കൊളോണിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ തിരുനാളിന് കൊടിയേറി
Saturday, July 6, 2019 9:19 PM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്‍റെ മുപ്പത്തിയൊൻപതാമത്തെ തിരുനാളിനും ഭാരത അപ്പസ്തോലൻ മാർത്തോമ ശ്ളീഹായുടെ തിരുനാളിനും ഈ വർഷത്തെ ഇടവക ദിനത്തിനും ജൂലൈ 6 ന് (ശനി) വൈകുന്നേരം 5 ന് തുടക്കം കുറിച്ചു.

ശുശ്രൂഷകൾക്ക് ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കാർമികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടർന്നു നടപ്പുവർഷത്തെ പ്രസുദേന്തി ഹാനോ തോമസ് മൂർ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുൻ പ്രസുദേന്തിമാരുടെ അകന്പടിയിൽ പള്ളിയിൽ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്നേഷ്യസ് അച്ചൻ കൊടിയേറ്റിയത്. യൂത്ത് കൊയറിന്‍റെ ഗാനാലാപനം ഭക്തിനിർഭരമായി. കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയിൽ പള്ളിയിലെ അൾത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവർണ തോരണങ്ങളാൽ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വർണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാർ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിക്കും.

ജൂലൈ 7 നാണ് (ഞായർ) തിരുനാളിന്‍റെ മുഖ്യപരിപാടികൾ. യൂറോപ്പിന്‍റെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യകാർമികത്വത്തിൽ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയിൽ നിരവധി വൈദികർ സഹകാർമികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേർച്ചവിളന്പ്, ഉച്ചഭക്ഷണം എന്നിവയും നടക്കും.

ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലിന് കമ്യൂണിറ്റിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിയാഘോഷങ്ങൾ കൊളോണ്‍ അതിരൂപത സഹായ മെത്രാൻ ഡോ. ഡൊമിനിക്കുസ് ഷ്വാഡെർലാപ്പ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികൾക്കൊപ്പം സമാപന സമ്മേളനവും ലോട്ടറി നറുക്കെടുപ്പും നടക്കും. തിരുനാളിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി നൂറ്റിഇരുപത്തിയഞ്ചോളം അംഗങ്ങളുള്ള വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു.

ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സൻ, ആഹൻ എന്നീ രൂപതകളിലെയും ഇന്ത്യക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള കമ്യൂണിറ്റിയുടെ പ്രവർത്തനം 1970 ലാണ് ആരംഭിച്ചത്. സുവർണജൂബിലി നിറവിലേയ്ക്കു കടക്കുന്ന കമ്യൂണിറ്റിയിൽ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങൾ അംഗങ്ങളായുണ്ട്. കഴിഞ്ഞ പത്തൊൻപതു വർഷമായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കമ്യൂണിറ്റി ചാപ്ളെയിനായി സേവനം ചെയ്യുന്നു.

ചങ്ങനാശേരി, നാലുകോടി സ്വദേശി വെട്ടികാട് കടുത്താനം ഹാനോ തോമസ് മൂർ കുടുംബം ആണ് ഈ വർഷത്തെ പ്രസുദേന്തി. ഭാര്യ വിജി. തിലോ, തിർസ, തേവ്സ് എന്നിവർ മക്കളാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ