മതാചാരങ്ങള്‍ പ്രകാരം സംസ്കാര ചടങ്ങുകള്‍ അനുവദിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി
Sunday, April 11, 2021 4:13 PM IST
കുവൈറ്റ് സിറ്റി : എല്ലാ മതങ്ങളെയും അവരുടെ ആചാരങ്ങള്‍ പ്രകാരം സംസ്കാരം നടത്തുവാന്‍ അനുവദിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി ഫ്യൂണറൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദി അറിയിച്ചു.

സംസ്കാര വേളയിൽ ബുദ്ധമതക്കാർക്കും ഹിന്ദു മത വിശ്വാസികള്‍ക്കും ആചാരങ്ങൾ അനുഷ്ഠിക്കാൻ അനുമതിയുണ്ടെങ്കിലും മരിച്ചവരുടെ മൃതദേഹങ്ങൾ ദഹിപ്പിക്കുവാന്‍ അനുവദിക്കണമെന്ന വിശ്വാസികളുടെ അഭ്യർഥന അധികൃതര്‍ നിരസിച്ചതായി പ്രാദേശിക ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു .

കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളെ തുടര്‍ന്ന് കര്‍ശനമായ നിയന്ത്രങ്ങളാണ് ഖബർസ്ഥാനില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മയ്യിത്ത് കുളിപ്പിക്കുവാനായി പരമാവധി മൂന്ന് പേർക്കും സംസ്കാര ചടങ്ങുകൾക്കായി അടുത്ത ബന്ധുക്കളായ ഇരുപത് പേർക്കുമാണ് അനുമതി നല്‍കുന്നത്.

റിപ്പോർട്ട് : സലിം കോട്ടയിൽ