ജര്‍മനിയില്‍ മദ്യത്തിന്‍റേയും പുകയിലയുടെയും ഉപയോഗത്തില്‍ കുറവ്
Thursday, April 18, 2019 11:32 PM IST
ബര്‍ലിന്‍: ജര്‍മനിയില്‍ മദ്യത്തിന്‍റേയും പുകയിലയുടെയും ഉപയോഗത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. രണ്ടു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മദ്യവും പുകയിലയും ഉപയോഗിക്കുന്നവരില്‍ ജര്‍മൻകാർ ഇപ്പോഴും മുന്‍നിരയില്‍ തന്നെ തുടരുന്നു.

ഈ രണ്ട് അഡിക്ഷനുകളില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും ചൂതുകളിക്ക് അടിമകളാകുന്നവരുടെ എണ്ണം കുതിച്ചുയരുന്ന പ്രവണതയും രാജ്യത്ത് ദൃശ്യമാകുന്നുണ്ട്. ജര്‍മന്‍ സെന്‍ട്രല്‍ ഓഫിസ് ഫോര്‍ അഡിക്ഷന്‍ ഇഷ്യൂസാണ് ഇതു സംബന്ധിച്ച പഠനം നടത്തി കണക്കുകള്‍ പുറത്തുവിട്ടത്.

2017ലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ജര്‍മനിക്കാര്‍ പ്രതിവര്‍ഷം ശരാശരി 131 ലിറ്റര്‍ മദ്യം കഴിച്ചിരുന്നു, അതായത് ഏകദേശം ഒരു ബാത്ത് ടബില്‍ കൊള്ളാവുന്നത്ര മദ്യം. പതിനെട്ടിനും അറുപത്തിനാലിനും ഇടയില്‍ പ്രായമായവരില്‍ 7.8 മില്യന്‍ പേര്‍ കടുത്ത മദ്യപാനികളാണെന്നും കണ്ടെത്തിയിരുന്നു.

പോലീസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, 231,300 കുറ്റകൃത്യങ്ങള്‍ മദ്യത്തിന്‍റെ സ്വാധീനത്തില്‍ ചെയ്തിട്ടുണ്ട്. രാജ്യത്ത് ഒരു വർഷം നടക്കുന്ന ആകെ കുറ്റകൃത്യങ്ങളില്‍ 11 ശതമാനം വരും ഇത്.

മദ്യത്തിന്‍റെ പരസ്യങ്ങള്‍ നിരോധിക്കുക, വില കുത്തനെ ഉയര്‍ത്തുക, മദ്യപിക്കാവുന്ന കുറഞ്ഞ പ്രായം പതിനെട്ടായി ഉയര്‍ത്തുക തുടങ്ങിയ ശിപാര്‍ശകളാണ് ഈ പ്രതിസന്ധി നേരിടാൻ റിപ്പോര്‍ട്ട് മുന്നോട്ടു വച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ