കുവൈത്ത് കെഎംസിസി ഇടപെടൽ ഫലം കണ്ടു; മുഹമ്മദ് നിസാർ നാടണഞ്ഞു
Sunday, May 24, 2020 5:27 PM IST
കുവൈത്ത് സിറ്റി: കുവൈത്തിൽ കാറപകടത്തിൽ ചികിത്സയിലായിരുന്ന താനൂർ പെരിഞ്ചേരി സ്വദേശി മുഹമ്മദ് നിസാർ നാട്ടിലെത്തി. ഈ മാസം തുടക്കത്തിൽ കാണാതാവുകയും തുടർന്ന് താനൂർ മണ്ഡലം കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ കുവൈത്തിൽ ഉണ്ടായ കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് കണ്ടെത്തുകയുമായിരുന്നു.

ഒടുവിൽ വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായി കണ്ണൂരിലേക്ക് യാത്ര തിരിച്ച നിസാർ, വിമാനം കണ്ണൂരിലിറങ്ങിയെങ്കിലും കാത്തുനിന്നവർക്ക് നിരാശയായിരുന്നു ഫലം.തുടർന്നു നടന്ന അന്വേഷണത്തിൽ സ്വബോധം നഷ്ടപ്പെട്ട നിസാറിനെ മറ്റൊരു ലോഞ്ചിൽ കണ്ടെത്തുകയും ശേഷം കോട്ടക്കൽ ക്വാറന്‍റൈൻ സെന്ററിലെത്തിക്കുകയും പിന്നീട് അവിടെ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്.

മുഹമ്മദ് നിസാറിനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാർ.പ്രതികൂല സാഹചര്യത്തിലും നിസാറിനെ നാട്ടിലെത്താൻ സഹായിച്ച കുവൈത്ത് കെഎംസിസിക്ക് നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ