മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയ്ക്ക് (MAV) പുതിയ സാരഥികൾ
Thursday, February 14, 2019 3:45 PM IST
മെല്‍ബണ്‍: തമ്പി ചെമ്മനത്തിന്‍റെ നേതൃത്വത്തിലുള്ള പുതിയ പാനലിനെ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ (MAV) പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഫെബ്രുവരി 10ന് നടന്ന വാർഷിക പൊതുയോഗത്തിലാണ് സംഘടനയ്ക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്. രണ്ടു വർഷമാണ് ഭരണസമിതിക്ക് കാലാവധി.

പ്രസിഡന്‍റ് തമ്പി ചെമ്മനം അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ഫിന്നി മാത്യൂ സ്വാഗതം പറഞ്ഞു. മുൻ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മദനൻ ചെല്ലപ്പൻ അവതരിപ്പിച്ച വരവു ചെലവു കണക്കുകളും പൊതുയോഗം അംഗീകരിച്ചു. നിലവിലെ ഭരണ സമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ്.

നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസത്തിൽ അവശേഷിച്ച പാനലിൽ ഉള്ളവരെ മുൻ പ്രസിഡന്‍റ് തോമസ് വാതപ്പിള്ളി സദസിന് പരിചയപ്പെടുത്തി. 2019-2021 വർഷത്തേക്കുള്ള ഭാരവാഹികളായി ഇവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ജി.കെ. മാത്യൂസ്, പ്രതീഷ് മാർട്ടിൻ ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

തമ്പി ചെമ്മനം, മദനൻ ചെല്ലപ്പൻ, ഉദയ് ചന്ദ്രൻ (ട്രഷറർ), ഷൈജു തോമസ് (വൈസ് പ്രസിഡന്‍റ്), വിപിൻ തോമസ് (ജോയിന്‍റ് സെക്രട്ടറി), ബോബി തോമസ്, മാത്യൂ കുര്യാക്കോസ്, ജോജൻ അലക്സ്, വിഷ്ണു വിശ്വംഭരൻ, ഡോൺ ജോൺസ് അമ്പൂക്കൻ, സതീഷ് പള്ളിയിൽ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

എബി പൊയ്ക്കാട്ടിൽ