ദുബായ് സെന്‍റ് തോമസ് കത്തീഡ്രലിൽ ദുക്റാന പെരുന്നാളിന് കൊടിയേറി
Monday, June 27, 2022 10:39 PM IST
അനിൽ സി. ഇടിക്കുള
ദുബായ്: ദുബായ് സെന്‍റ് തോമസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമാശ്ലീഹായുടെ ദുക്റാന പെരുന്നാൾ ജൂലൈ രണ്ട്, മൂന്ന് (ശനി, ഞായർ) തീയതികളിൽ നടക്കും.

ശുശ്രൂഷകൾക്ക് മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും.

രണ്ടിനു (ശനി) വൈകുന്നേരം ആറിന് പരിശുദ്ധ ബാവായ്ക്ക് സ്വീകരണം നൽകും. രാത്രി 7.30 -ന് പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം, തുടർന്നു വചന ശുശ്രൂഷ, ഭക്തി നിർഭരമായ റാസ, പെരുന്നാൾ വാഴ്വ് , ആശിർവാദം, സ്നേഹ വിരുന്ന് എന്നിവ നടക്കും.

മൂന്നിനു (ഞായർ) രാവിലെ 7.15 -നു പ്രഭാത നമസ്കാരം, തുടർന്നു പരിശുദ്ധ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, ആശിർവാദം, നേർച്ച വിളന്പ് എന്നിവയോടുകൂടി പെരുന്നാളിന് കൊടിയിറങ്ങും.

പെരുന്നാളിന്‍റെ ഒരുക്കങ്ങൾക്ക് വികാരി ഫാ. ബിനീഷ് ബാബു, സഹവികാരി ഫാ. സിബു തോമസ് , ഇടവക ട്രസ്റ്റി ഡോ. ഷാജി കൊച്ചുകുട്ടി , സെക്രട്ടറി ബിജു സി. ജോൺ, ജോയിന്‍റ് ട്രസ്റ്റി സജി ഡേവിഡ്, ജോയിന്‍റ് സെക്രട്ടറി ബിനിൽ എം. സ്‌കറിയ എന്നിവർ നേതൃത്വം നൽകും.