അവഞ്ചേഴ്സ് ടീം
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (MCU) ഏറ്റവും വലിയ തിരിച്ചുവരവുകളിലൊന്നായി ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ്: ഡൂംസ്ഡേ. വർഷങ്ങളായി മാർവൽ സിനിമകൾ പിന്തുടരുന്നവർക്കുപോലും ഒരുപാട് ആകാംക്ഷയുണ്ടാക്കുന്ന ചിത്രമാണിത്.
എന്നാൽ മാർവൽ സിനിമകൾ സ്ഥിരമായി കാണാത്തവർക്കും പഴയ കഥകൾ മറന്നുപോയവർക്കും ഡൂംസ്ഡേ എന്താണെന്നും അതിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും മനസിലാക്കാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.
ഇത് സാധാരണ സൂപ്പർഹീറോ സിനിമയല്ല. അവഞ്ചേഴ്സിന്റെ പഴയ തലമുറയും പുതിയ തലമുറയും വ്യത്യസ്ത മാർവൽ ലോകങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങളും ഒരുമിച്ചെത്തുന്ന വലിയൊരു കഥയുടെ ഭാഗമാണ് ഈ ചിത്രം.
1. ആദ്യം മാർവൽ സിനിമകളുടെ കഥ എവിടെ നിന്നാണ് തുടങ്ങുന്നത്?
ഇൻഫിനിറ്റി സാഗ (Infinity Saga)
ഇതാണ് അയൺമാനും ക്യാപ്റ്റൻ അമേരിക്കയും തോറും ഹൾക്കും ഉൾപ്പെടുന്ന പഴയ അവഞ്ചേഴ്സ് ടീമിന്റെ കഥ. ഈ കഥയുടെ പ്രധാന വില്ലനായിരുന്നു താനോസ് (Thanos).
The Avengers (2012): ലോകത്തെ രക്ഷിക്കാൻ അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, ഹൾക്ക്, ബ്ലാക്ക് വിഡോ, ഹോക്കി എന്നിവർ ആദ്യമായി ഒരുമിക്കുന്നു.
Avengers: Age of Ultron (2015): മനുഷ്യരാശിയെ രക്ഷിക്കാനെന്ന പേരിൽ സൃഷ്ടിച്ച അൾട്രോൺ തന്നെ വലിയ ഭീഷണിയായി മാറുന്നു.
Avengers: Infinity War (2018): ആറ് ഇൻഫിനിറ്റി സ്റ്റോണുകൾ സ്വന്തമാക്കി പ്രപഞ്ചത്തിന്റെ പകുതി ജീവികളെയും ഇല്ലാതാക്കാൻ താനോസ് ശ്രമിക്കുന്നു. ഒടുവിൽ അയാൾ വിജയിക്കുന്നു.
Avengers: Endgame (2019): താനോസിന്റെ പ്രവർത്തനങ്ങൾ തിരുത്താൻ അവഞ്ചേഴ്സ് വീണ്ടും ഒന്നിക്കുന്നു. വലിയ പോരാട്ടത്തിനൊടുവിൽ അയൺമാൻ സ്വന്തം ജീവൻ ത്യജിച്ച് താനോസിനെ പരാജയപ്പെടുത്തുന്നു. ക്യാപ്റ്റൻ അമേരിക്ക തന്റെ ദൗത്യം പൂർത്തിയാക്കി പഴയ ജീവിതത്തിലേക്ക് മടങ്ങുന്നു. ഇവിടെ ശ്രദ്ധിക്കേണ്ടത് ടോണി സ്റ്റാർക്കിന്റെ (അയൺമാൻ) മരണവും സ്റ്റീവ് റോജേഴ്സിന്റെ (ക്യാപ്റ്റൻ അമേരിക്ക്) പിന്മാറ്റവുമാണ്. പഴയ അവഞ്ചേഴ്സ് ടീമിന്റെ ഒരു യുഗത്തിന് ഇതോടെ അവസാനമായി.
2. എന്താണ് മൾട്ടിവേഴ്സ് ?
Endgame-ന് ശേഷം മാർവൽ കഥകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി മാറിയ ആശയമാണ് മൾട്ടിവേഴ്സ്. നമ്മൾ ജീവിക്കുന്ന പ്രപഞ്ചം ഒന്നുമാത്രമല്ലെന്നും അതുപോലെ നിരവധി പ്രപഞ്ചങ്ങളും അവയിൽ വ്യത്യസ്ത ജീവിതങ്ങൾ നയിക്കുന്ന കഥാപാത്രങ്ങളും ഉണ്ടെന്നുമുള്ള ആശയമാണിത്.
ഉദാഹരണത്തിന്, ഒരു പ്രപഞ്ചത്തിൽ ടോണി സ്റ്റാർക്ക് അയൺമാനാണെങ്കിൽ മറ്റൊരു പ്രപഞ്ചത്തിൽ അയാളുടെ ജീവിതം വ്യത്യസ്തമായിരിക്കാം. ഒരേ കഥാപാത്രത്തിന് തന്നെ പല രൂപങ്ങളും പല ജീവിതങ്ങളും ഉണ്ടാകാം. ഇവിടെയാണ് ലോകി എന്ന സീരീസിന്റെ പ്രാധാന്യം. സമയവും ടൈംലൈനുകളും വ്യത്യസ്ത പ്രപഞ്ചങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഈ സീരീസ് വിശദീകരിക്കുന്നു.
അതുപോലെ Spider-Man: No Way Home, Doctor Strange in the Multiverse of Madness എന്നീ ചിത്രങ്ങളും മൾട്ടിവേഴ്സ് കഥയെ കൂടുതൽ വികസിപ്പിച്ചു.
3. ആരാണ് ഡോക്ടർ ഡൂം (Doctor Doom)?
മാർവൽ കോമിക്സിലെ ഏറ്റവും ശക്തരും ബുദ്ധിമാന്മാരുമായ വില്ലന്മാരിൽ ഒരാളാണ് ഡോക്ടർ ഡൂം. ലാറ്റ്വീരിയ എന്ന സാങ്കൽപ്പിക രാജ്യത്തിന്റെ ഭരണാധികാരിയാണ്. അയാൾ വെറുമൊരു സാധാരണ വില്ലനല്ല. ശാസ്ത്രസാങ്കേതിക വിദ്യയിലും മാന്ത്രികവിദ്യയിലും ഒരുപോലെ പ്രാവീണ്യമുള്ള വ്യക്തിയാണ്. മിസ്റ്റർ ഫന്റാസ്റ്റിക്കുമായി (Reed Richards) അദ്ദേഹത്തിന് സങ്കീർണമായ ബന്ധവുമുണ്ട്.
അയൺമാനായി ലോകം കണ്ട റോബർട്ട് ഡൗണി ജൂനിയർ തന്നെയാണ് ഡോക്ടർ ഡൂമായി തിരിച്ചെത്തുന്നത്.
എന്നാൽ ഒരു കാര്യം പ്രത്യേകം ഓർക്കണം: ടോണി സ്റ്റാർക്ക്(അയൺമാൻ) തിരിച്ചുവരുന്നു എന്നല്ല ഇതിനർഥം. MCU-യിൽ റോബർട്ട് ഡൗണി ജൂനിയർ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് വിക്ടർ വോൺ ഡൂം.
4. എന്തുകൊണ്ടാണ് ഫന്റാസ്റ്റിക് ഫോറിനും എക്സ്-മെനും ഇത്ര പ്രാധാന്യം?
റീഡ് റിച്ചാർഡ്സ്, സൂ സ്റ്റോം, ജോണി സ്റ്റോം, ബെൻ ഗ്രിം എന്നിവർ അടങ്ങുന്ന സൂപ്പർഹീറോ ടീമാണ് ഫന്റാസ്റ്റിക് ഫോർ.
X-Men
മ്യൂട്ടന്റുകൾ എന്നറിയപ്പെടുന്ന പ്രത്യേക കഴിവുകളുള്ള മനുഷ്യരുടെ സംഘം. പ്രൊഫസർ എക്സ്, മാഗ്നെറ്റോ, സൈക്ലോപ്സ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാണ്.
ഇതുവരെ MCU-വിൽ പ്രധാനമായും അവഞ്ചേഴ്സിന്റെ കഥയാണ് നമ്മൾ കണ്ടിരുന്നത്. എന്നാൽ ഡൂംസ്ഡേയിൽ വ്യത്യസ്ത പ്രപഞ്ചങ്ങളിലെ കഥാപാത്രങ്ങൾ ഒരുമിച്ചെത്തുകയാണ്.
പ്രത്യേകിച്ച് പഴയ X-Men സിനിമകളിലെ കഥാപാത്രങ്ങളും പുതിയ Fantastic Four ടീമും MCU-വിലെ അവഞ്ചേഴ്സും ഒരേ സിനിമയിൽ എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.
5. പുതിയ അവഞ്ചേഴ്സ് ടീം ആരാണ്?
Endgame-ൽ പഴയ ടീം പിരിഞ്ഞതോടെ പുതിയ സൂപ്പർഹീറോകൾ MCU-വിൽ എത്തിത്തുടങ്ങി. ഇതിൽ ശ്രദ്ധിക്കേണ്ട ചില കഥാപാത്രങ്ങൾ ഇവരാണ്
- സാം വിൽസൺ – പുതിയ ക്യാപ്റ്റൻ അമേരിക്ക.
- യെലേന ബെലോവ – ബ്ലാക്ക് വിഡോയുടെ പകരക്കാരിയായി എത്തിയ പോരാളി.
- ബക്കി ബാർൺസ് – വിന്റർ സോൾജിയർ.
- ഷൂറി – പുതിയ ബ്ലാക്ക് പാന്തർ.
- ഷാംഗ്-ചി – പത്ത് വളയങ്ങളുടെ ശക്തിയുള്ള പോരാളി.
- തോർ – പഴയ അവഞ്ചേഴ്സിൽ അവശേഷിക്കുന്ന പ്രധാന ശക്തികളിലൊന്ന്.
- ആന്റ്-മാൻ – ക്വാണ്ടം ലോകവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിർണായക പങ്കുള്ള കഥാപാത്രം. Thunderbolts എന്ന സിനിമയിലൂടെ പുതിയ അവഞ്ചേഴ്സ് സംഘത്തിന്റെ രൂപീകരണത്തിനും തുടക്കമായി.
6. സിനിമ കാണുന്നതിന് മുമ്പ് ഏതൊക്കെ ചിത്രങ്ങൾ കാണണം?
മാർവലിന്റെ എല്ലാ സിനിമകളും കണ്ടുതീർക്കണമെന്നില്ല. പക്ഷേ പ്രധാനപ്പെട്ട കഥകൾ മനസിലാക്കാൻ താഴെ പറയുന്നവ സഹായിക്കും.
1. Avengers: Infinity War- താനോസിന്റെ ഭീഷണിയും പ്രപഞ്ചത്തിലെ പ്രതിസന്ധിയും.
2. Avengers: Endgame- പഴയ അവഞ്ചേഴ്സിന്റെ അവസാനവും പുതിയ തുടക്കവും.
3. Loki – സീസൺ1,2 - ടൈംലൈൻ, മൾട്ടിവേഴ്സ്, വ്യത്യസ്ത പ്രപഞ്ചങ്ങൾ.
4. Spider-Man: No Way Home- വ്യത്യസ്ത പ്രപഞ്ചങ്ങളിലെ സ്പൈഡർമാൻ കഥാപാത്രങ്ങൾ.
5. Doctor Strange in the Multiverse of Madness- മൾട്ടിവേഴ്സിന്റെ അപകടങ്ങളും സാധ്യതകളും.
6. Thunderbolts- പുതിയ അവഞ്ചേഴ്സ് സംഘത്തിലേക്കുള്ള വഴിത്തിരിവ്.
7. The Fantastic Four: First Steps-റീഡ് റിച്ചാർഡ്സും അദ്ദേഹത്തിന്റെ ടീമും.
8. X-Men: Days of Future Past-പഴയ X-Men കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും പരിചയപ്പെടാൻ.
Avengers: Doomsday റിലീസ്?
ഡിസംബർ 18, 2026-നാണ് തിയേറ്റർ റിലീസ്. ആന്റണി റുസോ, ജോ റുസോ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഈ ചിത്രം അവഞ്ചേഴ്സ് പരമ്പരയിലെ അഞ്ചാമത്തെ സിനിമയാണ്. ഇതിന് പിന്നാലെ Avengers: Secret Wars കൂടി എത്തും. മൾട്ടിവേഴ്സ് സാഗയുടെ അവസാനഘട്ടത്തിലേക്കുള്ള നിർണായക ചുവടുവയ്പ്പായിരിക്കും ഡൂംസ്ഡേ.
അയൺമാനായി ലോകം മുഴുവൻ ആരാധിച്ച റോബർട്ട് ഡൗണി ജൂനിയർ ഇപ്പോൾ മാർവലിലെ ഏറ്റവും ശക്തരായ വില്ലന്മാരിൽ ഒരാളായ ഡോക്ടർ ഡൂമായി എത്തുന്നു. പഴയ ക്യാപ്റ്റൻ അമേരിക്കയായ ക്രിസ് ഇവാൻസും തിരിച്ചെത്തുന്നു. X-Men-ഉം Fantastic Four-ഉം അവഞ്ചേഴ്സിനൊപ്പം ഒരുമിക്കുന്നു. ഇതെല്ലാം വെറുതെയൊരു കഥാപാത്രങ്ങളുടെ ഒത്തുചേരലല്ല. വ്യത്യസ്ത പ്രപഞ്ചങ്ങൾ തമ്മിലുള്ള വലിയൊരു ഏറ്റുമുട്ടലിന്റെ തുടക്കമാണ്.
ഒരു കാലത്ത് താനോസിനെ നേരിടാൻ ഒന്നിച്ചവർ, ഇനി ഡോക്ടർ ഡൂമിനെ നേരിടാൻ വീണ്ടും ഒന്നിക്കുകയാണ്. പക്ഷേ ഇത്തവണ അവർക്ക് മുന്നിലുള്ള ഭീഷണി എത്രത്തോളം വലുതായിരിക്കും? അതിനുള്ള ഉത്തരമാണ് Avengers: Doomsday.
Tags : Avengers: Doomsday Avengers Doomsday mcu marvell universe