കുട്ടനാടിന്‍റെ പുത്രൻ ഓസ്ട്രേലിയയിൽ ഡപ്യൂട്ടി മേയർ
Friday, November 2, 2018 6:40 PM IST
മെൽബൺ: കുട്ടനാട് സ്വദേശിയായ ടോം ജോസഫ് ഓസ്ട്രേലിയയിലെ വിറ്റെൽസി നഗരത്തിന്‍റെ ഡെപ്യൂട്ടി മേയറയി തെരഞ്ഞെടുക്കപ്പെട്ടു. വിക്ടോറിയ സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ മുൻസിപ്പാലിറ്റിയാണ് വിറ്റെൽസി. 2017 ൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ടോം, വിറ്റെൽസി നഗരത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ കൗൺസിലറും ഓസ്ട്രേലിയയിൽ ഒരു തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ആദ്യ മലയാളിയുമാണ്.

മെർണ്ഡ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ്, ജില്ലാ റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ്, മെർണ്ഡ ആൻഡ് ഡോറീൻ മൾട്ടികൾച്ചറൽ അസോസിയേഷൻ സ്ഥാപക പ്രസിഡന്‍റ് എന്നീ നിലകളിൽ ടോം വഹിച്ച സ്തുത്യർഹമായ സേവനവും പ്രാദേശിക സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ടോം വഹിച്ച നേതൃത്വപരമായ പങ്കുമാണ് അദ്ദേഹത്തെ നാട്ടുകാരുടെ പ്രിയങ്കരനാക്കിയത്.

സെന്‍റ് വിൻസെന്‍റ് ഡി പോൾ സൊസൈറ്റിയിൽ വോളന്‍റിയർ സോഷ്യൽ ജസ്റ്റീസ് ഓഫീസറായി സേവനം ചെയ്തിട്ടുള്ള ടോം, നിലവിൽ കത്തോലിക്കാ പള്ളികളുടേയും കിംഗ് ലെയ്ക്ക്, വിറ്റെൽസി, മെർണ്ഡ, ഡോറീൻ സ്കൂളുകളുടേയും കംബയിൻഡ് സോഷ്യൽ കമ്മിറ്റി ചെയർമാനുമാണ്.

2006 ൽ കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ടോം, ഒരു ബിസിനസ് സംരംഭകൻ കൂടിയാണ്.

കുട്ടനാട് മണലാടി പുതുശേരി വർക്കി ജോസഫിന്‍റേയും കുഞ്ഞമ്മയുടേയും ഒന്പതു മക്കളിൽ ഇളയവനാണ് ടോം. ഭാര്യ: രഞ്ജിനി, ചങ്ങനാശേരി കളങ്ങരപറന്പിൽ കുടുംബാംഗം. ഇവർക്ക് മൂന്ന് മക്കൾ.

റിപ്പോർട്ട്: ദിലീപ് ഫിലിപ്പ്