അബാസിയ, മഹബുള്ള സിറ്റികളുടെ നിയന്ത്രണം പട്ടാളവും ദേശീയ ഗാര്‍ഡും ഏറ്റെടുത്തു
Wednesday, April 8, 2020 5:17 PM IST
കുവൈത്ത് സിറ്റി: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നു ജലീബിന്‍റെ നിയന്ത്രണം കുവൈത്ത് സൈന്യവും മഹബുള്ളയുടെ നിയന്ത്രണം ദേശീയ ഗാര്‍ഡും ഏറ്റെടുത്തതായി അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു .

കൊറോണയുടെ സമൂഹ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെടുത്താനും തൊഴിൽ സാഹചര്യങ്ങൾ നിയന്ത്രിക്കാനും ആരോഗ്യ അച്ചടക്കം കൈവരിക്കാനുമുള്ള കര്‍ശനമായ നടപടികളാണ് സ്വീകരിക്കുന്നത്.

കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാൻ വേണ്ടി പ്രത്യേക സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ജലീബ്‌ പ്രദേശത്ത്‌ പ്രധാന റോഡുകളുടെ ഇടയിൽ കമ്പിവേലി കെട്ടി വേർ തിരിക്കാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പ്രദേശത്തേക്ക്‌ കടക്കുവാനും പുറത്തു പോകുവാനുമുള്ള എല്ലാ വഴികളിലും സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ അടിയന്തര സമിതിയുമായി ഏകോപിപ്പിച്ചും ഫീൽഡ് ടീമുകളുടെ സഹകരണത്തോടെയുമാണ് രണ്ട് പ്രദേശങ്ങളിലേയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന്‍റെ തൊട്ടുമുമ്പായി മഹബുള്ളയില്‍ നിന്നും തങ്ങളുടെ തൊഴിലാളികളെ മാറ്റി താമസിപ്പിച്ച കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അവരെ പഴയ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുന്നത് പരിഗണിക്കുണ്ടെന്നും അധികൃതര്‍ അറിയിച്ചു.അതിനിടെ പ്രദേശത്തുനിന്നും മാറിയ മുഴുവൻ പേരും തിരിച്ചെത്തണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. തൊഴിലാളികളെ മാറ്റി താമസിപ്പിച്ച വിഷയം ഗൗരവതരമാണെന്നും നിയമം ലഘിച്ചവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ