അൽദഫ്രാ പൈതൃക മേളക്ക് സൗജന്യ ബസ് സർവീസ്
Tuesday, November 17, 2020 9:07 PM IST
അബുദാബി : അബുദാബി അൽ ദഫ്‌റയിൽ നടക്കുന്ന പൈതൃക ആഘോഷ നഗരിയിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തുമെന്ന് ഗതാഗത വിഭാഗം അറിയിച്ചു.

നവംബർ 20 നാണു ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ ആരംഭിക്കുക. 2021 ഫെബ്രുവരി 20 വരെ മേള നീണ്ടു നിൽക്കും. അബുദാബിയിലെ മെയിൻ ബസ് സ്റ്റേഷനിൽ നിന്നും എല്ലാ ദിവസവും ബസ് പുറപ്പെടും . ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 7 വരെ ഓരോ മണിക്കൂറിലും ബസ് പുറപ്പെടും. മെയിൻ ബസ് സ്റ്റേഷനിൽ നിന്നും ബെയിൻ അൽ ജെസ്സറെയ്ൻ കോഓപ്പറേറ്റീവ് സൊസൈറ്റി സൂപ്പർ മാർക്കറ്റ് , ബനിയാസ് ബസ് സ്റ്റേഷൻ എന്നീ സ്ഥലങ്ങളിലൂടെയാകും ഉത്സവ നഗരിയിൽ എത്തിച്ചേരുക. വൈകിട്ട് 5 മുതൽ 11 വരെ എല്ലാ ഓരോ മണിക്കൂറിലും ഉത്സവ നഗരിയിൽ നിന്നും അബുദാബി മെയിൻ ബസ് ടെർമിനലിലേക്കു ബസ് സർവീസ് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

മൂന്നു മാസത്തോളം നീണ്ടു നിൽക്കുന്ന പൈതൃക മേളയിൽ 3500 പരിപാടികൾ അരങ്ങേറും . 80000 പേര് ഒരു ദിവസം സന്ദർശനം നടത്തുമെന്ന് കരുതപ്പെടുന്ന ഉത്സവ നഗരിയിൽ പ്രവേശിക്കുന്നതിന് 5 ദിർഹമാണ് നിരക്ക്. 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള