ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പു നൽകി
Monday, November 18, 2019 6:26 PM IST
ജിദ്ദ: ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് മടങ്ങുന്ന ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആൻഡ് ഇൻഫർമേഷൻ കോൺസൽ മോയിൻ അക്തറിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം യാത്രയയപ്പു നൽകി.

സീസൺസ് റസ്റ്ററന്‍റിൽ സംഘടിപ്പിച്ച പരിപാടിയിൽ മീഡിയ ഫോറം പ്രസിഡന്‍റ് പി. ഷംസുദ്ദീൻ പ്രസ് കോൺസലിന് ഉപഹാരം നൽകി. പ്രവാസി സമൂഹത്തിനിടയിൽ മലയാളികൾ എന്നും മാതൃകാപരവും വ്യത്യസ്തവുമായ സാന്നിധ്യമാണെന്ന് മോയിൻ അക്തർ പറഞ്ഞു. സാമൂഹിക സാംസ്കാരിക സന്നദ്ധസേവനമേഖലകളിലെ മലയാളികളുടെ ഇടപെടൽ തന്നെ എന്നും ആകർഷിച്ചിട്ടുണ്ട്. മലയാളികളുടെ മാധ്യമപ്രവർത്തനവും ഇവിടെ വേറിട്ടതാണ്. കോൺസുലേറ്റിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രത്യേകിച്ചും സൗദി ഒാജറിലെ തൊഴിലാളികളുടെ വിഷയത്തിലെ ഇടപെടലും പൊതുമാപ്പ് കാലത്തെ പ്രവർത്തനങ്ങളും ഒാർമിക്കപ്പെടുന്നതാണ്. മാധ്യമങ്ങൾ എംബസിയോ കോൺസുലേറ്റോ ആയി ബന്ധപ്പെട്ട വാർത്തകൾ നൽകുന്പോൾ അധികൃതരുടെ ഭാഗം
കൂടി കേൾക്കാൻ സന്നദ്ധമാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇഖാമ പുതുക്കാത്തവർക്ക് എംബസിയും കോൺസുലേറ്റും വഴി നാടണയാം എന്ന രീതിയിൽ അടുത്ത കാലത്തുവന്ന വാർത്തകൾക്ക് ഒൗദ്യോഗിക സ്ഥിരീകരണമില്ല. മാധ്യമങ്ങൾ നൽകുന്ന വാർത്തകൾ വ്യാപകമായ തോതിൽ സമൂഹത്തിൽ സ്വാധീനം ചൊലുത്തുമെന്നതിനാൽ വളരെ ഉത്തരവാദിത്തത്തോടുകൂടി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.എം മായിൻ കുട്ടി, ജലീൽ കണ്ണമംഗലം,
ജാഫറലി പാലക്കോട്, ഹാഷിം കോഴിക്കോട്, സാദിഖലി തുവൂർ, സുൽഫിക്കർ ഒതായി തുടങ്ങിയവർ സംസാരിച്ചു. മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി സ്വാഗതവും ട്രഷറർ ബിജുരാജ് രാമന്തളി നന്ദിയും പറഞ്ഞു. ഹസൻ ചെറൂപ്പ, അബ്ദുറഹ്മാൻ തുറക്കൽ, ഗഫൂർ കൊണ്ടോട്ടി, പി.കെ.സിറാജ്, മുസ്തഫ പെരുവള്ളൂർ, മൻസൂർ എടക്കര തുടങ്ങിയവർ സംബന്ധിച്ചു. തുടർന്നു സംഗീത വിരുന്നും അരങ്ങേറി.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ