കണ്ണൂർ വിമാനത്താവളം: കേരള സർക്കാരിന് അഭിനന്ദനങ്ങൾ
Saturday, December 8, 2018 7:50 PM IST
റിയാദ്: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി കേരളം കാത്തിരിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം നിർവഹിക്കുന്ന കേരള സർക്കാരിന് നവോദയ കേന്ദ്ര കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.

മുൻമുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്വപ്ന പദ്ധതിയായ കണ്ണൂർ വിമാനത്താവളം വടക്കേ മലബാറിന്‍റെ വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകുകയും കണ്ണൂരിലും സമീപ ജില്ലകളിലെയും പ്രവാസികൾക്ക് സൗകര്യപ്രദമായ യാത്രാ സൗകര്യം ഒരുക്കുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളമായി മാറാനുള്ള സാധ്യതകൾ കണ്ണൂരിനുണ്ട്. വിമാനത്താവള നിർമാണത്തിനുള്ള ആദ്യ കമ്മിറ്റിയുടെ ചെയർമാൻ എന്ന നിലയിലും പദ്ധതി പൂർത്തീകരിച്ച മുഖ്യമന്ത്രി എന്ന നിലയിലും പിണറായി വിജയന് വ്യക്തിപരമായി അഭിമാനിക്കാൻ കഴിയുകയും ചെയ്യുന്ന പദ്ധതിയാണിത്.

എയർപോർട്ടിന്‍റെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച മുഴുവൻ പേരേയും നവോദയ റിയാദ് നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നതായി നവോദയ വാർത്ത കുറിപ്പിൽ അറിയിച്ചു.