അതിജീവനത്തിന്‍റെ നേർക്കാഴ്ചയായ് അരുൺകുമാർ; കോവിഡ് ബാധിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞത് ആറു മാസങ്ങൾ
Thursday, January 27, 2022 7:44 PM IST
അബുദാബി : കോവിഡ് ബാധിച്ചതിനെത്തുടർന്നു ആറുമാസം നീണ്ട ജീവൻമരണ പോരാട്ടത്തിനൊടുവിലാണ് അരുൺ കുമാർ എം. നായർ എന്ന കോവിഡ് മുന്നണി പോരാളിയായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് .

കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന 38 കാരനായ അരുൺ ,കോവിഡ് ബാധിച്ചതിനെ തുടർന്നു അബോധാവസ്ഥയിലേക്കു പോയ സ്ഥിതിയിൽ നിന്നും ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്.

അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്‍റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ 2021 ജൂലൈ പകുതിയോടെയാണ് അമ്പലപ്പുഴ സ്വദേശിയാ‌യ അരുണിന് കോവിഡ് ബാധിച്ചത്.

നീണ്ട ആറു മാസത്തെ പോരാട്ടം സൃഷ്ടിച്ച ഗുരുതരമായ സങ്കീർണതകളിലും കൃത്രിമ ശ്വാസകോശത്തിന്‍റെ പിന്തുണയോടെയാണ് അരുൺ ശ്വാസോച്ഛാസം നടത്തുകയും ജീവൻ നിലനിർത്തുകയും ചെയ്തത്. തുടർച്ചയായ ഒന്നിലധികം ഹൃദയാഘാതങ്ങളടക്കം നിരവധി സങ്കീർണതകൾ. ട്രക്കിയോസ്റ്റമി, ബ്രോങ്കോസ്കോപ്പി തുടങ്ങിയ നടപടിക്രമങ്ങളിലൂടെ കടന്നു വന്ന അരുൺ കഠിന വേദനകളും അനുഭവിച്ചാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അരുണിന് താൻ ജോലി ചെയ്യുന്ന വിപിഎസ് മാനേജ്‌മെന്‍റും സഹപ്രവർത്തകരും ചേർന്നു നൽകിയ സ്വീകരണം വികാരനിർഭരവും അരുണിന്‍റെ ജീവിതം മാറ്റിമറിക്കുന്ന അദ്ഭുത പ്രഖ്യാപനങ്ങളുടെയും വേദിയായി . വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പ് മാനേജ്‌മെന്‍റ് അരുണിനേയും കുടുംബത്തെയും രണ്ടാം ജന്മത്തിലേക്കു കൈപിടിച്ചുയർത്തിയിരിക്കുകയാണെന്നു വേണം പറയാം.

അരുണിന് 50 ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ച വിപിഎസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ, അദ്ദേഹത്തിന്‍റെ ഭാര്യ ജെനി ജോർജിന് ജോലിയും കുട്ടിക്ക് സമ്പൂർണ പഠന ചെലവുകളും വാഗ്ദാനം ചെയ്തു .

ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുണിന്‍റെ എമിറാത്തി സഹപ്രവർത്തകരാണ് ഈ സ്നേഹസമ്മാനം കൈമാറിയത് . ചടങ്ങിൽ അതിഥിയായി എത്തി പ്രശസ്ത മലയാള സിനിമ നടൻ ടോവിനോ തോമസ് ആശംസകൾ നേർന്നു. ബുർജീൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനും യുഎഇയിലെ സുഹൃത്തുക്കൾക്കും അരുണും കുടുംബവും നിറഞ്ഞ കണ്ണുകളോടെയാണ് നന്ദി പറഞ്ഞത്.

ആരോഗ്യ വീണ്ടെടുത്ത് വീണ്ടും യൂണിഫോമണിഞ്ഞു ആതുര സേവനരംഗത്തേക്കു തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് അരുൺ, ബുർജീൽ ഒരുക്കിയിരുന്ന വൺ ബെഡ്‌റൂം അപ്പാർട്ട്മെന്‍റിലേക്ക്, ബുർജീലിന്‍റെ തന്നെ റോൾസ് റോയ്‌സ് കാറിൽ യാത്ര തിരിച്ചത്.

അനിൽ സി. ഇടിക്കുള