അബുദാബിയിൽ കോവിഡ് പരിശോധനയുടെ മൂന്നാം ഘട്ടം തുടങ്ങി; പരിശോധകർ വീടുകളിലേക്ക്
Wednesday, September 30, 2020 9:42 PM IST
അബുദാബി :മൂന്നാം ഘട്ട കോവിഡ് പരിശോധനക്ക് അബുദാബിയിൽ തുടക്കമായി. വീടുകളിൽ എത്തിയുള്ള സൗജന്യ കോവിഡ് പരിശോധനയാണ് ഇതിന്‍റെ പ്രത്യേകത. യുഎഇയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യസേവന വിഭാഗമായ സേഹയുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചത്.

രണ്ടാഴ്ചയിൽ ഒരിക്കൽ തുടർ പരിശോധന നടത്തി സമൂഹവ്യാപനം ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. യുഎഇയിൽ ഇതുവരെ 95 ലക്ഷം പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്.ദേശീയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ള പരിശോധനയ്ക്കു പുറമേയാണ് വീടുകളിൽ എത്തിയുള്ള പരിശോധന.

ടൂറിസ്റ്റ് ക്ലബ്, ഖാലിദിയ, കോർണിഷ്, മുഷ്റിഫ്, എയർപോർട്ട് റോഡ്, സലാം സ്ട്രീറ്റ് തുടങ്ങി നഗരപ്രദേശങ്ങളിലെ കെട്ടിടങ്ങളിലായിരുന്നു ആദ്യ പരിശോധന. ഇപ്പോൾ മുസഫ, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സിറ്റി, ബനിയാസ്, അൽവത്ബ, ഷഹാമ, സംഹ തുടങ്ങി നഗരത്തിനു വെളിയിൽ ജനം തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.

രാവിലെ 8ന് തുടങ്ങുന്ന പരിശോധന ചിലയിടങ്ങളിൽ രാത്രി 10 വരെ തുടരും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരിശോധനാ വിധേയമാക്കി രോഗമില്ലെന്ന് ഉറപ്പാക്കുംവരെ പരിശോധന തുടരാനാണ് തീരുമാനമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള