ഇ.ടി. മുഹമ്മദ് ബഷീറിന് നാട്ടുകാർ സ്വീകരണം നൽകി
Wednesday, October 16, 2019 9:18 PM IST
ദമാം : മത വിദ്യാഭ്യാസ-സാമൂഹിക രംഗത്ത് വാഴക്കാട് എന്ന പ്രദേശം നിർവഹിച്ച പ്രവർത്തനങ്ങൾ കാലമെത്ര കഴിഞ്ഞാലും ചരിത്രത്തിൽ എന്നും ജ്വലിച്ച് നിൽക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി. ദമാമിലെ വാഴക്കാട് നിവാസികൾ റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നാട്ടുകാരൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ.

നാട്ടിലെ പൂർവകരുടെ നന്മ കൊണ്ടാണ് ഇപ്പോഴും പ്രദേശം ശാന്തമായും പരസ്‌പരമുള്ള സൗഹാർദ്ദത്തിലും നിലനിൽക്കുന്നതെന്നും വാഴക്കാടിന്‍റെ കഴിഞ്ഞകാല പ്രതാപം നാം വീണ്ടെടുക്കണമെന്നും ഇ.ടി നാട്ടുകാരെ ഉണർത്തി. വിദ്യാഭ്യാസ രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തും നാട് ഏറെ വികാസം പ്രാപിച്ചു കഴിഞ്ഞു. പ്രദേശത്തുകാർക്ക് തൊഴിൽ ലഭ്യമാകുന്ന സംരഭങ്ങൾ നാടിന് അനിവാര്യമാണ്. ഗൾഫ് മേഖലയിലെ തൊഴിൽ രംഗത്ത് ആശങ്കകൾ പ്രകടമാവുമ്പോഴും പ്രവാസികൾ നാട്ടിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ നിർധനരായ നല്ലൊരു വിഭാഗം ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്.

ദമാമിൽ വിദ്യാർഥിയായിരുന്ന നബ അഷ്‌റഫ് രചിച്ച കവിതാ സമാഹാരമായ പേജസ് ഓഫ് മൈ ആൽബം എന്ന ക്യതി ഇ ടി മുഹമ്മദ് ബഷീറിന് പി ടി അഷ്‌റഫ് സമ്മാനിച്ചു. ടി. കെ. കെ ഹസൻ അധ്യക്ഷത വഹിച്ചു. കെ എം സി സി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂർ, ആലികുട്ടി ഒളവട്ടൂർ എന്നിവർ ആശംസകൾ നേർന്നു. ബി.കെ. കെ കുഞ്ഞുമുഹമ്മദ് ഉപഹാരം സമ്മാനിച്ചു. മുജീബ് കളത്തിൽ സ്വാഗതവും സി കെ ജാവീഷ് നന്ദിയും പറഞ്ഞു. ബി കെ സുലൈമാൻ, ഷബീർ ആക്കോട്, ഷാഹിർ ടി കെ, നഫീർ തറമ്മൽ എന്നിവർ പരിപാടിക്ക് നേത്യത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം