"നെഹ്റുവിയൻ ചിന്തകളെ തമസ്കരിച്ചു കൊണ്ട് ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ല'
Thursday, November 19, 2020 6:14 PM IST
റിയാദ്: ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ആണിക്കല്ലുകൾ നെഹ്റുവിയൻ ചിന്തകളാണെന്നും വിശാല കാഴ്ചപ്പാടോടുകൂടി അദ്ദേഹം രൂപപ്പെടുത്തിയ ജനാധിപത്യ ഭരണ വ്യവസ്ഥിതിയാണ് രാജ്യത്തിന് എക്കാലവും അഭികാമ്യമെന്നും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന കോ ഓർഡിനേറ്റർ അഡ്വ. വി.ആർ. അനൂപ് . ഒഐസിസി സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്‍റെ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും നെഹ്റുവിനെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും മായ്ച്ചു കളയാനുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ നേതൃത്വം നൽകി ഇപ്പോൾ നടപ്പാക്കി വരുന്നത്. കേന്ദ്ര സർക്കാരിന്‍റെ പിന്തുണയോടെ നടപ്പാക്കി വരുന്ന ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ രാഷ്ട്ര ശിൽപ്പിയോട് കാണിക്കുന്ന നിന്ദയാണ്. പൊതുജനം അതർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. ഒഐസിസി പോലുള്ള സംഘടനകളും പ്രവർത്തകരും പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്‍റെ ആശയങ്ങൾ പുതുതലമുറകളിലേക്ക് പകർന്നു നൽകാനായി പ്രവർത്തിക്കണം - അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യൻ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ വ്യവസ്ഥ ദീർഘവീക്ഷണത്തോടെയാണ് നെഹ്റുവിന്‍റെ നേതൃത്വത്തിൽ ചിട്ടപ്പെടുത്തിയത്. അതൊന്നു കൊണ്ട് മാത്രമാണ് രാജ്യം ഇന്നും കെട്ടുറപ്പോടെ നിലനിൽക്കുന്നത്. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റി ജനങ്ങൾക്കിടയിൽ സ്പർധ വളർത്തി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് തന്ത്രമാണ് സംഘ്പരിവാറും ഇപ്പോൾ പയറ്റിക്കൊണ്ടിരിക്കുന്നതെന്നും ശത്രുക്കളെ പോലും കൂടെ നിർത്തി ഭരണം നടത്തിയ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയാണ് നമുക്ക് ഈ അവസരത്തിൽ മാതൃകയാകേണ്ടതെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്‍റ് പി.എം. നജീബ് പറഞ്ഞു.

സത്താർ കായംകുളം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നെഹ്റുവിന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതികളും പഞ്ചവത്സര പദ്ധതികളടക്കമുള്ള വികസന പദ്ധതികളുമാണ് ഇന്ത്യയെ ഇന്നും മുന്നോട്ട് നയിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച കെപിസിസി സെക്രട്ടറി അഡ്വ. ഇ. ഷമീർ അഭിപ്രായപ്പെട്ടു. വെർച്വൽ സംവിധാനത്തിൽ നടന്ന പരിപാടിയിൽ ലോകത്തിന്‍റെ വിവിധ ഭാഗത്തു നിന്നുമുള്ള ഒഐസിസി നേതാക്കളും കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും പങ്കെടുത്തു. അബ്ദുറഹ്മാൻ കാവുങ്ങൽ, ഷക്കീബ് കൊളക്കാടൻ, നാസർ കാരന്തൂർ, അബ്ദുൽ മജീദ് നഹ, ബെന്നി വാടാനപ്പള്ളി, ജയരാജൻ കൊയിലാണ്ടി, അഡ്വ.എൽ.കെ.അജിത്, ഷാജി സോണ, പി എം ഫസൽ, അഷ്റഫ് വടക്കേവിള, മാത്യു ജോസഫ്, സിദ്ദീഖ് കല്ലുപറമ്പൻ, മാള മുഹിയുദ്ദീൻ, ജെ സി മേനോൻ, റഷീദ് വാലേത്ത്, കെ. എം കൊടശേരി, നസറുദ്ദീൻ റാവുത്തർ, സക്കീർ പത്തറക്കൽ, വിനീഷ് അരുമാനൂർ, കെ.പി. അലി തുടങ്ങിയവർ പണ്ഡിറ്റ്ജി സ്മരണ അയവിറക്കി. നിഷാദ് ആലംകോട് സൂം മീറ്റിംഗ് കോഓർഡിനേറ്റർ ആയിരുന്നു. ചടങ്ങിൽ ഫൈസൽ ശരീഫ് നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ