കോവിഡ്-ലോക്ഡൗൺ ചലച്ചിത്രമേള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; "മറുപടി' മികച്ച ചിത്രം
Monday, October 19, 2020 6:37 PM IST
ജിദ്ദ: സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന അറേബ്യൻ അരീന എന്ന സാംസ്‌കാരിക കൂട്ടായ്മ സംഘടിപ്പിച്ച കോവിഡ്-ലോക്ക്ഡൗൺ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

അറേബ്യൻ അരീനാ ലൈവ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ- ലോക്ക്ഡൗൺ എഡിഷനിലെ മികച്ച ചിത്രമായി കുവൈറ്റിൽ നിന്ന് മുഹമ്മദ് സാലി സംവിധാനം ചെയ്ത "മറുപടി' തിരഞ്ഞെടുക്കപ്പെട്ടു. ദുബായിൽ നിന്ന് "ഫോർവേഡ്' എന്ന ചിത്രം സംവിധാനം ചെയ്ത സാജിർ വലിയേടത്ത് ആണ് മികച്ച സംവിധായകൻ. മികച്ച നടനായി ദുബായിൽ നിന്നുള്ള ഐസൊലേഷൻ എന്ന ചിത്രത്തിലെ അഭിനയത്തിന് നൗഷാദ് കാബു തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിൽ നിന്ന് സീതാമണിയും ദുബായിൽ നിന്ന് ധന്യ ഞാട്യാലയുമാണ് മികച്ച നടിമാരായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സാമൂഹ്യപ്രതിബദ്ധചിത്രമായി കേരളത്തിൽ നിന്ന് പ്രേമൻ മുച്ചുകുന്ന് സംവിധാനം ചെയ്ത "ദി വീൽ', മികച്ച പരീക്ഷണാത്മക ചിത്രമായി സൗദി അറേബ്യയിൽ നിന്ന് സാഹിദ ഷാർജിമോൻ സംവിധാനം ചെയ്ത "ശവങ്ങൾ' എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കാമറാമാൻ കേരളത്തിൽ നിന്ന് നിതീഷ് സാരംഗിയും മികച്ച എഡിറ്റർ ഒമാനിൽ നിന്ന് എം.വി. നിഷാദുമാണ്. ഫെസ്റ്റിവലിലെ വ്യക്തിഗത പ്രകടനത്തിനുള്ള പുരസ്‌കാരമായ അറേബ്യൻ അരീനാ ആർട്ടിസ്റ്റിക് അച്ചീവ്‌മെന്‍റ് അവാർഡ് കുവൈറ്റിൽ നിന്നുള്ള മുഹമ്മദ് സാലി കരസ്ഥമാക്കി. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും മുഹമ്മദ് സാലിക്കാണ്.

വർഷങ്ങൾക്ക് മുന്പ് മരണപ്പെട്ടുപോയ അമ്മയുടെ സ്‌നേഹത്തിന്‍റെ ആർദ്രത കോവിഡിന്‍റെ ഏകാന്തദിനങ്ങളിൽ തിരിച്ചറിയുന്ന മകന്‍റെ മാനസികസംഘർഷങ്ങൾ ഒരു മറുപടിക്കത്തിലൂടെ ഹൃദയസ്പർശിയായി ആവിഷ്‌കരിച്ചതിനാണ് മറുപടിക്ക് മികച്ച ചിത്രത്തിന്‍റെ പുരസ്‌കാരമെന്ന് ജൂറി വിലയിരുത്തി. സൈബർ ലോകത്ത് ക്രൂശിക്കപ്പെടുന്ന നിരപരാധികളായ പെൺകുട്ടികളുടെ ആത്മഹത്യാമുമ്പിലെ ജീവിതം കൈയടക്കത്തോടെ ആവിഷ്‌കരിച്ച സംവിധാനമികവിനാണ് സാജിർ വലിയേടത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം.

മറ്റ് പുരസ്‌കാരങ്ങൾ. പ്രത്യേക ജൂറി അവാർഡ്: ശരത് ചന്ദ്രൻ(സ്റ്റേ സെയിൻ, ദുബായ്), മികച്ച ബാലതാരം: അഭിരാം പ്രേം ക്രിഷ്ണ(ദി വീൽ-കേരളം),പശ്ചാത്തല സംഗീതം: സലാം വീരോളി (ദി വീൽ-കേരളം), പ്രത്യേക പരാമർശങ്ങൾ- സംവിധാനം: പ്രേമൻ മുച്ചുകുന്ന് (ജിനു വൈക്കത്ത്), മികച്ച നടൻ- ജിനു വൈക്കത്ത്(കുവൈറ്റ്), രാഘവൻ മുച്ചുകുന്ന്(കേരളം), മികച്ച നടി: ഗീതികാ സുരേഷ്(കേരളം), ദീപ്തി ഹരീന്ദ്രൻ(ദുബായ്),ഷീനാ ഹിരൺ(ഒമാൻ).

മികച്ച ജനപ്രിയ ചിത്രമായി ഒമാനിൽ നിന്ന് റോബിൻ മേട്ടയിൽ സംവിധാനം ചെയ്ത "അലേ' തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ജനപ്രിയ സംവിധായകൻ ഒമാനിൽ നിന്ന് പ്രകാശ് നായർ(കൊറോണയും നാല് പെണ്ണുങ്ങളും), മികച്ച ജനപ്രിയ നടൻ:രഞ്ജിത്ത് എളയത്(ദുബായ്),ജനപ്രിയനടി: ഷീനാ ഹിരൺ(ഒമാൻ). അറേബ്യൻ അരീനാ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ നടത്തിയ പോളിംഗിലൂടെയാണ് ജനപ്രിയപുരസ്‌കാരങ്ങൾ നിർണയിച്ചത്.

സംവിധായകനും ജൂറി ചെയർമനാനുമായ എം.എ. നിഷാദാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സംവിധായകൻ സലാം ബാപ്പു, നടൻ അനിൽ നെടുമങ്ങാട്, കാമറാമാൻ അൻസർഷാ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്. മാധ്യമപ്രവർത്തകൻ ഫിറോസ് സാലി മുഹമ്മദ് നേതൃത്വം നൽകിയ ചലച്ചിത്രമേളയിൽ ലോകത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നുള്ള ലോക്ക്ഡൗൺ കാല ചിത്രങ്ങളാണ് മത്സരിച്ചത്.

അറേബ്യൻ അരീനയും പ്രവാസി മലയാളി ഫെഡറേഷനും കേരളത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി കൺവീനർ റാഫി പാങ്ങോട് അറിയിച്ചു.