ബെൻഡിഗോ സീറോ മലബാർ മിഷനിൽ സംയുക്ത തിരുനാളാഘോഷം 17, 18 തീയതികളിൽ
Saturday, November 3, 2018 6:58 PM IST
മെൽബൺ: ബെൻഡിഗോ സെന്‍റ് തോമസ് സീറോ മലബാർ മിഷനിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാൾ നവംബർ 17, 18 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

17ന് (ശനി) വൈകുന്നേരം 4.15 ന് ക്വാറി ഹിൽ സെന്‍റ് ജോസഫ് ദേവാലയത്തിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റും. ആഘോഷമായ ദിവ്യബലിയിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. തുടർന്നു മതബോധന വാർഷികവും മാതൃവേദി പിതൃവേദി യൂണിറ്റുകളുടെ കലാപരിപാടികളും സമ്മാനദാനവും സ്നേഹവിരുന്നും നടക്കും.

18 ന് (ഞായർ) രാവിലെ 10.30 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബൺ രൂപതാധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞും വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടക്കും.

ബെൻഡിഗോ മിഷൻ ചാപ്ലിൻ ഫാ. സെബാസ്റ്റ്യൻ മണ്ഡപത്തിൽ, കൈക്കാരന്മാരായ അജി, പ്രിൻസ്, പാരിഷ് കമ്മിറ്റി അംഗങ്ങൾ എന്നിവർ തിരുനാളിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ