പ്രവാസി ഇന്ത്യാക്കാർക്ക് സൗജന്യ നിയമ സഹായം ഏർപ്പെടുത്തണം ; ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി
Tuesday, February 5, 2019 12:02 AM IST
ന്യൂഡൽഹി: വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്കു സൗജന്യ നിയമസഹായം നല്കാനുള്ള വ്യവസ്ഥ ഉണ്ടാകണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു.

വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാര്‍ നേരിടുന്ന അന്യായങ്ങളും ചൂഷണങ്ങളും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ കഴിഞ്ഞ 2018 ഒക്ടോബറിൽ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം സമർപ്പിച്ചിരുന്നു. ലീഗൽ സെൽ നൽകിയ നിവേദനത്തിനു മേല്‍ യാതൊരുവിധ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രസിഡന്‍റ് അഡ്വ. ജോസ് അബ്രഹാം പൊതുതാത്പര്യ ഹർജ്ജിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സാമ്പത്തികമായോ മറ്റു കാരണങ്ങളാലോ നിയമസഹായം നേടാന്‍ കഴിയാത്ത ഇന്ത്യക്കാർക്ക് ലീഗല്‍ സർവീസ് അതോറിറ്റി ആക്റ്റ് പ്രകാരം ഇന്ത്യക്കുള്ളില്‍ സൗജന്യ നിയമസഹായം ലഭ്യമാണ്. ഇന്ത്യയുടെ ഭരണഘടനയും സൗജന്യ നിയമ സഹായം എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്നു. ഇതനുസരിച്ച് ഏതൊരു പൗരനും ഇന്ത്യകത്തുള്ള ഏതു കോടതികളില്‍ സൗജന്യ നിയമസഹായം ആവശ്യപ്പെടാവുന്നതാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പു നല്കുന്ന ഈ അവകാശം. എല്ലാമവർക്കും നീതി ലഭ്യമാകണം എന്നതും നീതി ലഭിക്കുന്നതിന് പിന്നോക്കാവസ്ഥ ഒരിക്കലും തടസമാവരുത് എന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതി പല വിധികളിലും രേഖപെടുത്തിയിട്ടുള്ളതാണ്.

എന്നാല്‍, വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്മാർക്ക് ഇത്തരത്തിലുള്ള യാതൊരു പരിരക്ഷയും ഇന്ത്യ ഉറപ്പു വരുത്തുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങളും തൊഴിലവകാശ നിഷേധങ്ങളും പതിവായി അനുഭവിക്കുന്ന പ്രവാസി ഇന്ത്യാക്കാർക്ക് വിദേശ രാജ്യങ്ങളില്‍ പലപ്പോഴും തങ്ങളുടെ ഭാഗം അവതരിപ്പിക്കാനോ നീതിക്കുവേണ്ടി വാദിക്കാനോ സാധിക്കുന്നില്ല.

ആയിരക്കണക്കിന് ഇന്ത്യാക്കാരാണ് വഞ്ചിതരായും വിചാരണ തടവുകാരായും പല വിദേശജയിലുകളിലും കഴിയുന്നത്. ന്യായമായ നിയമസഹായം ലഭിച്ചാല്‍ ഇതിലേറെപ്പേരുടേയും നിരപരാധിത്യം തെളിയിക്കാന്‍ സാധിക്കുന്നതുമാണ്. എന്നാല്‍ പല രാജ്യങ്ങളിലേയും ജയിലുകളില്‍ എത്ര ഇത്യാക്കാരുണ്ട് എന്ന കണക്കു പോലും നിലവില്‍ നമ്മുടെ ഗവൺമെന്‍റിന്‍റെ പക്കലില്ല.

വിവാഹവുമായി ബദ്ധപ്പെട്ട നിരവധി പ്രശ്നങ്ങളിലും ഭർത്താക്കന്മാരാൽ വിദേശത്തു ഉപേക്ഷിക്കപ്പെട്ട ഭാര്യമാർക്കും പല സാഹചര്യത്തിലും ഗുരുതരമായ നിയമ പ്രശ്നങ്ങൾ അഭിമുഖികരിക്കേണ്ടി വരുമ്പോൾ നിലവിലെ സാഹചര്യത്തിൽ ഗവൺമെന്‍റിന്‍റെ ഭാഗത്തുനിന്നും ഒരു നിയമ സഹായവും ലഭ്യമാകുന്നില്ല. വിദേശത്ത് മരിക്കുന്നതോ കൊല്ലപ്പെടുന്നതോ ആയ ആളുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. പലപ്പോഴും കേസുകള്‍ നടത്താന്‍ ആളില്ലാത്ത സാഹചര്യത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ലഭിക്കേണ്ട നീതിയും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. പലവിധ നിയമക്കുരുക്കുകള്‍ മൂലം വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനും പലപ്പോഴും മാസങ്ങളോളം കാലതാമസം വരുന്നു.

ഇന്ത്യയിലുള്ള ഏതൊരു പൗരനും വേണ്ട നിയമ സഹായം ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയും ലീഗൽ സർവീസ് അകറ്റും വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ഇന്ത്യൻ പൗരന്മാരായ വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് നിലവിലെ സാഹചര്യത്തിൽ യാതൊരു നിയമ സഹായവും ലഭ്യമാകുവാൻ ഇന്ത്യ ഗവൺമെന്‍റിനു സാധികുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെയും ലീഗൽ സർവീസ് ആക്റ്റിന്‍റേയും അടിസ്ഥാനത്തിൽ സൗജന്യ നിയമ സഹായത്തിനുള്ള നടപടികൾ വിദേശ ഇന്ത്യക്കാർക്കും ലഭ്യമാക്കണം എന്നും സാമ്പത്തികമോ മറ്റെന്തെങ്കിലുമോ ആയ കാരണത്താല്‍ നിയമസഹായവും നീതിയും നിഷേധിക്കുന്ന അവസ്ഥ വിദേശ ഇന്ത്യക്കാരുടെ മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതുപോലെ വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും മുഖേന നിയമ സഹായം നൽകുവാനുള്ള പദ്ധതികൾ വളരെ എളുപ്പത്തിൽ കഴിയുമെന്നും പ്രവാസി ലീഗൽ സെൽ നൽകിയ ഹര്ജിയിൽ ചൂണ്ടികാണിക്കുന്നു.