കേരളത്തിന് സ്നേഹസ്പർശവുമായി ബാലവേദി കുവൈറ്റ് കൂട്ടുകാരും
Tuesday, September 10, 2019 11:30 PM IST
കുവൈത്ത് സിറ്റി: പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ സഹായം ഉണ്ടാവണമെന്ന മുഖ്യമന്ത്രിയുടെ അഹ്വാനം ഏറ്റെടുത്ത് ബാലവേദി കുവൈറ്റ് കൂട്ടുകാരും.

ബാലവേദി കുവൈറ്റ് പൂമ്പാറ്റ ക്ലബ് എക്സിക്യൂട്ടീവ് അംഗം ആദിക് രഞ്ജിത്ത്, ആൻവേ രഞ്ജിത്ത് എന്നിവരും ഹന്ന വിനുവും കഴിഞ്ഞ ഒരു വർഷമായി അവർ സ്വരൂപിച്ചു വച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കു നൽകുന്നതിനു വേണ്ടി കല കുവൈറ്റ് ഭാരവാഹികളെ ഏൽപിച്ചു. ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച "വേനൽമഴ’ ആട്ടവും പാട്ടുമായി ഇത്തിരി നേരം എന്ന പരിപാടിയിലാണ് തുക കൈമാറിയത്.

ബാലവേദി കുവൈറ്റ് ഫഹാഹീൽ മേഖലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി മംഗഫ് കല സെന്‍ററിൽ നടന്ന "വേനൽമഴ’ ആട്ടവും പാട്ടുമായി ഇത്തിരി നേരം എന്ന പേരിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി.ഹിക്മത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ഫഹാഹീൽ മേഖല ആക്ടിംഗ് സെക്രട്ടറി അനൂപ് മാങ്ങാട്, മാതൃഭാഷ സമിതി കൺവീനർ ജ്യോതിഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

75 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ജാസ് ഡാൻസ് അക്കാദമിയിലെ സിബിയും മറ്റു അദ്ധ്യാപകരും ചേർന്ന് സിനിമാറ്റിക് ഡാൻസ് പരിശീലനവും പൊലിക നാടൻ പാട്ട് സംഘത്തിലെ സുനിൽ രാജും കൂട്ടരും നാടൻ പാട്ടുകളെ പറ്റി കുട്ടികളോട് അറിവുകൾ പങ്കുവച്ചു. കുട്ടികൾക്ക് വേണ്ടി നാടൻ പാട്ടുകളും ആലപിച്ചു. ഇവർക്കുള്ള ഉപഹാരങ്ങൾ ജ്യോതിഷ്, രവീന്ദ്രൻ എന്നിവർ കൈമാറി. കല കുവൈറ്റ് ഫഹാഹീൽ മേഖല പ്രസിഡന്റ് സജീവ് മാന്താനം, ബാലവേദി രക്ഷാധികാരി സമിതി അംഗങ്ങൾ മാതൃഭാഷ സമിതി അംഗങ്ങൾ കല കുവൈറ്റ് പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ