"ഫാഷിസത്തെ തിരിച്ചറിയുന്നതിൽ മതേതര കക്ഷികൾ പരാജയപ്പെട്ടു'
Thursday, September 12, 2019 4:58 PM IST
ജിദ്ദ: ഫാഷിസത്തെ കൃത്യമായി മനസിലാക്കുന്നതിലും വിലയിരുത്തുന്നതിലും രാജ്യത്തെ മതേതര രാഷ്ട്രീയ പാർട്ടികൾക്ക് വീഴ്ച സംഭവിച്ചെന്നും ഹിന്ദുത്വ അജണ്ട നേരിടുന്നതിൽ കൃത്യമായ ആസൂത്രണമില്ലാത്തതുമാണ് രാജ്യം നേരിടുന്ന എറ്റവും വലിയ വെല്ലുവിളിയെന്നും വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് റസാഖ് പാലേരി. പ്രവാസി സാംസ്കാരിക വേദി ജിദ്ദയിൽ സംഘടിപ്പിച്ച പ്രവർത്തക കൺവഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക പാർട്ടികളടക്കം മതേതര കക്ഷികളുടെ ഐക്യനിര രാജ്യത്ത്‌ ഉയർന്നു വരേണ്ടതുണ്ട്. ഈ കാര്യത്തിൽ വെൽഫെയർ പാർട്ടിയടക്കം മതേതര കക്ഷികൾ നടത്തിയ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ചില നേതാക്കളുടെ സ്വാർത്ഥതക്ക് മുന്നിൽ തകർന്നു പോവുകയായിരുന്നു.

എയർപോർട്ടുകളും തുറമുഖങ്ങളും ബാങ്കുകളുമടക്കം രാജ്യത്തിന്‍റെ വിഭവങ്ങളെല്ലാം കുത്തകകളുടെ കൈകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വർധിച്ചുവരുന്നു. രാജ്യത്തെ കടുത്ത പ്രതിസന്ധിയിലാക്കുന്ന സാമ്പത്തിക നിലപാടാണ് രാജ്യം ഭരിക്കുന്ന സംഘ് പരിവാർ ഗവൺമെന്‍റിന്‍റേത്. കോർപ്പറേറ്റുകൾക്കെതിരെ സംസാരിക്കാൻ കോൺഗ്രസിനും ഇടതു കക്ഷികൾക്കും സാധിക്കാതെ വരുന്നു. രാഷ്ട്രീയ വിമോചനം കേവലം അധികാരത്തിലൂടെ മാത്രം പരിഹരിക്കാൻ സാധിക്കുന്നതാണെന്നു വെൽഫെയർ പാർട്ടി വിശ്വസിക്കുന്നില്ല. അതിന്‌ എല്ലാ ജനവിഭാഗത്തിന്‍റേയും സാമൂഹ്യമായ ഉന്നമനം ആവശ്യമാണ്. രാജ്യത്തെ മർദിത പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉയിർത്തെഴുന്നേൽപിന്‍റെ ശബ്ദങ്ങൾ ചില കേന്ദ്രങ്ങളിലെങ്കിലും കേൾക്കാൻ സാധിക്കുന്നു എന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.


ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട്, ബഷീർ ചുള്ളിയൻ, വേങ്ങര നാസർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ.കെ. സൈതലവി, സി.എച്ച്. ബഷീർ, അഡ്വ.ഷംസുദ്ദീൻ, സലിം എടയൂർ, അമീൻ ഷറഫുദ്ദീൻ, ഉമറുൽ ഫാറൂഖ്, ദാവൂദ് രാമപുരം, സി.പി. മുസ്തഫ, അബ്ഷീർ, സുഹൈർ മുത്തേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി എം.പി അഷ്‌റഫ് സ്വാഗതവും ട്രഷറർ ഇ.പി. സിറാജ് നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ