‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്
Tuesday, May 17, 2022 5:05 PM IST
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് പൊടിപടലങ്ങൾ ഉയർത്തുന്നു, ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച 500 മീറ്റർ താഴെയായി കുറയുന്നു.

അബുദാബിയിലെ ഉമ്മു ഷെയ്ഫിലും അൽ ദഫ്രയിലും ദൂരക്കാഴ്ച 500 മീറ്ററിൽ താഴെയായിരിക്കുമെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ദ്വീപുകളിലും ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും പ്രത്യേകിച്ച് പടിഞ്ഞാറോട്ട് ചൊവ്വാഴ്ച രാത്രി 10 വരെ തിരശ്ചീന ദൂരക്കാഴ്ച ഒരു കിലോമീറ്ററിൽ താഴെയായി കുറച്ചതായി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജിയുടെ മുന്നറിയിപ്പിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുഎഇയിൽ ഉടനീളം പൊടി നിറഞ്ഞ കാലാവസ്ഥയാണ്. മേഖലയിലെ മറ്റു രാജ്യങ്ങളിലും മണൽക്കാറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ വലിയ മണൽക്കാറ്റ് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകളെ താത്കാലികമായി തടസപ്പെടുത്തിയതായി അവിടെനിന്നുമുള്ള റിപ്പോർട്ടുകളിൽ പറയുന്നു.