ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദ കേന്ദ്രം
Thursday, October 15, 2020 9:42 PM IST
അബുദാബി : ഹ്യൂദ്രിയത് ദ്വീപിൽ പുതിയ വിനോദ കേന്ദ്രം ഒരുങ്ങുന്നു. ബത്തീൻ ബീച്ചിനു എതിർവശത്തായാണ് ആധുനിക സൗകര്യങ്ങളോടെ നിരവധി വിനോദങ്ങൾക്ക് അവസരമൊരുക്കുന്ന പുതിയ ദ്വീപ് സന്ദർശകർക്കായി തുറക്കുന്നത്.

കടൽത്തീരത്തൂടെയുള്ള നടത്തം , ജോഗിംഗ് , സൈക്ലിംഗ് എന്നിവക്കു വിശാലമായ സൗകര്യമാണ് ദ്വീപിൽ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കായുള്ള വാട്ടർ പാർക്ക് ,  സൈക്കിൾ പാർക്ക് ,സ്‌കേറ്റിംഗ് റിങ്ക് ക്യാംപിംഗ് വില്ലേജ് , സ്പോർട്സ് വില്ലേജ് എന്നിവയും ഹ്യൂദ്രിയത് ദ്വീപിലെ ആകർഷണങ്ങളാണ് .

അടുത്ത 30 ദിവസത്തിനുള്ളിൽ വിനോദകേന്ദ്രം പൊതുജനങ്ങൾക്കായി സമർപ്പിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ  ഉപ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ചു. ദ്വീപിലൂടെ നടത്തിയ സന്ദർശനത്തിനുശേഷമായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പ്രഖ്യാപനം.  

ഹ്യൂദ്രിയത്ദ്വീപിൽ നിന്നും അബുദാബി നഗരത്തിന്‍റെ വിശാലമായ ഭംഗി ആസ്വദിക്കാൻ കഴിയും എന്നതാണ് മറ്റൊരു പ്രധാന ആകർഷണം. കടലിനു അഭിമുഖമായി നിരവധി റസ്റ്ററന്‍റുകളും കോഫി ഷോപ്പുകളും പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കോവിഡ് പ്രതിസന്ധിയിലായ റസ്റ്ററന്‍റ് ഉടമകൾക്ക് കഴിഞ്ഞ ആറു മാസത്തെ വാടക ഇളവ് ഷെയ്ഖ് മുഹമ്മദ് അധികൃതർക്ക് നിർദ്ദേശം നല്കിയിട്ടാണ് മടങ്ങിയത് . ഹ്യൂദ്രിയത് ദ്വീപിനെ അബുദാബിയുമായി ബന്ധിപ്പിക്കുന്ന സസ്പെൻഷൻ ബ്രിഡ്‌ജ്‌ തന്നെ കാഴ്ചക്കാർക്ക് കൗതുകകരമായ കാഴ്ചാനുഭവമാണ് ഒരുക്കുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള