ഡൽഹി മലയാളികൾക്കായി അക്കാദമി സ്ഥാപിക്കാൻ മുൻകൈ എടുക്കും: മനീഷ് സിസോദിയ
Tuesday, April 16, 2019 8:37 PM IST
ന്യൂ ഡൽഹി: കേരളത്തിന്‍റെ സംസ്ക്കാരം പ്രചരിപ്പിക്കാൻ സാധിക്കുന്ന തരത്തിൽ ഡൽഹി സർക്കാർ മുൻകൈയെടുത്ത് മലയാളി അക്കാദമി സ്ഥാപിക്കുമെന്ന് ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. റാഫി മാർഗിലെ മാവാലങ്കാർ ഓഡിറ്റോറിയത്തിൽ ഡൽഹി മലയാളി അസോസിയേഷന്‍റെ ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംഎൽഎ ആയിരിക്കുമ്പോൾ മുതൽ മലയാളികളുടെ പരിപാടികളിൽ പങ്കെടുക്കാറുണ്ടന്നും ഉപമുഖ്യമന്ത്രിയായപ്പോൾ അതിനു വർധനവുണ്ടായെന്നും അതിനാൽ താനും ഡൽഹി മലയാളി അസോസിയേഷന്‍റെ ഭാഗമായ തോന്നലാണുള്ളതെന്നും മലയാളികൾക്ക് വിഷു ദിനാശംസകളും ഡിഎംഎ ദിനാശംസകളും നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

ഡിഎംഎ പ്രസിഡന്‍റ് സി.എ. നായരുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകയായ ബീനാ ബാബുറാമിന് ഡി.എം.എ. വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരവും ഡൽഹി മലയാളി അസോസിയേഷന്‍റ് മുൻ പ്രസിഡന്‍റ് കെ.പി.കെ. കുട്ടിക്ക് ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരവും സമ്മാനിച്ചു. സിവിൽ സർവീസ് പരീക്ഷയിൽ ഡൽഹിയിൽ നിന്നും വിജയികളായ സൂരജ് ഷാജി, ആശിഷ് ചെറിയാൻ സാമുവൽ എന്നിവരെ ആദരിച്ചു. രേഷ്‌മാ രാജൻ, പൂർണിമ നായർ, അഖില എ. മേനോൻ എന്നിവർക്ക് സലിൽ ശിവദാസ് മെമ്മോറിയൽ എഡ്യൂക്കേഷൻ എക്‌സലൻസ് അവാർഡുകൾ നൽകി. കൂടാതെ സമൂഹത്തിൽ ഉയർന്ന സ്ഥാനമാനങ്ങൾ നേടിയ ജോൺ ഫിലിപ്പോസ്, മേജർ ജനറൽ അന്നക്കുട്ടി ബാബു, സീരിയൽ താരം നന്ദന ആനന്ദ് എന്നിവരെയും ചടങ്ങിൽ പൊന്നാട അണിയിച്ചു. ജനുവരിയിൽ നടന്ന കലോത്സവത്തിലെ കലാതിലകം രേഷ്മാ സുരേഷ്, ഭവ്യശ്രീ ബാബു കൂടാതെ ഡി.എം.എ. ടാലന്റ് അവാർഡ് എന്നിവ കരസ്ഥമാക്കിയവരേയും അനുമോദിച്ചു.

കായിക മേളയിൽ ഒന്നാമതെത്തിയ വികാസ്‌പുരി-ഹസ്‌തസാൽ, രണ്ടാമതെത്തിയ മെഹ്‌റോളി, മൂന്നാമതെത്തിയ ദ്വാരക എന്നീ ശാഖകൾക്കും കലോത്സവത്തിൽ ഒന്നാമതെത്തിയ മെഹ്‌റോളി, രണ്ടാം സ്ഥാനത്തെത്തിയ മയൂർ വിഹാർ ഫേസ്-3, മൂന്നാം സ്ഥാനത്തെത്തിയ ദിൽഷാദ് കോളനി, ആർ.കെ. പുരം എന്നീ ശാഖകൾക്കും ചടങ്ങിൽ ട്രോഫികൾ സമ്മാനിച്ചു.

ഡിഡിഎ. ലാൻഡ്സ് കമ്മീഷണർ സുബു ആർ.(ഐഎഎഎസ്), ഡിഎംഎ. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമായ സി. കേശവൻ കുട്ടി, വിനോദിനി ഹരിദാസ്, അഡീഷണൽ ജനറൽ സെക്രെട്ടറിയും ഡിഎംഎ ദിനാഘോഷക്കമ്മിറ്റി കൺവീനറുമായ കെ.പി. ഹരീന്ദ്രൻ ആചാരി, ട്രെഷറർ സി.ബി. മോഹനൻ, ജോയിന്റ് ട്രെഷറർ കെ.ജെ. ടോണി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, ജോയിന്റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.

കേരളാ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്‍റ് ബാബു പണിക്കർ, എൻ.എസ്‌.എസ്. പ്രസിഡന്‍റ് എം.കെ.ജി. പിള്ള, എസ്എൻഡിപി ഡൽഹി യൂണിയൻ മുൻ പ്രസിഡന്‍റ് ടി.പി. മണിയപ്പൻ, സാമൂഹ്യ പ്രവർത്തകനായ രഘുനാഥ് തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഡിഎംഎയുടെ സർഗ പ്രതിഭകളണിയിച്ചൊരുക്കിയ നൃത്ത സംഗീത സായാഹ്നം 'വർണ വിസ്മയ സന്ധ്യ' ആസ്വാദക ഹൃദയങ്ങളിൽ വേറിട്ട അനുഭവമായി.

റിപ്പോർട്ട്: പി.എൻ. ഷാജി