ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരളവിംഗ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു
Monday, November 18, 2019 8:03 PM IST
മ​സ്ക്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്‌ കേരള വിംഗിന്‍റെ ഈ വർഷത്തെ "എന്‍റെ കേരളം എന്‍റെ മലയാളം' വിജ്ഞാനോത്സവം - മലയാളം ക്വിസ് സംഘടിപ്പിച്ചു. ഏപ്രിൽ 15 ന് ബൗഷറിലെ കോളജ് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാസ് സ്‌റ്റഡീസ്‌ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
മക്ക ഹൈപ്പർമാർക്കറ്റ് മാനേജിംഗ് ഡയറക്ടറും സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. കേരള വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് പരിപാടികൾക്ക് ആശംസകൾ നേർന്നു.

കഴിഞ്ഞ 16 വർഷമായി കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളെ ക്വിസ് മാസ്റ്ററായി പങ്കെടുപ്പിച്ചു നടത്തുന്ന പരിപാടിയിൽ ഈ വർഷം പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി ടിവി ന്യൂസ്‌ ഡയറക്ടറുമായ എൻ.പി. ചന്ദ്രശേഖരൻ ആണ് മത്സരം നയിച്ചത്.

വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. കേരളത്തിന്‍റെ ഭാഷയും സംസ്കാരവും കുട്ടികളിലേക്ക് കൂടുതൽ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ഉദ്ദേശ്യം.

ക്വിസ് മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ ഗൂബ്ര ഒന്നാം സ്ഥാനവും ഇന്ത്യൻ സ്കൂൾ ദാർസൈറ്റ് രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ സ്കൂൾ അൽ മബേല, ഇന്ത്യൻ സ്കൂൾ ദാർസൈറ്റ്, ഇന്ത്യൻ സ്കൂൾ ഗൂബ്ര യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

ഇന്ത്യൻ സ്കൂൾ ബോർഡ്‌ ചെയർമാൻ ബേബി സാം സാമുവൽ, മുൻ ഇന്ത്യൻ സ്കൂൾ ബോർഡ്‌ ഫിനാൻസ് ഡയറക്ടർ അംബുജാക്ഷൻ എന്നിവർ വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം