ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ യും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saturday, February 27, 2021 4:38 PM IST
കുവൈറ്റ് സിറ്റി: ഇറാഖ് അധിനിവേശത്തിൽ നിന്നും കുവൈറ്റ് വിമോചിതമായതിന്‍റെ മുപ്പതാമത് വാർഷികദിനത്തിൽ നാടിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തിക്കൊണ്ട് ഹരിപ്പാട് പ്രവാസി അസോസിയേഷനും, ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെൻട്രൽ ബ്ലഡ് ബാങ്കിന്‍റെ അദാൻ ആശുപത്രിക്ക് സമീപമുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംഘടിപ്പിച്ച ക്യാമ്പിൽ 146 ദാതാക്കൾ പങ്കെടുക്കുകയും, 106 പേർ രക്തം ദാനം ചെയ്യുകയും ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കർശനനിയന്ത്രണങ്ങൾക്ക് വിധേയമായാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിന്‍റെ ഔപചാരിക ഉദ്ഘാടനം ഹരിപ്പാട് അസോസിയേഷൻ വിമൻസ് വിംഗ് ചെയർപേഴ്സൺ സുവി അജിത് നിർവഹിച്ചു. അസോസിയേഷൻ പ്രസിഡണ്ട് അജി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കലേഷ് ബി പിള്ള, സിബി പുരുഷോത്തമൻ, ജയകൃഷ്ണൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചതിനുള്ള മെമന്റോ മനോജ് മാവേലിക്കര (ബിഡികെ രക്ഷാധികാരി), നിമിഷ് കാവാലം (ബിഡികെ എക്സിക്യൂട്ടീവ് മെമ്പർ) എന്നിവർ ചേർന്ന് ഹരിപ്പാട് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. രഘുബാൽ ബിഡികെ സ്വാഗതവും, ഹരിപ്പാട് അസോസിയേഷൻ ട്രഷറർ ബിനു യോഹന്നാൻ നന്ദിയും പറഞ്ഞു.

ഹരിപ്പാട് അസോസിയേഷൻ പ്രവർത്തകരായ പ്രദീപ്, സജീവ് അപ്പുകുട്ടൻ, സുലേഖ അജി, സുരേഷ് ശേഖർ, രാജീവ്‌ എസ് പിള്ള, ശരത്, ശ്രീജിത്ത്‌, ജയദേവൻ, ഇന്ദു സുരേഷ്, തുളസി ജയകൃഷ്ണൻ, ശാരി സജീവ് എന്നിവരും ബിഡികെ പ്രവർത്തകരായ ജയൻ, സുരേന്ദ്രമോഹൻ, അജിത്, ജിതിൻ, ജയകൃഷ്ണൻ, ബീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ തുടങ്ങിയ രക്തദാനപ്രചരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ താത്പര്യമുള്ളവരും, അടിയന്തിര ഘട്ടത്തിൽ രക്തദാതാക്കളുടെ സൗജന്യസേവനം ആവശ്യമുള്ളവരും ബിഡികെ കുവൈത്തിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 6999 7588 / 5151 0076 എന്നിവയിലൊന്നിൽ ബന്ധപ്പെടാവുന്നതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ