മനുഷ്യ വിഭവ ശേഷി പങ്കുവയ്ക്കൽ സമൂഹിക പ്രതിബദ്ധതയോടെ ആവണം : ഫോസ ജിദ്ദ ചാപ്റ്റര്‍
Tuesday, August 11, 2020 6:59 PM IST
ജിദ്ദ : ലോകം വിവിധ വെല്ലുവിളികളെ നേരിടുന്ന സമയത്ത്‌ മനുഷ്യ വിഭവശേഷി സമ്പത്ത്‌ സമൂഹിക പ്രതിബദ്ധതയോടെ പങ്കുവയ്ക്കുന്നതിന്‍റെ ആവശ്യകത ഫാറൂഖ് കോളജ് പൂര്‍വവിദ്യാർഥി സംഗമം ജിദ്ദ ചാപ്റ്റര്‍ (ഫോസ ജിദ്ദ) അഭിപ്രായപ്പെട്ടു.

ഫാറൂഖ് കോളജ് പ്രിന്‍സിപ്പലും ഫോസ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രഫ ഇ.പി. ഇമ്പിച്ചി കോയ യോഗത്തിൽ മുഖ്യാതിഥിയായിരുന്നു. ഫാറൂഖ് കോളജ് തുടർന്നു കൊണ്ടിരിക്കുന്ന വിവിധ ജനസേവന പ്രവർത്തനങ്ങളെകുറിച്ചും നിലവിലെ വിദ്യാര്‍ഥികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിവിധ കേന്ദ്ര സംസ്ഥാന സ്കോളര്‍ഷിപ്പുകളെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഒരു അധ്യാപകനെ തന്നേ പ്രത്യേകം ചുമതല പെടുത്തുക വഴി വിദ്യാർഥികളെ സ്കോളർഷിപ് നേടിയെടുക്കാൻ പ്രാപ്തരാക്കുന്നതായും അത്തരത്തിൽ ധാരാളം സ്കോളര്‍ഷിപ്പുകൾ വിതരണം ചെയ്തു കഴിഞ്ഞതായും അദ്ദേഹം സൂം മീറ്റിംഗിൽ പറഞ്ഞു.

ചാപ്റ്റർ പ്രസിഡന്‍റ് അഷ്‌റഫ് മേലേവീട്ടിൽ അധ്യക്ഷത വഹിച്ചു. സാമ്പത്തികമായി പ്രയാസ മനുഭവിക്കുന്ന പരിസര വാസികളുടെയും കോളജിലെ വിദ്യാർഥികളുടെയും ക്ഷേമത്തിനായി ഫാറൂഖ് കോളജ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികളായ എഡു സപ്പോര്‍ട്ട്, വണ്‍ ഫോര്‍ വണ്‍ ( വിദ്യാർഥികളെ ദത്തെടുക്കൽ), ഡയാലിസിസ് സെന്‍റര്‍ എന്നിവക്ക് ഫോസ ജിദ്ദ സഹായ പദ്ധതികൾ പ്രസിഡന്‍റ് വിശദീകരിച്ചു.

കോളജ് സ്ഥാപക നേതാവും പണ്ഡിതനുമായ അബു സബാഹ് അഹമ്മദ് അലി സാഹിബ് അനുസ്മരണം ലിയാഖത്ത് കോട്ട നിര്‍വഹിച്ചു. യോഗത്തിൽ സംസാരിച്ച ഡോ. ഇസ്മയില്‍ മരിതേരി, ഫാറൂഖ് കോളജും മറ്റു അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളും തമ്മിലുള്ള വിഭവ കൈമാറ്റ പ്രോഗ്രാമുകൾ നടത്തുന്നതിന്‍റെ പ്രായോഗിക ഗുണഫലങ്ങള്‍ പങ്കുവച്ചു.

ഇന്ത്യ ഗവൺമെന്‍റ് അംഗീകരിച്ചു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ വിദ്യാഭ്യാസ നയം ചർച്ചചെയ്യാൻ ഓഗസ്റ്റ് 21 ന് പ്രഗത്ഭരെ ഉൾകൊള്ളിച്ചു വിപുലമായ ഒരു സൂം സെമിനാർ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

അമീര്‍ അലി, നാസര്‍ ഫറോക്ക്, ഇഖ്ബാല്‍ സി.കെ. പള്ളിക്കല്‍, എന്നിവർ ആശംസകള്‍ നേർന്നു സംസാരിച്ചു. സെക്രട്ടറി സാലിഹ് കാവോട്ട് സ്വാഗതവും ബഷീർ അംബലവന്‍ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ