ഒമാനില്‍ കോവിഡ് സമൂഹവ്യാപനത്തിലേക്ക്; പ്രവാസികള്‍ക്ക് ആശ്വാസമായി ആര്‍ഒപി തീരുമാനം
Friday, March 27, 2020 5:57 PM IST
മസ്‌കറ്റ്: കോവിഡ് മഹാമാരിയില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഒമാന്‍ പ്രവാസികള്‍ക്കു അവര്‍ താമസിക്കുന്ന സ്ഥലത്ത് സമാധാനമായി തുടരാം. വെള്ളിയാഴ്ച ഒമാനില്‍ 22 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീസ കാലാവധി കഴിഞ്ഞു എന്ന കാരണത്താല്‍ ഒമാനില്‍ തിരിച്ചെത്തുന്നതിനു തടസമുണ്ടാകില്ലെന്നു റോയല്‍ ഒമാന്‍ പോലീസ് (ആര്‍ഒപി) വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കുമെന്നു ആര്‍ഒപിയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

നാട്ടില്‍ നിന്നു തിരികെ വരാന്‍ തടസമുള്ള ഒമാന്‍ റസിഡന്റ് കാര്‍ഡുള്ളവര്‍ക്കു ആര്‍ഒപി വെബ്‌സൈറ്റ് വഴി താത്കാലികമായി വിസ, പുതുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തും. തിരിച്ചെത്തുന്നമുറയ്ക്ക് ബന്ധപ്പെട്ട രേഖകള്‍ ഇമിഗ്രേഷനില്‍ സമര്‍പ്പിച്ചാല്‍ മതിയാകും. റോയല്‍ ഒമാന്‍ പോലീസിന്റെ തീരുമാനം വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്കു ആശ്വാസകരമാണ്.

അതുപോലെ തന്നെ വിസിറ്റ് വിസ, ബിസിനസ് വിസ തുടങ്ങിയവയില്‍ ഒമാനിലെത്തി കുടുങ്ങിപോയിട്ടുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്നു ആര്‍ഒപി വൃത്തങ്ങള്‍ അറിയിച്ചു. ഒരുതരത്തിലുമുള്ള പിഴകളും ഈ കാലയളവില്‍ ഒമാനില്‍ കുടുങ്ങിപ്പോയവര്‍ക്കു നല്‍കേണ്ടിവരില്ല.

ഇതിനിടയില്‍ ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ ഹൊസ്‌നിയുടെ കോവിഡ് സാമൂഹ്യവ്യാപനത്തിലേക്കു കടന്നതായുള്ള പ്രസ്താവന അതീവ ഗൗരവതരമാണ്. ഇന്നലെ മാത്രം 22 പുതിയ കേസുകള്‍ ഒമാനില്‍ രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഒമാനിലെ ഔദ്യോഗിക കോവിഡ് ബാധിതരുടെ എണ്ണം 131 ആയി. ഇതില്‍ 23 പേര്‍ പൂര്‍ണമായും രോഗവിമുക്തരായതായി അണ്ടര്‍ സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം