിൽ വിളിച്ചു ചോദിച്ചു. "അണ്ണാ, ഇതാണ് സത്യം. ഇവർ വെറുതെ ഓരോന്ന് പടച്ചുവിടുകയാണ്. നമുക്ക് ഓരോന്നിനും പിന്നാലെ പോയി മറുപടി പറഞ്ഞുകൊണ്ടിരിക്കാൻ കഴിയുമോ? ഇത്തരം വ്യാജപ്രചാരണങ്ങളൊന്നും എന്റെ മകനെയും മരുമകളെയും ഒട്ടും ബാധിക്കില്ല" എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
അർജുനും ഭാര്യ നിവേദിതയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അവരുടെ മൂത്ത മകളായ ഐശ്വര്യ മൂന്ന് സിനിമകളിൽ അഭിനയിച്ചെങ്കിലും അത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരു റിയാലിറ്റി ഷോയിൽ വെച്ചാണ് ഉമാപതിയും ഐശ്വര്യയും സൗഹൃദത്തിലാകുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിലായ ഉടൻ തന്നെ ഐശ്വര്യ ഇക്കാര്യം അർജുനോട് തുറന്നുപറഞ്ഞു. അർജുനും അതിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല.
അതുപോലെ ഉമാപതി ആദ്യം അമ്മയോടും പിന്നീട് അച്ഛനോടും കാര്യം അവതരിപ്പിച്ചു. മകന്റെ ഇഷ്ടവും അർജുന്റെ കുടുംബമഹിമയും കണക്കിലെടുത്ത് തമ്പി രാമയ്യയും സമ്മതം മൂളി. അങ്ങനെ ചെന്നൈയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ വെച്ച് അവരുടെ വിവാഹം ഗംഭീരമായി നടന്നു.
തമ്പി രാമയ്യയുടെ ഭാര്യയും ഐശ്വര്യയും തമ്മിലുള്ള വഴക്കാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ചിലർ തീ കൊളുത്താൻ നോക്കുന്നുണ്ട്. എന്നാൽ അതിൽ യാതൊരു സത്യവുമില്ല. ഉമാപതിയും ഐശ്വര്യയും മൈലാപ്പൂരിലുള്ള വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. തമ്പി രാമയ്യയും ഭാര്യയും വളസരവാക്കത്താണ് താമസം. അമ്മായിയമ്മ-മരുമകൾ പോര് എന്നതൊക്കെ വെറും കെട്ടുകഥയാണ്. അവർ വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്.
വെറുതെ സെൻസേഷണൽ ആക്കാൻ വേണ്ടി മാത്രം ഇത്തരം കിംവദന്തികൾ പടച്ചുവിടുന്നത് ശരിയല്ല. തമ്പി രാമയ്യ സിനിമയിൽ എത്തുന്നതിന് മുമ്പ്, ഒരു സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്ന കാലം മുതൽ എനിക്ക് അദ്ദേഹത്തെ അറിയാം. അന്ന് അദ്ദേഹം എഴുതിയ സംഭാഷണങ്ങൾ ഞാൻ ടി.വിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അന്നുമുതൽ എന്നോട് വലിയ ബഹുമാനമാണ് അദ്ദേഹത്തിനുള്ളത്. ഈ വാർത്ത പുറത്തുവന്ന ഉടൻ അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് സത്യാവസ്ഥ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഞാൻ ഈ സത്യം എല്ലാവരോടും തുറന്നുപറയുന്നത്.”
Movies
യുവത്വത്തിന്റെ സൗഹൃദവും പ്രണയവും ജീവിതക്കാഴ്ചകളും കോർത്തിണക്കി ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന 'മെറി ബോയ്സ്' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന വർണാഭമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് മാനസാണ്.
ക്യാമ്പസ് ജീവിതത്തിന്റെ ഊർജവും സൗഹൃദങ്ങളുടെ ആഴവും പ്രണയത്തിന്റെ മനോഹരമായ നിമിഷങ്ങളും പുതിയ തലമുറയുടെ ജീവിതസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
Movies
ആഗോള ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുന്ന 'രാമായണ' ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും ഉയർന്ന റിക്കാർഡ് നേട്ടത്തിലേക്ക് അടുക്കുന്നു. നിലവിൽ ആമിർ ഖാന്റെ 'ദംഗൽ' ആണ് ആ സ്ഥാനത്തുള്ളത്. റിലീസ് ചെയ്ത് പതിനഞ്ചു ദിവസങ്ങൾ പിന്നിടുമ്പോൾ രൺബീർ കപു്ർ ചിത്രം ആഗോളതലത്തിൽ 1,547.15 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിടുകയാണ്. എങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമെന്ന നേട്ടത്തിലേക്ക് എത്താൻ ചിത്രത്തിന് ഇനിയും വലിയൊരു ദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.
ആമിർ ഖാൻ നായകനായി 2016-ൽ പുറത്തിറങ്ങിയ 'ദംഗലി'ന്റെ ആഗോള കളക്ഷൻ 2,070. 30 കോടി രൂപയാണ്. ഈ റിക്കാർഡ് മറികടക്കാൻ 'രാമായണ'യ്ക്ക് ഏകദേശം 523.15 കോടി രൂപ കൂടി ആവശ്യമാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റിക്കാർഡ് സ്വന്തമാക്കണമെങ്കിൽ നിലവിലെ കുതിപ്പു വരും ദിവസങ്ങളിലും നിലനിർത്തേണ്ടതുണ്ട്.
അന്താരാഷ്ട്ര വിപണികളിൽ, പ്രത്യേകിച്ച് ചൈനയിൽ 'ദംഗൽ' നേടിയ വൻ വിജയമാണു ചിത്രത്തെ ഇന്നും ഇന്ത്യൻ സിനിമയുടെ ഉയർന്ന കളക്ഷൻ റിക്കാർഡിൽ നിലനിർത്തുന്നത്.
Movies
'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയേറ്റർ ഹാളുകൾക്കുള്ളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ നൽകൂ എന്ന തീരുമാനവുമായി കൊൽക്കത്ത ആസ്ഥാനമായുള്ള എസ്വിഎഫ് സിനിമാസ്. പ്രേക്ഷകരുടെ മതവിശ്വാസങ്ങളെ മാനിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് തിയേറ്റർ അധികൃതർ വ്യക്തമാക്കി.
പശ്ചിമ ബംഗാളിലെ 30 കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന എസ്വിഎഫ് സിനിമാസിൽ, ഈ ചിത്രം പ്രദർശിപ്പിക്കുന്ന സമയത്ത് ഓഡിറ്റോറിയത്തിനുള്ളിലേക്ക് മാംസാഹാരം അനുവദിക്കില്ല.
എന്നാൽ ഈ നിയന്ത്രണം 'രാമായണ'ത്തിന്റെ പ്രദർശന വേളയിൽ ഹാളിനുള്ളിൽ വിളമ്പുന്ന ഭക്ഷണത്തിന് മാത്രമായിരിക്കും ബാധകം. മറ്റ് സിനിമകൾക്ക് ഇത് ബാധകമല്ലെന്നും തിയേറ്ററ്റിന് പുറത്തെ കൗണ്ടറുകളിൽ നിന്ന് മാംസാഹാരം വാങ്ങാമെന്നും കമ്പനി അറിയിച്ചു.
ഹൈന്ദവ ഇതിഹാസത്തോടുള്ള ജനങ്ങളുടെ ഭക്തിയും വിശ്വാസവും കണക്കിലെടുത്താണ് ഇത്തരമൊരു മാറ്റം. മതപരവും സാംസ്കാരികവുമായ വേരുകളുള്ള ചില സിനിമകൾ കേവലം വിനോദത്തിനപ്പുറം വലിയ അർഥങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
ചില സിനിമകൾ കേവലം സിനിമ മാത്രമല്ല. രാമായണത്തിനിടെ ഹനുമാൻ ചാലിസ മുഴങ്ങുമ്പോൾ തിയേറ്റർ ഒരു ക്ഷേത്രം പോലെയായി മാറും തങ്ങളും അത് അനുഭവിക്കുന്നുണ്ടെന്നും തിയേറ്റർ വക്താവ് പറഞ്ഞു.
നേരത്തേ 'മഹാവതാർ നരസിംഹ' എന്ന ആനിമേഷൻ ചിത്രം പ്രദർശിപ്പിച്ചപ്പോൾ, ആദരസൂചകമായി പല പ്രേക്ഷകരും സ്വമേധയാ ചെരുപ്പുകൾ പുറത്ത് ഊരിവച്ച സംഭവമുണ്ടായിരുന്നു.
'ഹനുമാൻ അംശ്' പ്രദർശിപ്പിച്ചപ്പോഴും തിയേറ്ററിനുള്ളിൽ സസ്യാഹാരം മാത്രം നൽകണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. ഈ അനുഭവങ്ങളും പ്രേക്ഷകരുടെ പ്രതികരണങ്ങളുമാണ് പുതിയ തീരുമാനത്തിലേക്ക് നയിച്ചതെന്ന് എസ്വിഎഫ് സിനിമാസ് കൂട്ടിച്ചേർത്തു.
Movies
ആദ്യ കൺ മണിയെ വരവേറ്റ് തെന്നിന്ത്യൻ നായിക സമാന്ത റൂത്ത് പ്രഭു.
സമാന്തയ്ക്കും സംവിധായകന് രാജ് നിധിമൊരുവിനും ആൺ കുഞ്ഞാണ് പിറന്നത്. ദേവ് നിധിമൊരു എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
നവംബര് 19 നാണ് കുഞ്ഞ് ജനിച്ചത്. അമ്മയുടെ വിരല് പിടിച്ചു കിടക്കുന്ന കുഞ്ഞ് വിരലിന്റെ ചിത്രം പങ്കുവച്ചു കൊണ്ടാണ് ഇരുവരും വാര്ത്ത പങ്കിട്ടത്.
‘‘ഞങ്ങളുടെ സുന്ദരനായ കുഞ്ഞ്, ദേവ് നിധിമൊരു. 19.11.2026, ഞങ്ങളുടെ ഹൃദയം ഏറ്റവും കൂടുതല് സന്തോഷം അനുഭവിച്ച സമയം’’ എന്ന കുറിപ്പോടെയാണ് കുഞ്ഞിന്റെ വരവ് താരങ്ങള് അറിയിച്ചിരിക്കുന്നത്.
Movies
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിന്റെ ചിത്രീകരണം വണ്ടൂരിൽ പൂർത്തിയായി.
തീയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടൈൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റമണി, ഷബീർ മലവെട്ടത്ത് എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഒരു വീടിന്റെ പശ്ചാത്തലത്തിൽ ഫുൾ ഫാമിലി ഹ്യൂമർ, ഹൊറർ ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.
വിനീത് ശ്രീനിവാസനോടൊപ്പം സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ് , നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മീനാക്ഷി മാധവനാണു നായിക. തിരക്കഥ- അഭിജിത്ത് സര്യ, വിഷ്ണുവിനോദൻ, സംഗീതം- ബിബിൻ അശോക്. ഛായാഗ്രഹണം - ഹലോ റഷാദ്, എഡിറ്റിംഗ്- കണ്ണൻ മോഹൻ. പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്.
കലാസംവിധാനം- അഖിൽ രാജ് ചിറയിൽ. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജീഷ് വേലായുധൻ. ആക്ഷൻ- കലൈ കിംഗ്സ്റ്റൺ, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ _സാജൻ ആർ. ശാരദ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുഹൈൽ വരട്ടിപ്പള്ളിയാൽ. സ്റ്റിൽസ്- ഷെയ്ൻ സാബുറ.ഡിസൈൻ - ഓൾഡ് മങ്ക്സ്. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. വണ്ടൂരും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ബോളിവുഡ് താരങ്ങളായ സഞ്ജയ് കപൂർ, പ്രശാന്ത് നാരായണൻ എന്നിവർക്കൊപ്പം എസ്തർ അനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അൺഎക്സ്പെക്റ്റഡ് സേഫ്ഡ് സാച്ച് എന്ന ബഹുഭാഷാ ക്രൈം ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
ഗരുഡവേഗ ആഞ്ജി ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ഹിന്ദി ഉൾപ്പെടെ ഒൻപത് ഭാഷകളിലായി ഒരുങ്ങുന്നു.
പൃഥ്വിരാജ്, തമ്പി രാമയ്യ, സഞ്ജയ് സിംഗ്, ഗഞ്ചാ കറുപ്പ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലയാള സിനിമയിൽ ബാലതാരമായി ശ്രദ്ധേയമായ തുടക്കം കുറിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തർ അനിൽ.
മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം എന്ന സൂപ്പർഹിറ്റ് സിനിമയിൽ മോഹൻലാലിന്റെ ഇളയ മകളായ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് എസ്തർ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയത്.
മികച്ച അഭിനയത്തിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് വിവിധ ഭാഷകളിലെ സിനിമകളിലും സാന്നിധ്യമറിയിച്ചു. ബോളിവുഡ് താരം സഞ്ജയ് കപൂർ, അന്വേഷണ ഉദ്യോഗസ്ഥനായ എസ്.എസ്.പി. ഭരത് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'മർഡർ 2', 'ഭാഗ് ജോണി', 'ധരം സങ്കട് മേം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രശാന്ത് നാരായണൻ സുപ്രധാന വേഷത്തിലെത്തുന്നു.
ഡെറാഡൂൺ ISBT-യിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട പീഡന സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സ്ത്രീസുരക്ഷ, നീതി, പൊതുസുരക്ഷ, ഉത്തരവാദിത്തപ്പെട്ട പൊലിസ് അന്വേഷണം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ,ആകാംക്ഷ നിറഞ്ഞ സിനിമാറ്റിക് പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്നു.
യാഷ് വീര ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പ്യാരേലാൽ ഗുണ്ടേച്ച (സോജത് റോഡ് വാല) നിർമിക്കുന്നു. കെവിൻ റോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗർവാലി, ഗുജറാത്തി, പഞ്ചാബി, ഭോജ്പുരി എന്നീ ഒൻപത് ഭാഷകളിലെ വിവിധ പ്രമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ഈ ചിത്രം 2027-ൽ ആഗോളതലത്തിൽ പ്രദർശനത്തിനെത്തും. പിആർഒ- എ.എസ്. ദിനേശ്, മനു ശിവൻ.
Movies
ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന യുവതലമുറയിലെ പ്രതിഭകളെ ഉൾപ്പെടുത്തി ടൈം മാഗസിൻ ആദ്യമായി പുറത്തിറക്കിയ ‘ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026’ പട്ടികയിൽ ഇടം നേടി മലയാള സിനിമയും.
മലയാളികളായ പാർവതി തിരുവോത്ത്, കനി കുസൃതി, ദുൽഖർ സൽമാൻ, നയൻതാര എന്നിവരാണ് പട്ടികയിൽ തിളങ്ങിയത്.
സിനിമയ്ക്കകത്തും പുറത്തും സ്വീകരിച്ച നിലപാടുകളും കലാപരമായ ഇടപെടലുകളുമാണ് താരങ്ങളെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയത്.
‘ഫീനോംസ്’ എന്ന വിഭാഗത്തിലാണ് പാർവതി തിരുവോത്ത് ഉൾപ്പെട്ടിരിക്കുന്നത്. അഭിനയത്തിനപ്പുറം നിലപാടുകളുടെ കരുത്ത് കൊണ്ടും പാർവതി വേറിട്ടുനിൽക്കുന്നുവെന്നാണ് ബോളിവുഡ് നടി റിച്ച ഛദ്ദ ടൈം മാഗസിനിൽ കുറിച്ചത്.
തിരക്കഥകളിൽ മാത്രം ധൈര്യം കാണിക്കുന്ന പലർക്കുമിടയിൽ യഥാർത്ഥ ജീവിതത്തിൽ ധൈര്യത്തിന്റെ മുഖമായി മാറിയ താരമാണ് പാർവതിയെന്ന് റിച്ച വിലയിരുത്തുന്നു.
ശരിയുടെ പക്ഷം ചേർന്നതിന്റെ പേരിൽ വലിയ അവസരങ്ങൾ നഷ്ടമായപ്പോഴും പതറാതെ നിന്ന പാർവതിയുടെ സാന്നിധ്യം സിനിമാരംഗത്തെ സ്ത്രീകൾക്ക് വലിയ കരുത്താണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ആർട്ടിസ്റ്റ്സ്’ വിഭാഗത്തിലാണ് കനി കുസൃതിയും ദുൽഖർ സൽമാനും ഇടം പിടിച്ചത്. ബഹുമുഖ ഭാഷാ സിനിമകളിലെ സാന്നിധ്യവും നിർമ്മാണ രംഗത്തെ പുത്തൻ പരീക്ഷണങ്ങളുമാണ് ദുൽഖറിനെ ശ്രദ്ധേയനാക്കിയതെന്ന് നടൻ അനിൽ കപൂർ ടൈം മാഗസിനിൽ എഴുതിയ കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
മമ്മൂട്ടി എന്ന വലിയ പാരമ്പര്യത്തിന്റെ പ്രതീക്ഷകൾക്കിടയിലും സ്വന്തമായൊരു പാത വെട്ടിത്തുറക്കാൻ ദുൽഖർ കാണിച്ച ആത്മവിശ്വാസം അനിൽ കപൂർ എടുത്തുപറയുന്നു.
നല്ല കഥകൾക്കും പുതിയ പ്രതിഭകൾക്കും വേദിയൊരുക്കുന്ന നിർമ്മാതാവ് എന്ന നിലയിലുള്ള ദുൽഖറിന്റെ കാഴ്ചപ്പാടുകളും കുറിപ്പിൽ പ്രശംസിക്കപ്പെടുന്നു.
പട്ടികയിൽ ഉൾപ്പെട്ട മറ്റ് മലയാള താരമായ നയൻതാരയുടെ നേട്ടങ്ങളും സിനിമാ മേഖലയിൽ വലിയ ചർച്ചയായിട്ടുണ്ട്.
Movies
ആദ്യത്തെ കൺമണിക്ക് പേരിട്ട് നടൻ സംഗീത് പ്രതാപും ഭാര്യയും. താര റെയ്ൻ സംഗീത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ന്യൂബോൺ ബേബി ഫോട്ടോ ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
‘‘വിണ്ണിലെ നക്ഷത്രങ്ങളിൽ കുറിക്കപ്പെട്ട്, ഒരു കുളിർമഴ പോലെ ഞങ്ങളിലേക്ക് പെയ്തിറങ്ങിയവളാണ് നീ... പൊടീ, നീ ഞങ്ങളുടെ കൊച്ചുനക്ഷത്രമാണ്, ഞങ്ങളുടെ കുഞ്ഞുറാണിയാണ്; ഞങ്ങളുടെ ജീവിതത്തിൽ ഇന്നോളം സംഭവിച്ചതിൽ വച്ച് ഏറ്റവും മനോഹരമായ പുണ്യമാണ് നീ.’’കുഞ്ഞിന്റെ ചിത്രങ്ങൾ പങ്കുവച്ച് സംഗീതും ആൻസിയും കുറിച്ചു.
Movies
സംവിധായകൻ മിഷ്കിൻ തന്റെ കാൽമുട്ടിൽ സ്പർശിച്ചതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന ട്രോളുകൾക്കും വിമർശനങ്ങൾക്കും ചുട്ട മറുപടിയുമായി നടി കീർത്തി സുരേഷ്. പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവം.
താനും മിഷ്കിനും തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ആത്മബന്ധമാണെന്നും സിനിമയിൽ അഭിനയിക്കുന്നതും പൊതുവിടങ്ങളിലെ പെരുമാറ്റവും തമ്മിൽ താരതമ്യം ചെയ്യുന്നവർ ചിന്താഗതി തിരുത്തണമെന്നും കീർത്തി വ്യക്തമാക്കി.
കോർട്ട് റൂം ഡ്രാമയായ ‘സത്യവാൻ സാവിത്രി’യിൽ കീർത്തി സുരേഷും മിഷ്കിനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ കീർത്തിയെ പ്രശംസിച്ച് സംസാരിക്കവെ മിഷ്കിൻ താരത്തിന്റെ കാൽമുട്ടിൽ സ്പർശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
മിഷ്കിന്റെ പ്രവൃത്തിയിൽ കീർത്തി അസ്വസ്ഥയായി എന്നാണ് ചിലർ വീഡിയോ വഴി പ്രചരിപ്പിച്ചത്. സിനിമകളിൽ സഹതാരങ്ങൾ സ്പർശിക്കുന്നത് അനുവദിക്കുന്ന നടിക്ക് പൊതുവേദിയിൽ എന്താണ് ഇത്ര അസ്വസ്ഥത എന്നായിരുന്നു എക്സിൽ ഒരാളുടെ പരിഹാസം.
‘‘ഒന്നാമതായി, എന്റെ മുഖത്ത് എവിടെയാണ് നിങ്ങൾ അസ്വസ്ഥത കണ്ടത്? ഞങ്ങൾ തമ്മിലുള്ളത് അച്ഛനും മകളും പോലെയുള്ള ബന്ധമാണെന്ന് ഞാനും അദ്ദേഹവും പറഞ്ഞത് നിങ്ങൾ കേട്ടില്ലേ? രണ്ടാമതായി, എനിക്ക് അസ്വസ്ഥത തോന്നിയെന്ന് തന്നെ വയ്ക്കുക; സിനിമകളിൽ അത്തരം രംഗങ്ങളിൽ അഭിനയിക്കുന്നുണ്ടെന്ന് കരുതി പൊതുവിടങ്ങളിലും അതെല്ലാം സഹിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? സഹോദരാ, നിങ്ങളുടെ ചില ചിന്താഗതികൾ തിരുത്തേണ്ടതുണ്ട്.’’ കീർത്തി സുരേഷ് കുറിച്ചു.
Movies
ജോണി വാക്കർ എന്ന ചിത്രത്തിൽ ഷെല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോബിൻ വർഗീസ് അന്തരിച്ചു. നവംബർ 19-ന് അമേരിക്കയിൽ വെച്ചായിരുന്നു അന്ത്യം. തിരുവല്ല മല്ലപ്പള്ളി കുന്നന്താനം സ്വദേശിയാണ്
1992-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ജയരാജാണ് സംവിധാനം ചെയ്തത്. ഇതിൽ മമ്മൂട്ടിയുടെ സഹോദരന്റെ കൂട്ടുകാരനായാണ് റോബിൻ പ്രത്യക്ഷപ്പെട്ടത്.
കൊച്ചിൻ കോറസ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് റോബിൻ വർഗ്ഗീസ് കലാരംഗത്തേക്ക് കടന്നുവന്നത്. ‘ജോണി വാക്കറി’നു പുറമേ 2019-ൽ റിലീസായ ‘സോളമന്റെ മണവാട്ടി സോഫിയ’ എന്ന മലയാള ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു. ചില കന്നഡ സിനിമകളിലും നിരവധി ഷോർട്ട് ഫിലിമുകളിലും റോബിൻ വർഗീസ് വേഷമിട്ടിട്ടുണ്ട്.
Movies
മകൾ ഐശ്വര്യയ്ക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെയും അപവാദപ്രചരങ്ങൾക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നടൻ അർജുൻ.
അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ മകൾക്കെതിരെ ഉയർന്നുവരുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ തനിക്ക് നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്ന് അർജുൻ പറയുന്നു. മകളുടെ വ്യക്തിജീവിതത്തിലെ കാര്യങ്ങള് താൽപര്യമുണ്ടെങ്കിൽ ഉചിതമായ സമയത്ത് അവൾ തന്നെ സംസാരിക്കുമെന്നും താരം വ്യക്താക്കി.
‘‘ആദ്യമായി, മകൾ അഞ്ജനയുടെ വിവാഹത്തോടനുബന്ധിച്ച് അവൾക്കും ഞങ്ങളുടെ കുടുംബത്തിനും ആശംസകളേകിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളുടെ സ്നേഹവും കരുതലും എന്നും ഞങ്ങൾ ഏറെ വിലമതിക്കുന്ന ഒന്നാണ്; പ്രാർഥനകളിലും മനസിലും ഞങ്ങളെ ചേർത്തുവെച്ച എല്ലാവരോടും എന്നും കടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഇങ്ങനെയൊരു വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടി വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നതല്ല.
എന്റെ ഇളയ മകളുടെ വിവാഹസമയത്ത്, മൂത്തമകൾ ഐശ്വര്യ അർജുന്റെ വ്യക്തിജീവിതത്തെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി. അവളുടെ സ്വകാര്യതയെ പൂർണമായും മാനിച്ചുകൊണ്ട്, അവൾ മാത്രം പറയേണ്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് ഞാൻ ബോധപൂർവം തീരുമാനിച്ചതായിരുന്നു.
സ്വന്തം ഇഷ്ടാനുസരണം ജീവിക്കാനും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും ഏതൊരു സ്ത്രീക്കും അവകാശമുണ്ട്. താല്പര്യമുണ്ടെങ്കിൽ, ഉചിതമായ സമയത്ത് അവൾ തന്നെ അതിനെക്കുറിച്ച് സംസാരിച്ചുകൊള്ളും.
എന്നാൽ, എന്റെ മകളെയും അവളുടെ സ്വഭാവത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് തികച്ചും അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ ഒരു അച്ഛനെന്ന നിലയിൽ എനിക്ക് നിശ്ശബ്ദനായിരിക്കാൻ കഴിയില്ല.
അഭിനേതാക്കൾ എന്ന നിലയിൽ, പൊതുജീവിതത്തിൽ പലതരത്തിലുള്ള നിരീക്ഷണങ്ങളും ഊഹാപോഹങ്ങളും സ്വാഭാവികമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, വെറും അഭ്യൂഹങ്ങളും മനഃപൂർവം പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പൊതുശ്രദ്ധയിലുള്ളവരാണ് എന്നതുകൊണ്ട് ആർക്കും കഥകൾ മെനഞ്ഞെടുക്കാനോ വ്യക്തിഹത്യ നടത്താനോ ഉള്ള അവകാശമില്ല.
യാതൊരു തെളിവുമില്ലാതെ, ഒരു സ്ത്രീയെ മദ്യപാനി എന്ന് മുദ്രകുത്തുന്നതുൾപ്പെടെയുള്ള ഹീനമായ പരാമർശങ്ങൾ നടത്തുന്നത് അങ്ങേയറ്റം നിരുത്തരവാദപരവും ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്തതുമാണ്.
മൗനമാണ് പലപ്പോഴും ഏറ്റവും മാന്യമായ മറുപടിയെന്നാണ് ഞങ്ങൾ എപ്പോഴും കരുതിയിരുന്നത്. എന്നാൽ ആ മൗനം കുറ്റസമ്മതമായി ആരും തെറ്റിദ്ധരിക്കരുത്; നുണകൾ വീണ്ടും വീണ്ടും പ്രചരിപ്പിക്കാനുള്ള അനുവാദവുമായി അതിനെ കാണരുത്.
അതുകൊണ്ടുതന്നെ, ബന്ധപ്പെട്ട അധികാരികൾക്ക് ഔദ്യോഗികമായി പരാതി നൽകിക്കൊണ്ട് ഞങ്ങൾ ഇതിനെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തനത്തെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. എന്നാൽ മാധ്യമരംഗത്തെ ചിലരെങ്കിലും സത്യത്തോടോ വിശ്വാസ്യതയോടോ തെല്ലും കൂറില്ലാതെ, വാർത്തകൾ വിറ്റഴിക്കാൻ വേണ്ടി മാത്രം അടിസ്ഥാനമില്ലാത്ത ആരോപണങ്ങളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും പർവ്വതീകരിക്കുന്നത് നിർഭാഗ്യകരമാണ്.
ഇത് എന്റെ മകളുടെ മാത്രം കാര്യമല്ല. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെടുകയും, വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾ പരസ്യവിചാരണയ്ക്ക് ഇരയാവുകയും ചെയ്യുന്ന ഓരോ സ്ത്രീയുടെയും പ്രശ്നമാണിത്. കുടുംബത്തിന്റെ പിന്തുണയില്ലാത്ത സ്ത്രീകളെ സംബന്ധിച്ച് ഇത്തരം ആരോപണങ്ങൾ അവരുടെ ജീവിതം കൂടുതൽ ദുസഹമാക്കും. ഒരു സ്ത്രീയും ഇത് ഒറ്റയ്ക്ക് നേരിടേണ്ടി വരരുത്, സ്വന്തം ജീവിതരീതിയെ മറ്റുള്ളവർക്ക് മുന്നിൽ ന്യായീകരിക്കേണ്ട അവസ്ഥയും അവർക്കുണ്ടാകരുത്.
ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കാനുള്ള എന്റെ മകളുടെ അവകാശത്തിനൊപ്പം ഒരു അച്ഛനെന്ന നിലയിൽ ഞാൻ എപ്പോഴും ഉറച്ചുനിൽക്കും. ഉത്തരവാദപ്പെട്ടവർ ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. അടിസ്ഥാനരഹിതവും അപകീർത്തികരവുമായ ഇത്തരം വ്യാജവാർത്തകൾ ഇനിയും പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്താൽ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരും.
ആത്മാഭിമാനവും അന്തസും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാനാവാത്തതാണ്. വിശ്വസ്തതയോടെ, അർജുൻ സർജ.’’
അര്ജുന്റെ ഇളയ മകൾ അഞ്ജനയുടെ വിവാഹ ചിത്രങ്ങള് പുറത്ത് വന്നതിന് പിന്നാലെയാണ് മൂത്ത മകളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ചർച്ചയായത്.
ഐശ്വര്യയുടെ ഭർത്താവ് ഉമാപതി വിവാഹാഘോഷവേളയിൽ എവിടെയും ഉണ്ടായിരുന്നില്ല. അഞ്ജനയുടെ വിവാഹച്ചിത്രങ്ങളിലെ കമന്റുകളിലും ഇതായിരുന്നു പ്രധാന ചർച്ച. ‘ഭാര്യയുടെ സഹോദരിയുടെ വിവാഹം എന്നത് വളരെ പ്രധാനപ്പെട്ടൊരു ചടങ്ങല്ലേ എന്നിട്ടും എന്തുകൊണ്ട് മൂത്ത മകളുടെ ഭർത്താവ് പങ്കെടുത്തില്ല’ എന്നതരത്തിലുള്ളതായിരുന്നു കമന്റുകൾ. എന്നാൽ അത്തരം കമന്റുകളോട് അർജുന്റെ കുടുംബത്തിൽ നിന്നും ആരും തന്നെ പ്രതികരിച്ചിട്ടില്ല.
ഇതോടെ ഐശ്വര്യയും ഉമാപതിയും വേര്പിരിഞ്ഞു എന്നും, ഐശ്വര്യയുടെ മദ്യപാനമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നുമൊക്കെയുള്ള യൂട്യൂബ് ചാനല് ചര്ച്ചകളും സജീവമായിരുന്നു.
ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് ഐശ്വര്യയും ഉമാപതിയും 2024ൽ വിവാഹിതരായത്. നടൻ തമ്പി രാമയ്യയുടെ മകനാണ് നടനായ ഉമാപതി. 2013ൽ ‘പട്ടത്ത് യാനൈ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
Movies
ക്നായി തൊമ്മന് എന്ന ചരിത്രനായകന്റെ കഥ സിനിമയാകുന്നു. വിജി തമ്പിയാണ് ക്നായി തൊമ്മനെ അവതരിപ്പിക്കുന്നത്. പ്രസാദ് വാളച്ചേരിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
മേൽക്കാര പുറത്ത് പിക്ച്ചേർസിന്റെ ബാനറിൽ ടോമി മേൽക്കാരപ്പുറ ത്താണ് ഈ ചിത്രം നിർമിക്കുന്നത്. സജി സോമൻ, അംബിക, മല്ലികാ സുകുമാരൻ, മുരളി മോഹൻ, ജയകൃഷ്ണൻ, കോട്ടയം രമേഷ് ഇബ്രാഹിം കുട്ടി, ഇസഹാക്ക്, ജയൻ ചേർത്തല, ചാലി പാല, ആലപ്പി അഷ്റഫ്, ജോസഫ് ചാവറ, സൈമൺ പാറക്കൽ, തോമസ് സംക്രാന്തി, ആശിഷ് അലക്സ് ശ്രീദർശൻ, സന്തോഷ് കുമാർ നാട്ടുകം എന്നിവരും പ്രധാന അഭിനേതാക്കളാണ്.
മൂലകഥ- ക്നാനായ സമൂഹം. തിരക്കഥ- കുമരകം ബാബുരാജ്. ഛായാഗ്രഹണം- ഗോകുൽ. എഡിറ്റിംഗ്- പി.സി. മോഹൻ. പ്രൊഡക്ഷൻ ഡിസൈൻ- ആന്റണി ഏലൂർ. നവംബർ ഇരുപത്തിയാറിന് വാഗമണ്ണിൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, ചേർത്തല എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ബോളിവുഡ് താരങ്ങൾക്ക് നേരെ തുടർച്ചയായി വധഭീഷണികൾ ഉയരുന്നത് സിനിമാലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖ് വധക്കേസിലെ പ്രതിയായ സീഷൻ അക്തറിന്റെ പേരിൽ നടൻ സെയ്ഫ് അലി ഖാന് വധഭീഷണി ലഭിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
സീഷൻ അക്തറിന്റെ പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നതെന്ന് മുംബൈ പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന് പിന്നിൽ അക്തർ തന്നെയാണോ അതോ മറ്റാരെങ്കിലും അയാളുടെ പേര് ഉപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിച്ചതാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.
സമീപകാലത്തായി ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങൾക്ക് നേരെ ഭീഷണി സന്ദേശങ്ങൾ എത്തിയിരുന്നു. ഈ മാസം ആദ്യം നടന്മാരായ തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്ക് അജ്ഞാതരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നു. ഈ കേസിൽ ബംഗളൂരു സ്വദേശിയായ വൈഭവ് മിശ്ര (30) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഐഐടി ബിരുദധാരിയായ ഇയാൾ ഭീഷണി സന്ദേശങ്ങൾ അയക്കാൻ നിർമ്മിത ബുദ്ധി ഉപയോഗിച്ചതായാണ് വിവരം.
ഇതിന് പുറമെ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും നേരെയും അടുത്തിടെ ഭീഷണിയുണ്ടായിരുന്നു. ഗുണ്ടാനേതാവ് ഗോൾഡി ധില്ലനാണ് സോഷ്യൽ മീഡിയ വഴി ഇരുവർക്കുമെതിരെ ഭീഷണി മുഴക്കിയത്.
1984-ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ ചില പരാമർശങ്ങളാണ് ഭീഷണിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ വിഷയത്തിലും പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
അമിതാഭിന് നേരെ നിരോധിത വിഘടനവാദ സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിൽ നിന്ന് പുതിയ ഭീഷണി ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.
നവംബർ 19 മുതൽ 27 വരെയുള്ള ദിവസങ്ങളിൽ ബച്ചന്റെ മുംബൈയിലെ വസതിയായ ജൽസയ്ക്ക് മുന്നിൽ ഒത്തുകൂടാൻ പന്നുൻ അനുയായികളോട് ആഹ്വാനം ചെയ്തതായിട്ടാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഖാലിസ്ഥാൻ ജൽസ സംഘടിപ്പിക്കുന്നവർക്ക് 11 ലക്ഷം രൂപ പ്രതിഫലവും ഇയാൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മുംബൈയിലെ സിഖ് സമുദായാംഗങ്ങളോട് നിർദ്ദിഷ്ട യോഗത്തിൽ പങ്കെടുക്കാൻ പന്നുന്റേതായി പുറത്തുവന്ന സന്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നടനെ ലക്ഷ്യം വെച്ചുകൊണ്ട് ബച്ച് ഗയേ യാൻ ഫാസ് ഗയേ എന്ന നിഗൂഢമായ വരിയും സന്ദേശത്തിലുണ്ടായിരുന്നു.
1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഈ ഭീഷണിയിലും ഉയർത്തിക്കാട്ടുന്നത്.
കൊലപാതകത്തിന് പിന്നാലെ ബച്ചൻ നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാണ് പന്നുൻ ശ്രമിക്കുന്നത്. എന്നാൽ ഈ വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അമിതാഭ് ബച്ചൻ നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതാണ്.
നടൻ ടൈഗർ ഷ്രോഫും സമാനമായ സുരക്ഷാ ഭീഷണി നേരിടുന്നവരുടെ പട്ടികയിലുണ്ട്. മുംബൈയിലെ ജുഹു പ്രദേശത്ത് ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അടുത്തിടെ ഉണ്ടായ വെടിവയ്പ്പ് വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ ആമിർ ഖാൻ, അക്ഷയ് കുമാർ, രൺവീർ സിംഗ്, ദിൽജിത് ദോസഞ്ച് തുടങ്ങിയ താരങ്ങൾക്കും ഭീഷണികളോ സുരക്ഷാ ആശങ്കകളോ നേരിടേണ്ടി വന്നിട്ടുണ്ട്. ഇവയിൽ പല സംഭവങ്ങളും അന്വേഷണ ഘട്ടത്തിലാണ്. അതേസമയം, ചില ഭീഷണികൾ വ്യാജമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
ചുരുങ്ങിയ കാലത്തിനിടെ ഇത്രയധികം ബോളിവുഡ് താരങ്ങൾക്ക് നേരെ ഭീഷണികൾ ഉയരുന്നത് അവരുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സംഭവങ്ങളുടെ ഗൗരവം കണക്കിലെടുത്ത് മുംബൈ പൊലിസും മറ്റ് അന്വേഷണ ഏജൻസികളും വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
Movies
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വധഭീഷണി. എൻസിപി നേതാവാ് ബാബി സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സീഷൻ അഖ്തറുടെ പേരിലാണു ഭീഷണി സന്ദേശമെത്തിയത്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചു.
ബാബാ സിദ്ദിഖിനുണ്ടായ അതേ വിധിയാണ് നേരിടാൻ പോകുന്നതെന്നായിരുന്നായിരുന്നു നടന്റെ ഫോണിലേക്ക് ശബ്ദ സന്ദേശമെത്തിയത്. തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്കെതിരേയും സമാന ഭീഷണി ഉയർന്നിരുന്നു.
മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതി സീഷൻ അക്തറാണോ ഇതിന് പിന്നിലെന്നും, അതോ മറ്റാരെങ്കിലും ശബ്ദം അനുകരിച്ച് വ്യാജമായി നിർമിച്ചതാണോ എന്നുമാണ് പൊലിസ് പ്രധാനമായും പരിശോധിക്കുന്നത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിന്റെ പേരിലാണ് ഭീഷണി സന്ദേശം പ്രചരിക്കുന്നത്. താൻ സീഷൻ അക്തറാണെന്ന് അവകാശപ്പെട്ടാണ് സന്ദേശത്തിലെ സംസാരം. സെയ്ഫ് അലി ഖാന്റെ ഭാര്യയും നടിയുമായ കരീന കപൂറുമായി ബന്ധപ്പെട്ട സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടനു നേരെ ഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.
ശബ്ദസന്ദേശം സീഷൻ അക്തർ തന്നെയാണോ അയച്ചതെന്ന് പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലിസ് വൃത്തങ്ങൾ പറയുന്നു. ഫോറൻസിക്, സൈബർ ക്രൈം വിഭാഗങ്ങൾ ശബ്ദത്തിന്റെ ആധികാരികത ശാസ്ത്രീയമായി പരിശോധിക്കുന്നുണ്ട്.
സീഷൻ അക്തറിന്റെ മുൻകാല ശബ്ദസാംപിളുകളുമായി ഇത് ഒത്തുനോക്കുന്നുണ്ട്. 2024 ഒക്ടോബറിൽ ബാന്ദ്രയിൽ ബാബ സിദ്ദിഖി വെടിയേറ്റു മരിച്ചതിനു പിന്നാലെ ഒളിവിൽ പോയതാണ് സീഷൻ അക്തർ. ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളായാണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞിരുന്നത്.
എന്നാൽ പിന്നീട് വിദേശത്തേക്ക് കടന്നതായും രോഹിത് ഗോദാര സംഘത്തിനൊപ്പം ചേർന്നതായും അവകാശപ്പെട്ട് ഇയാൾ സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ പങ്കുവച്ചിരുന്നു.
Movies
നടി കീർത്തി സുരേഷിന് മോതിരം സമ്മാനിച്ച് സംവിധായകനും നടനുമായ മിഷ്കിൻ. ‘ഡൊറോത്തി’ എന്ന സിനിമയിൽ അഭിനയിക്കാൻ ധൈര്യം കാണിച്ചതിനാണ് മിഷ്കിൻ മോതിരം നൽകിയത്.
നേരത്തെ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയ നടന്മാരായ സനന്തിനും റിഷികാന്തിനും മിഷ്കിൻ സ്വർണ മോതിരം സമ്മാനിച്ചിരുന്നു. കീർത്തിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ഒന്നിച്ചെത്തുന്ന ‘സത്യവാൻ സാവിത്രി’ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു താരം.
‘‘കീർത്തിയെ കാണുമ്പോൾ എന്റെ മകളുടെ മുഖം മനസിൽ വരും. ആദ്യമൊരു അകലം ഞാന് വച്ചിരുന്നു. പിന്നെ മകളുടെ കാര്യം കീർത്തിയോടു പറഞ്ഞു. അവർക്കും അതു കേട്ടപ്പോൾ വലിയ സന്തോഷമായി.
എന്റെ മകൾ തന്നെയാണ്. ഒരു ഇരുപത് വർഷം സിനിമയിൽ കീർത്തി തുടരണമെന്നാണ് എന്റെ ആഗ്രഹം. അഴകിയ ദേവത പോലെ മനോഹരിയാണവൾ. അത്രയും കഴിവുണ്ട്. ഒരു സാമിയെ കാണുന്നതുപോലെയാണ് മുഖം കാണുമ്പോള് തോന്നുക. അത്രയും ശുദ്ധമാണവർ.
എന്റെയൊരു സിനിമയിൽ അഭിനയിക്കാനായി ഞാന് കീർത്തിയുടെ വീട്ടിലേക്ക് വിളിച്ചിരുന്നു. പക്ഷേ എന്റെ പേര് കേട്ട ഉടൻ അവർ ഫോൺ വച്ചു. അച്ഛനാണോ അമ്മയാണോ ഫോൺ എടുത്തതെന്ന് അറിയില്ല. ഇന്ന് കീര്ത്തിക്കൊപ്പം അഭിനയിക്കാനയതിൽ ഒരുപാട് ഭാഗ്യം.