ഫിലിംസിറ്റി മൈസൂരുവിൽ തന്നെയെന്ന് മുഖ്യമന്ത്രി, അംബരീഷിന്‍റെയും ഡോ. രാജ്കുമാറിന്‍റെയും പേരുനല്കും
Monday, December 3, 2018 11:22 PM IST
ബംഗളൂരു: എറെനാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ ഫിലിംസിറ്റി മൈസൂരുവിൽ തന്നെയെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ഫിലിംസിറ്റി മൈസൂരുവിൽ തന്നെയാകുമെന്നും ഫിലിം യൂണിവേഴ്സിറ്റി രാമനഗരയിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്‍റെ നേതൃത്വത്തിൽ ബംഗളൂരു അംബേദ്കർ ഭവനിൽ അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായിരുന്ന അംബരീഷിന് ആദരാഞ്ജലിയർപ്പിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫിലിം സിറ്റിക്കായി മൈസൂരുവിൽ നൂറുകണക്കിന് ഏക്കർ സ്ഥലം മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടെത്തിയിട്ടുണ്ട്, ആ സ്ഥലത്തുതന്നെ അത് സ്ഥാപിക്കുമെന്നും അതിന് അംബരീഷിന്‍റെയും ഡോ. രാജ്കുമാറിന്‍റെയും പേരുനല്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അന്തരിച്ച ഡോ. വിഷ്ണുവർധന് സ്മാരകം നിർമിക്കുന്നതു സംബന്ധിച്ച് സർക്കാരിന് ആശയക്കുഴപ്പമില്ലെന്നും ഇതുസംബന്ധിച്ച് ഉടൻ തന്നെ തീരുമാനം കൈക്കൊള്ളുമെന്നും കുമാരസ്വാമി അറിയിച്ചു.

നേരത്തെ യോഗത്തിൽ പ്രസംഗിച്ച മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, ഫിലിം സിറ്റിക്ക് അംബരീഷിന്‍റെ പേരു നല്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അംബരീഷിന്‍റെ വിയോഗം സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും സിനിമാ വ്യവസായം പ്രതിസന്ധിയിലായ സമയത്ത് ശിലപോലെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും സിദ്ധരാമയ്യ പറഞ്ഞു. അദ്ദേഹത്തിന്‍റെ സംഭാവനകൾ അംഗീകരിച്ച് സമർപ്പണമായി മൈസൂരു ഫിലിംസിറ്റിക്ക് അംബരീഷിന്‍റെ പേരു നല്കുന്നതാണ് ഉചിതമെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.

സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഫിലിം സിറ്റിക്കായി സ്വന്തം മണ്ഡലമായ വരുണയിലെ ഹിമ്മാവിൽ 116 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. സിദ്ധരാമയ്യയുടെ താത്പര്യപ്രകാരമാണ് ഫിലിംസിറ്റി ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് മാറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇതിന്‍റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയായിരുന്നു.

അനുശോചനയോഗത്തിൽ മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ, അഭിനേതാക്കളായ ശിവരാജ്കുമാർ, ജഗ്ഗേഷ്, സുദീപ്, പുനീത് രാജ്കുമാർ, ദർശൻ, യഷ്, ദൊഡ്ഡണ്ണ, വിജയലക്ഷ്മി സിംഗ്, അംബരീഷിന്‍റെ ഭാര്യയും നടിയുമായ സുമലത, മകൻ അഭിഷേക്, ആദിചുഞ്ചനഗിരി മഠാധിപൻ നിർമലാനന്ദ സ്വാമി, ഫിലിം ചേബർ പ്രസിഡന്‍റ് ചന്നെഗൗഡ, നിർമാതാവ് റോക്‌ലിൻ വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു.