സ്വദേശി-വിദേശി അനുപാതം ഉടന്‍ പരിഹരിക്കമെന്ന് ഖലീൽ അൽ സാലിഹ്
Sunday, June 28, 2020 3:36 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വദേശി-വിദേശി അനുപാതം ഉടന്‍ പരിഹരിക്കപ്പെടേണ്ട വിഷയമാണെന്നും കൃത്യമായ ആസൂത്രണത്തോടെ മൂന്ന് മാസത്തിനുള്ളില്‍ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്നും പാർലമെന്ററി മാനവ വിഭവശേഷി വികസന സമിതി തലവൻ ഖലീൽ അൽ സാലിഹ് പറഞ്ഞു. അനിയന്ത്രിതവും ആവശ്യമില്ലാത്തതുമായ വിദേശി തൊഴിലാളികളുടെ സാന്നിധ്യമാണ് രാജ്യത്തുള്ളത്. താമസ രേഖ ലംഘിക്കുന്നവർ ഉൾപ്പെടെ ഒരു ദശലക്ഷം വിദേശികളെ ഉടനടി ഒഴിവാക്കാനാകും. 168,000 ത്തോളം റസിഡൻസ് നിയമലംഘകരും അരലക്ഷത്തോളം അനധികൃത തൊഴിലാളികളും രാജ്യത്തുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ വിവിധ മന്ത്രാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും കരാർ കാലഹരണപ്പെടുന്നവരേയും ഉടന്‍ മാതൃ രാജ്യത്തേക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനസംഖ്യാപരമായി തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അസന്തുലിതത്വം ഇല്ലാതാക്കലും സ്വദേശിവല്‍ക്കരണ നടപടികള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുവാനും നിരവധി പദ്ധതികളും നിര്‍ദ്ദേശങ്ങളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനിടെ നിയമാനുസൃതമല്ലാത്ത വിദേശികളുടെ വന്‍ സാന്നിധ്യം മൂലം സ്വദേശികള്‍ക്കു പരമാവധി തൊഴിലവസരങ്ങള്‍ ഉറപ്പാക്കാന്‍ ഗവര്‍മെന്റ് നടത്തുന്ന നീക്കങ്ങള്‍ ഫലപ്രദമാവുന്നില്ലെന്ന വിലയിരുത്തലുമുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണ്. പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദിൽ നിന്നും സര്‍ക്കാരില്‍ നിന്നും ഈ വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഖലീൽ അൽ സാലിഹ് പറഞ്ഞു.

ജനസംഖ്യാ അനുപാതം ഘട്ടം ഘട്ടമായി കുറച്ച് തുല്യമാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മൊത്തം വിദേശികളുടെ മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യക്കാരാവരുത്, തൊഴില്‍ വിസ അനുവദിക്കുമ്പോള്‍ ബിരുദ ധാരികളായ വിദേശികളെ മാത്രം പരിഗണിക്കുക. അവിദഗ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാതിരിക്കുക ജനസംഖ്യാനുപാതത്തിലെ അന്തരം ഇല്ലാതാക്കി തൊഴില്‍ വിപണി ക്രമീകരിക്കുക,സര്‍ക്കാര്‍ ജോലികളിലും സര്‍ക്കാര്‍ ഓഫീസുകളിലെ ക്ലറിക്കല്‍ വിഭാഗത്തിലെ കരാര്‍ ജോലികളിലും സ്വദേശികളെ മാത്രം നിയമിച്ചും വന്‍കിട പ്രോജക്ടുകളില്‍ ജോലിചെയ്യുന്നവരെ പ്രൊജക്ട് അവസാനിക്കുന്നതോടെ തിരിച്ചയക്കണമെന്ന നിരവധി നിര്‍ദ്ദേശങ്ങള്‍ നേരത്തെ പാര്‍ലിമെന്‍റ് അംഗങ്ങള്‍ ഉന്നയിച്ചിരുന്നു. നിലവില്‍ പത്ത് ലക്ഷമുള്ള ഇന്ത്യയും, ആറ് ലക്ഷമുള്ള ഈജിപ്റ്റുമാണ് വിദേശി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. പുതിയ നിയമങ്ങള്‍ പ്രാവര്‍ത്തികമാവുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും ഈ രാജ്യങ്ങളെയായിരിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ