ഷാർജയിലെ താമസകേന്ദ്രങ്ങളിൽ ശുദ്ധീകരണയജ്ഞവുമായി പോലീസ്
Tuesday, November 17, 2020 8:50 PM IST
ദുബായ് : ഷാർജയിലെ താമസകേന്ദ്രങ്ങളിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ വാതുവയ്പ്പ് ഉൾപ്പടെയുള്ള അനധികൃത പ്രവർത്തനങ്ങൾ നടത്തിയ നിരവധി പേരെ അറസ്റ്റു ചെയ്തു.

ശൈത്യകാലം തുടങ്ങിയതോടെ ഇത്തരം നിയമ വിരുദ്ധ പ്രവർത്തനങ്ങളും സംഘം ചേരലും വർധിച്ചതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കെട്ടിടങ്ങളുടെ അടിയിലും ആളൊഴിഞ്ഞ ഇടങ്ങളിലും കൗമാരക്കാർ കൂട്ടം കൂടി ഇരിക്കുന്നതും പുൽത്തകിടികൾ വൃത്തിഹീനമാക്കുന്നവർ , നിരോധിത പടക്കങ്ങൾ പൊട്ടിച്ചവർ , താമസക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ തുടങ്ങി നിരവധി പേരെയാണ് പോലീസിന്‍റെ പിടിയിലായത്.

ഷാർജ പോലീസിന്‍റെ പട്രോളിംഗ് വിഭാഗമായ ഇൻസാദിന്‍റെ സഹകരണത്തോടെയുള്ള പരിശോധന തുടരുമെന്നും വഴി വാണിഭക്കാർ ,യാചകർ , വ്യാജ സിഡികൾ വിൽക്കുന്നവർ , നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർ തുടങ്ങിയ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

കോവിഡ് സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്നാണ് പലയിടത്തും വാതുവയ്പ്പ് ഉൾപ്പടെയുള്ള അനധികൃത നടപടികൾ തുടരുന്നതെന്നും ഇത് ആളുകൾ തമ്മിലുള്ള കലഹങ്ങൾക്കും മറ്റു കുറ്റ ത്യങ്ങൾക്കും കാരണമാകുന്നുവെന്നും പോലീസ് പറഞ്ഞു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള