സൗദിയിൽ മരണസംഖ്യ കുറയുന്നില്ല: വിദേശികളുടെ താമസ രേഖ സൗജന്യമായി പുതുക്കും
Monday, July 6, 2020 12:24 PM IST
റിയാദ്: തുടർച്ചയായ ദിവസങ്ങളിൽ സൗദിയിൽ കോവിഡ് മരണങ്ങൾ കൂടി വരുന്നത് ആരോഗ്യ വകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു. ഞായറാഴ്ച 58 പേർ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണം 1,916 ആയി. പുതുതായി 3,580 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച് ആകെ രോഗബാധിതർ 2,09,509 ആയി. 1,980 പേർക്ക് മാത്രമാണ് പുതുതായി രോഗമുക്തിയായത്. ഇപ്പോൾ ചികിത്സയിലുള്ള 62,357 പേരിൽ 2,283 പേരുടെ നില ഗുരുതരമായി തുടരുന്നു.

റിയാദിൽ തന്നെയാണ് ഞായറാഴ്ചയും ഏറ്റവും കൂടുതൽ മരണം നടന്നത്. 17 പേർ മരണപ്പെട്ട റിയാദില് തൊട്ടു പുറകിൽ മക്കയിലാണ് (14) ഞായറാഴ്ച കൂടുതൽ ആളുകൾ മരണപ്പെട്ടത്. ജിദ്ദ (4), ഹൊഫൂഫ് (3), തായിഫ് (4), ദമ്മാം (1), ഖമീസ് (1), ദഹ്റാൻ (1), ഹഫർ അൽ ബാത്തിൻ (1), നജ്റാൻ (1), ഉനൈസ (4), അഹദ് റുഫൈദ (1), അൽ നമാസ് (1), അറാർ (3), അബൂ അരീഷ് (1) എന്നിവിടങ്ങളിലാണ് മറ്റു മരണങ്ങൾ നടന്നത്. ദിവസേന അരലക്ഷത്തിലേറെ കോവിഡ് ടെസ്റ്റുകൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി നടക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
വിവിധ പ്രദേശങ്ങളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് ഇപ്രകാരമാണ്. റിയാദ് 332, തായിഫ് 271, ഖമീസ് മുശൈത് 242, മക്ക 230, ദമ്മാം 206, അബഹ 177, മദീന 159, ജിദ്ദ 149, ബുറൈദ 114, മഹായിൽ 113, ഖതീഫ് 111, ഹഫർ അൽ ബാത്തിൻ 85, ഖോബാർ 70, അൽ ഖർജ് 68, ഹൊഫുഫ് 66, അഹദ് റുഫൈദ 62, ഹായിൽ 62, യാമ്പു 59, തബൂക് 53, അൽ നമാസ് 49, മുബറസ് 48, നജ്റാൻ 39.

കോവിഡ് കാല പ്രതിസന്ധികളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സൗദിയിലെ പ്രവാസി സമൂഹത്തിന് ആശ്വാസമായി അവരുടെ താമസരേഖ (ഇഖാമ) മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകാൻ ഭരണകൂടം തീരുമാനിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് രാജ്യത്തെ ജനങ്ങൾക്ക് പ്രഖ്യാപിച്ച ഇളവുകളുടെ ഭാഗമായാണ് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി ഇഖാമയുടെ കാലാവധി നീട്ടി നല്കാൻ തീരുമാനിച്ചത്. ഇതിനുള്ള അധിക ചിലവുകൾ മുഴുവനായും സർക്കാർ വഹിക്കും. വിദേശികളുടെ ആശ്രിതരുടെ താമസരേഖയും ഇതോടൊപ്പം പുതുക്കി നൽകും. സിംഗിൾ റീ എൻട്രി വിസ അടിച്ചു സമയ പരിധിക്കുള്ളിൽ രാജ്യം വിടാൻ കഴിയാത്തവർക്കും ഇതേ ആനുകൂല്യം ലഭിക്കും.

റിപ്പോർട്ട് : ഷക്കീബ് കൊളക്കാടൻ