ഖത്തറിൽ കൊടിയത്തൂർ സ്വദേശികളായ ആരോഗ്യപ്രവർത്തകർക്ക് ആദരം
Saturday, October 24, 2020 2:30 AM IST
ദോഹ: കോവിഡ് കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തന മികവിൽ ലോക ശ്രദ്ധ പിടിച്ചു പറ്റിയ ഖത്തറിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മെംബർമാരെ കൊടിയത്തൂർ ഏരിയ സർവീസ്‌ ഫോറം ആദരിച്ചു.

ഡോ. മജീദ് മാളിയേക്കൽ , ഡോ.ടി.ടി. അബ്ദുൽ വഹാബ്, അബ്ദുല്ല യാസീൻ , മർവ യാസീൻ , നഹാസ് മുഹമ്മദ് , ഫൗസിയ നഹാസ് , സാജിദ ഇർഷാദ് , ഷിജിന വർദ , പ്രിജിത്ത്, ടി.എൻ‌. റാഷിഫ് എന്നിവരെയാണ് ആദരിച്ചത്.

സ്വദേശി വിദേശി പരിഗണയില്ലാതെ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കിയതും മരണ നിരക്ക് ഗണ്യമായി കുറക്കാനായതുമാണ് ഖത്തറിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ മികച്ച ആസൂത്രണത്തിൽ പൊതു ജനങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടില്ലാതെയാണ് ഖത്തർ നടപ്പിലാക്കിയതെന്നും യോഗത്തിൽ അനുസ്മരിച്ചു. കോവിഡ് രോഗ പ്രതിരോധത്തിലും രോഗികളെ പരിചരിക്കുന്നതിലും ലോകത്തിനു തന്നെ മാതൃകയായ ഖത്തറിലെ ആരോഗ്യ വകുപ്പിനു കീഴിലുള്ളവർ, സാമൂഹ്യ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുടെ മികച്ച പ്രവർത്തനങ്ങളെ യോഗത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഭാരവാഹികളായ ഇമ്പിച്ചാലി, അസീസ് പുതിയോട്ടിൽ, ഇല്യാസ്, അമീൻ കൊടിയത്തൂർ, എം.എ. അസീസ്. ടി.എൻ. ഇർഷാദ് , ജാനിഷ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.