ശൈത്യകാലം വരവായി; മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം
Tuesday, October 20, 2020 8:46 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ശൈത്യകാലം ആരംഭിക്കാനിരിക്കേ മുന്നറിയിപ്പുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കാലാവസ്ഥ മാറുന്ന സാഹചര്യം കണക്കിലെടുക്കണമെന്നും ശൈത്യകാലത്ത് വൈറസിന്‍റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തില്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ശീതകാലം കഴിയും വരെ രാജ്യത്ത് കൊറോണ വൈറസ് ഗൗരവമായി കാണണം. ലോകമെമ്പാടുമുള്ള 40 ദശലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് ബാധിച്ചതായും 1.116 ദശലക്ഷം പേർ മരണമടഞ്ഞതായും ആരോഗ്യ മന്ത്രി ഡോ: ബാസില്‍ അല്‍ സബ പറഞ്ഞു.

കഴിഞ്ഞ ദിവസം സെയ്ഫ് കൊട്ടാരത്തിൽ നടന്ന പ്രതിവാര മന്ത്രി സഭാ യോഗത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ അധ്യക്ഷത വഹിച്ചു. കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വിവിധ മന്ത്രാലയങ്ങള്‍ അവതരിപ്പിച്ചു. തണുപ്പ് ആസന്നമാകുന്നതിനാല്‍ സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കണമെന്നും പൊതുജനാരോഗ്യ മുൻകരുതലുകൾക്കും പ്രതിരോധ നടപടികൾക്കുമായി സ്വയം പ്രതിജ്ഞാബദ്ധരായി തുടരാനും കുവൈറ്റ് മന്ത്രിസഭ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ