ഷെയ്ഖ് സബാഹിന് രക്തദാനത്തിലൂടെ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രവാസി സമൂഹം
Monday, October 19, 2020 8:05 PM IST
കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ, ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്‍റെ സ്മരണാർഥം ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും ബിഡികെയുടെ കാമ്പയിൻ പങ്കാളികളായ മ്യൂസിക് ബീറ്റ്സ് ഇവന്‍റ് മാനേജ്മെന്‍റ് ടീമും സംയുക്തമായി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 125 പേർ എത്തിച്ചേർന്ന ക്യാമ്പിൽ 103 പേർ രക്തദാനം നിർവഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു. ബിഡികെയുടേയും, മ്യൂസിക് ബീറ്റ്സിന്‍റേയും അമ്പതോളം വരുന്ന സന്നദ്ധപ്രവർത്തകരുടെ സംഘം സേവനപ്രവർത്തനങ്ങൾ ചെയ്തു.

മ്യൂസിക് ബീറ്റ്സ് ഇവന്‍റ് മാനേജ്മെന്‍റ് ടീം കോവിഡ് കാലത്ത് കുവൈറ്റിൽ നടത്തിവരുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ബിഡികെയുമായി ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാന്പ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഡോ. നസീം പാർക്കർ ഉദ്ഘാടനം ചെയ്തു. ബിഡികെ അഡ്വൈസറി ബോർഡ് മെമ്പർ മുരളി എസ്. പണിക്കർ, അമീർ അനുസ്മരണസന്ദേശം നൽകി. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബിഡികെ കുവൈറ്റ് മുൻ വൈസ് പ്രസിഡന്‍റും സജീവ പ്രവര്‍ത്തകനുമായിരുന്ന മുരളി പീവീസിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. ബിഡികെയുടെ സഹകരണത്തോടെ ഭാവിയിലും കൂടുതൽ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് മ്യൂസിക് ബീറ്റ്സ് ഇവന്റ് ഡയറക്ടർ നിതിൻ തോട്ടത്തിൽ പറഞ്ഞു.

രഘുബാൽ അദ്ധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, ദീപുചന്ദ്രൻ, നിമിഷ്, സോഫി രാജൻ, രമേശൻ, ഡോ. നീതു, ജസ്സീന, വേണുഗോപാൽ, രാജേഷ് ആർജെ, നോബിൻ, പ്രവീൺകുമാർ, തോമസ് അടൂർ, മുനീർ, രജീഷ് ലാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.രാജൻ തോട്ടത്തിൽ സ്വാഗതവും ഡോ. ഡെന്നി മാമ്മൻ നന്ദിയും പറഞ്ഞു.

കുവൈത്തിൽ ബിഡികെ കുവൈറ്റിന്‍റെ സഹകരണത്തോടെ രക്തദാന ക്യാമ്പുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകളും വ്യക്തികളും 6999 7588 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ