മിറാക്കിൾ ഓൺ വീൽസ് വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും
Saturday, April 13, 2019 5:39 PM IST
ന്യൂഡൽഹി: പുഷ്പവിഹാർ അയ്യപ്പസേവാസമിതി നടത്തുന്ന കലാപ്രകടനങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നിർവഹിക്കും. ഏപ്രിൽ 28ന് (ഞായർ) വൈകുന്നേരം 5.30ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ.

വൈകുന്നേരം 5.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റിനു പുറമെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോൻ, അറ്റോർണി ജനറൽ ഓഫ് ഇന്ത്യ കെ.കെ. വേണുഗോപാൽ, സമിതി ഉപദേശക സമിതി അധ്യക്ഷൻ ജസ്റ്റീസ് കെ. രാമമൂർത്തി, ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. മോഹൻ പരാശരൻ, രക്ഷാധികാരി എ.കെ. ഭാസ്കരൻ, പ്രസിഡന്‍റ് കെ.എസ്. വൈദ്യനാഥൻ, ജനറൽ സെക്രട്ടറി എം.പി. സുരേഷ് എന്നിവർ സംസാരിക്കും.

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചു വീൽചെയറിൽ അദ്ഭുതരകരമായ നൃത്തനൃത്യങ്ങൾ കാഴ്ചവയ്ക്കുന്ന കലാപരിപാടികളാണ് മിറാക്കിൾ ഓൺ വീൽസ്. ബംഗളുരുവിലുള്ള സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് ഈ കലാകാരന്മാർ പരിശീലനം നടത്തുന്നത്.

മഹാഭാരതത്തിലേയും രാമായണത്തിലേയും അതുപോലെ സമകാലീന വിഷയങ്ങളെ ആസ്പദമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ള നൃത്തസംഗീത വിരുന്നുകളാണ് ഈ കലാകാരന്മാർ വീൽചെയറിയിൽ ഇരുന്ന് പ്രദർശിപ്പിക്കുക.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിലും ലിംക ബുക്ക് ഓഫ് റിക്കാർഡിലും ഇവർ സ്ഥാനം പിടിച്ചിട്ടുണ്ട്. രാഷ്ട്രപതി ഭവനിലും ഇംഗ്ലണ്ടിലെ ഹൗസ് ഓഫ് കോട്ടൺസ്, കാനഡ പാർലമെന്‍റ് എന്നിവിടങ്ങളിലും ഇവർ പ്രകടനം നടത്തിയിട്ടുണ്ട്.

റിപ്പോർട്ട്:റെജി നെല്ലിക്കുന്നത്ത്