മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ
Saturday, June 25, 2022 9:32 PM IST
അനിൽ സി ഇടിക്കുള
അബുദാബി: മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനായി അബുദാബി വിപിഎസ് - എൽഎൽഎച്ച് ആശുപത്രി പ്രിവിലേജ് കാർഡ് പുറത്തിറക്കി. ഇന്ത്യൻ മീഡിയ അബുദാബിയുമായി സഹകരിച്ചാണ് പ്രിവിലേജ് കാർഡ്. മാധ്യമപ്രവർത്തകർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സുഗമമായി ഏറ്റവും മികച്ച മെഡിക്കൽ പരിചരണവും സൗകര്യങ്ങളും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.

എൽഎൽഎച്ച് ആശുപത്രിയിൽ നടന്ന ചടങ്ങിൽ റീജനൽ സിഇഒ സഫീർ അഹമ്മദ് പ്രിവിലേജ് കാർഡ് പുറത്തിറക്കി. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് റാഷിദ് പൂമാടവും മാധ്യമപ്രവർത്തകരും സംയുക്തമായി കാർഡ് ഏറ്റുവാങ്ങി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ സംഭാവനകൾ നൽകുന്ന പ്രൊഫഷണലുകൾക്ക് മികച്ച ആരോഗ്യസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് മാധ്യമപ്രവർത്തകർക്കുള്ള പ്രിവിലേജ് കാർഡെന്ന് എൽഎൽഎച്ച് അധികൃതർ പറഞ്ഞു.

മുതിർന്നവർക്കും കുട്ടികൾക്കും എക്സിക്യൂട്ടീവ് ഹെൽത്ത് പാക്കേജുകളടക്കമുള്ള സേവനങ്ങൾ പ്രിവിലേജ് കാർഡിൽ ഉൾപ്പെടും. കാർഡ് ഉടമയുടെ ഉറ്റ ബന്ധുക്കൾ, പങ്കാളി, മക്കൾ എന്നിവർക്കും സേവനങ്ങൾ ലഭ്യമാകും.