നഴ്സിംഗ് കോളജുകൾക്ക് പ്രത്യേക സർവകലാശാല
Tuesday, December 4, 2018 10:52 PM IST
ബംഗളൂരു: സംസ്ഥാനത്ത് നഴ്സിംഗ് കോളജുകൾക്ക് മാത്രമായി പ്രത്യേക സർവകലാശാല ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിൽ രാജീവ് ഗാന്ധി മെഡിക്കൽ സർവകലാശാലയുടെ കീഴിലാണ് സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ 300 നഴ്സിംഗ് കോളജുകളിലായി പ്രതിവർഷം 12,000 വിദ്യാർഥികളാണ് പഠിച്ചിറങ്ങുന്നത്. ഓരോ വർഷവും നഴ്സിംഗ് കോളജുകളുടെയും വിദ്യാർഥികളുടെയും എണ്ണം വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് നഴ്സിംഗ് സർവകലാശാല ആരംഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ഡിപ്ലോമ, ബിഎസ്‌സി, എംഎസ്‌സി. പിഎച്ച്ഡി നഴ്സിംഗ് കോഴ്സുകളാണ് നിലവിലുള്ളത്. മെഡിക്കൽ കോഴ്സുകൾക്കൊപ്പം നഴ്സിംഗ് കോഴ്സുകളും കൈകാര്യം ചെയ്യുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് രാജീവ് ഗാന്ധി സർവകലാശാല അധികൃതർ നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പ്രത്യേക സർവകലാശാല ആരംഭിക്കാൻ തീരുമാനമെടുത്തത്.