അടിക്ക് തിരിച്ചടി: ഹൂതി മിസൈൽ വിക്ഷേപണി തകർത്തതായി യുഎഇ
Monday, January 24, 2022 3:19 PM IST
അബുദാബി: യുഎഇ തലസ്ഥാന നഗരിയിലേക്ക് മിസൈൽ ആക്രമണം നടത്തുന്നതിന് ഹൂതി വിമതർ ഉപയോഗിച്ച മിസൈൽ വിക്ഷേപണി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി .

അബുദാബി ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ട് നിമിഷങ്ങൾക്കകമാണ് യുഎഇ എഫ് -16 വിമാനം ഉപയോഗിച്ച് മിസൈൽ ലോഞ്ചിംഗ് കേന്ദ്രം തകർത്തത്. യെമനിലെ അൽ ജൗഫ് എന്ന സ്ഥലത്താണ് മിസൈൽ ലോഞ്ചർ ഉണ്ടായിരുന്നത്. പ്രത്യാക്രമണത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

അബുദാബിയിലേക്ക് വന്ന രണ്ടു മിസൈലുകളെയും ആകാശത്തുവച്ചു തന്നെ നശിപ്പിച്ചതായും ഇതിന്‍റെ അവശിഷ്ടങ്ങൾ സുരക്ഷിതമായി വിവിധ മേഖലകളിൽ പതിച്ചതായും മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അനിൽ സി. ഇടിക്കുള